തൃശൂർ: ബി.ജെ.പിയുമായുള്ള ബന്ധം ശരിയല്ലെന്നും എൻ.ഡി.എ സഖ്യം അവസാനിപ്പിക്കണമെന്നും ബി.ഡി.ജെ.എസിന് എസ്.എൻ.ഡി.പി ഘടകങ്ങളുടെ സമ്മർദം. കഴിഞ്ഞ ദിവസം എൻ.ഡി.എ യോഗത്തിൽ ബി.ഡി.ജെ.എസ് പങ്കെടുക്കാതിരുന്നത് ഘടകങ്ങളുടെ സമ്മർദം ശക്തമായ സാഹചര്യത്തിലാണെന്നാണ് സൂചന. തൃശൂർ, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലെ എസ്.എൻ.ഡി.പി ഘടകങ്ങളാണ് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനോട് ബി.ജെ.പി ബന്ധം അവസാനിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചത്. ബി.ജെ.പിയുമായുള്ള ബന്ധം നഷ്ടമാണുണ്ടാക്കിയതെന്നും സാമുദായിക സൗഹൃദത്തിൽ വിള്ളൽ വീണുവെന്നും പ്രാദേശിക ബന്ധങ്ങളിൽ അകൽച്ചയുണ്ടായെന്നും വെള്ളാപ്പള്ളിയെ ഘടകങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. വാഗ്ദാനങ്ങൾ ബി.ജെ.പി പാലിച്ചില്ലെന്ന വിമർശനം ഏറെ നാളായി എസ്.എൻ.ഡി.പിയിൽ പുകയുന്നുണ്ടായിരുന്നു. കഴിഞ്ഞ ദിവസം തൃശൂരിൽ േചർന്ന എൻ.ഡി.എയുടെ ജില്ല യോഗത്തിൽ പങ്കെടുക്കാതിരുന്നതിന് പിന്നാലെ എൻ.ഡി.എ സംസ്ഥാന യോഗത്തിൽനിന്ന് ബി.ഡി.ജെ.എസ് വിട്ടുനിന്നു. സംസ്ഥാന സർക്കാറിനും സി.പി.എമ്മിനുമെതിരെ ജില്ല കേന്ദ്രങ്ങളിൽ എൻ.ഡി.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലും ബി.ഡി.ജെ.എസ് പങ്കെടുത്തിരുന്നില്ല. ബി.ജെ.പിയെ കുരുക്കിലാക്കിയ മെഡിക്കൽ കോഴ ആരോപണത്തിന് പിന്നാലെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് വെള്ളാപ്പള്ളി നടേശൻ രംഗത്തുവന്നിരുന്നു. എസ്.എൻ.ഡി.പി വിഭാഗത്തിന് ഏറെ സ്വാധീനമുള്ള ജില്ലകളാണ് പാലക്കാടും ആലപ്പുഴയും പത്തനംതിട്ടയും കൊല്ലവും തൃശൂരും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ഡി.ജെ.എസുമായുള്ള സഖ്യം നേട്ടമായെന്ന് ബി.ജെ.പി നേതാക്കൾ പരസ്യമായിത്തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, തെരഞ്ഞെടുപ്പിനുമുമ്പ് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാതിരുന്നത് എസ്.എൻ.ഡി.പി യോഗം പ്രവർത്തകരെ പ്രകോപിപ്പിച്ചു. ഇടതുപക്ഷവുമായി സഹകരിക്കണമെന്ന വെള്ളാപ്പള്ളിയുടെ നിലപാടിനെ ഇൗ വിഭാഗം പിന്തുണക്കുന്നുവെന്നാണ് സൂചന. ഇതിനിടെ, ബി.ഡി.ജെ.എസുമായുള്ള ബന്ധം അവസാനിപ്പിക്കാൻ യോഗക്ഷേമസഭ തീരുമാനിച്ചു. ബി.ഡി.ജെ.എസിെൻറ സംസ്ഥാന വൈസ് പ്രസിഡൻറ് പദവി രാജിവെക്കാൻ അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന് സഭ നിർദേശം നൽകി. ബി.ഡി.ജെ.എസ് പാർട്ടി പ്രഖ്യാപനത്തിെൻറ ഭാഗമായി വെള്ളാപ്പള്ളി നടേശൻ സംഘടിപ്പിച്ച 'സമത്വമുന്നേറ്റ യാത്ര'യിൽ സഹകരിച്ചത് യോഗക്ഷേമസഭയിൽ കടുത്ത ഭിന്നിപ്പുണ്ടാക്കിയിരുന്നു. സംസ്ഥാന പ്രസിഡൻറായിരുന്ന അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിനെ പദവിയിൽനിന്ന് നീക്കി രാഷ്ട്രീയ സെൽ കമ്മിറ്റിയുടെ കൺവീനറാക്കി അന്ന് താൽക്കാലിക പരിഹാരം ഉണ്ടാക്കുകയായിരുന്നു. ബി.ജെ.പിയുമായുള്ള സഖ്യം ഒഴിവാക്കാനാണ് ബി.ഡി.ജെ.എസ് ബന്ധം ഒഴിവാക്കാൻ യോഗക്ഷേമസഭ നിർദേശിച്ചതെന്നാണ് സഭാനേതൃത്വം നൽകുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.