കുഴികൾ നിറഞ്ഞ്​ കോട്ടയം​; മഴയിൽ കുതിർന്ന്​ ദുരിതയാത്ര

കോട്ടയം: മൂന്നു ദിവസമായി തിമിർത്ത് പെയ്യുന്ന മഴയിൽ നഗരത്തിലെ പ്രധാനറോഡുകളിലും ഉപറോഡുകളിലും കുഴികൾ നിറഞ്ഞു. എം.സി റോഡിൽ നാട്ടകം മുതൽ നാഗമ്പടംവരെയുള്ള ഭാഗങ്ങളിൽ വൻഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. അടുത്തിടെ അത്യാധുനികനിലവാരത്തിൽ പണിപൂർത്തിയാക്കിയ കോടിമത നാലുവരിപ്പാതയിലും കുണ്ടും കുഴിയും നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടു. ഒാടകൾ പൂർണമായും അടഞ്ഞത് കാൽനടക്കാർ അടക്കമുള്ളവർക്ക് ദുരിതം ഇരട്ടിയാക്കി. ധിറുതിയിൽ ടാറിങ് ഉൾപ്പെടെയുള്ള റോഡ് നവീകരണം പൂർത്തിയാക്കിയ സ്ഥലങ്ങളിൽ മെറ്റലുകൾ ചിതറിയ നിലയിലാണ്. നിർമാണത്തിലെ അപാകതയാണ് ടാറിങ് നടത്തിയ ഭാഗം പൊളിയാൻ കാരണമെന്ന് ആക്ഷേപമുണ്ട്. കനത്തമഴയിൽ കോട്ടയം നഗരവും വെള്ളക്കെട്ടിലായതോടെ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. കോടിമത, ബേക്കർ ജങ്ഷൻ, നാഗമ്പടം എന്നിവിടങ്ങളിൽ വാഹനങ്ങളുടെ നീണ്ടനിരയായിരുന്നു. ടാറിങ്ങിലെ അശാസ്ത്രീയതയാണ് കുഴികൾ പെരുകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. മണിപ്പുഴയിലെ കുഴി താൽക്കാലികമായി മൂടിയെങ്കിലും നാലുവരിപ്പാതയിലെ കുഴികൾ വില്ലനാകുന്നു. നഗരത്തിലേക്കുള്ള പ്രധാനകവാടമായ നാഗമ്പടം, ബേക്കർ ജങ്ഷൻ എന്നിവിടങ്ങളിൽ കുഴിക്കൊപ്പം ടാറിങ് ഇളകിയതും ഗതാഗതതടസ്സത്തിന് ഇടയാക്കുന്നു. ശാസ്ത്രി റോഡിൽ ടാറിങ് പൂർത്തിയാക്കിയിട്ടും കാൽനടപോലും അസാധ്യമാക്കിയ വെള്ളക്കെട്ട് വാഹനയാത്രക്കാർക്ക് ദുരിതമാണ് സമ്മാനിച്ചത്. കാൽനടക്കാരുടെ ദേഹത്തേക്ക് ചളിനിറഞ്ഞ വെള്ളം തെറിക്കുന്ന സ്ഥിതിവിശേഷമാണ്. ജലമൊഴുകേണ്ട ഒാട അടഞ്ഞതാണ് പ്രധാന തടസ്സം. മുനിസിപ്പൽ പാർക്കി​െൻറ നവീകരണവുമായി ബന്ധപ്പെട്ട് മണ്ണ് ഒാടയിൽ അടിഞ്ഞുകൂടിയതും പ്രശ്നമാണ്. തടസ്സം തീർത്ത് ഉപറോഡുകളും പാലങ്ങളും കോട്ടയം: ഗതാഗതക്കുരുക്കിൽപെട്ട് നട്ടം തിരിയുന്ന വാഹനങ്ങൾക്ക് സഹായകരമാകുന്ന ഉപറോഡുകളും പൂർണമായും തകർന്നു. റെയിൽവേ മേൽപാലം നിർമാണം നടക്കുന്ന നാഗമ്പടത്ത് റോഡിലേക്ക് ഇറങ്ങിയുള്ള നിർമാണപ്രവർത്തനംമൂലം ബസുകൾ അടക്കമുള്ള വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഒന്നരവർഷംമുമ്പ് നിർമാണം പൂർത്തിയാക്കിയിട്ടും ടാറിങ് നടത്താത്ത ഇൗരയിൽക്കടവ്-മണിപ്പുഴ റോഡ്, രണ്ട് ജീവനുകളും നിരവധി അപകടങ്ങളും വരുത്തിയിട്ടും നിർമാണം ഇഴയുന്ന നാഗമ്പടം റെയിൽവേ മേൽപാലം, നിർമാണം പാതിവഴിയിൽ നിലച്ച കോടിമത പുതിയപാലം, ബലക്ഷയത്തെ തുടർന്ന് തുറന്നുകൊടുക്കാത്ത നീലിമംഗലം പാലം, ആദ്യഘട്ടം പൂർത്തിയാക്കിയ മുള്ളൻകുഴി റെയിൽവേപാലം എന്നിവയുടെ പ്രയോജനം ഇതുവരെ കിട്ടാത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.