നെടുങ്കണ്ടം: കാൽനൂറ്റാണ്ടോളമായി ആരും തിരിഞ്ഞുനോക്കാതെ മുണ്ടിയെരുമയിൽ സർക്കാർ ഭൂമിയും കെട്ടിടങ്ങളും കാടുകയറി നശിക്കുന്നു. നെടുങ്കണ്ടം-തൂക്കുപാലം റോഡരികിൽ മുണ്ടിയെരുമയിലാണ് ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി റവന്യൂ ഭൂമിയും കെട്ടിടങ്ങളും നശിക്കുന്നത്. മുണ്ടിയെരുമയിൽ ഗവ. എൽ.പി സ്കൂളിനും ബസ് സ്റ്റോപ്പിനും സമീപത്താണ് ഇഴജന്തുക്കളുടെ വാസസ്ഥലം. പാമ്പാടുംപാറ വില്ലേജ് ഓഫിസിന് എതിർവശത്താണ് ഈ റവന്യൂ ഭൂമിയും രണ്ട് കെട്ടിടവും അധികൃതർ തിരിഞ്ഞുനോക്കാതെ നശിക്കുന്നത്. കെട്ടിടങ്ങൾ സാമൂഹിക വിരുദ്ധർ താവളമാക്കിയിരിക്കുകയാണ്. പകൽപോലും ഈ കെട്ടിടങ്ങൾക്കുള്ളിൽ മദ്യപാനവും മറ്റ് അനാശാസ്യപ്രവർത്തനങ്ങളും നടക്കുന്നതായാണ് പരാതി. രണ്ടര പതിറ്റാണ്ടോളമായി ഈ കെട്ടിടങ്ങൾ റവന്യൂ അധികൃതർ ഉപേക്ഷിച്ച മട്ടിലാണ്. ഒരു കെട്ടിടത്തിൽ വില്ലേജ് ഓഫിസും മറ്റൊന്നിൽ പൊലീസ് സ്റ്റേഷനുമാണ് മുമ്പ് പ്രവർത്തിച്ചിരുന്നത്. പൊലീസ് സ്റ്റേഷൻ നെടുങ്കണ്ടത്തേക്കും വില്ലേജ് ഓഫിസ് മുണ്ടിയെരുമയിൽ തന്നെ മറ്റൊരു കെട്ടിടത്തിലേക്കും മാറ്റിയതോടെ ഈ കെട്ടിടങ്ങളെപ്പറ്റി പിന്നീട് ആരും ചിന്തിച്ചിട്ടില്ല. മുണ്ടിയെരുമയിൽ പല സർക്കാർ ഓഫിസുകളും അസൗകര്യങ്ങൾക്ക് നടുവിലാണ് പ്രവർത്തിക്കുന്നത്. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഈ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണി തീർത്ത് സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കാവുന്നതാണ്. ആരും തിരിഞ്ഞുനോക്കാനില്ലാത്തത് സാമൂഹിക വിരുദ്ധർക്ക് തുണയായി. ചിന്നാർ ജലവൈദ്യുതി പദ്ധതി നവംബറിൽ: പ്രാരംഭ നടപടി പൂർത്തിയായി ചെറുതോണി: ചിന്നാർ ജലവൈദ്യുതി പദ്ധതി നവംബറിൽ ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയായി. 269 കോടി ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി നാലുവർഷത്തിനകം പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. പള്ളിവാസൽ വിപുലീകരണം, തൊട്ടിയാർ, ചെങ്കുളം ഓഗ്മെേൻറഷൻ, അപ്പർ കല്ലാർ തുടങ്ങിയ പദ്ധതികൾക്ക് പുറമെയാണ് പുതിയ പദ്ധതി. മങ്കുവ ആറടിക്കെട്ടിൽ പാലത്തിെൻറ മുകൾഭാഗത്ത് 114 മീറ്റർ നീളവും ഒമ്പതു മീറ്റർ ഉയരവുമുള്ള അണക്കെട്ട് നിർമിച്ച് അതിൽനിന്നുള്ള വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാനാണ് തീരുമാനം. ഡാമിൽ സംഭരിക്കുന്ന വെള്ളം 3.16 കി.മീ. നീളമുള്ള ടണലിലൂടെ പനംകൂട്ടിയിലെത്തിച്ച് 600 മീറ്റർ പെൻസ്റ്റോക്കിലൂടെ കടത്തിവിട്ട് അവിടെ സ്ഥാപിക്കുന്ന പവർഹൗസിൽനിന്ന് വൈദ്യുതി ഉൽപാദിപ്പിക്കും. ബാക്കി വരുന്ന വെള്ളം ലോവർപെരിയാറ്റിലേക്ക് തന്നെ ഒഴുക്കിവിടും. കല്ലാർ- ഇരട്ടയാർ പുഴകളുടെ വൃഷ്ടിപ്രദേശത്ത് കെട്ടിനിൽക്കുന്ന വെള്ളമാണ് ഉപയോഗിക്കുക. പഴയ പെരിഞ്ചാംകുട്ടി പദ്ധതിയുടെ ചെറിയ പതിപ്പാണിതെന്ന് ബോർഡ് അധികൃതർ പറഞ്ഞു. ടണൽ നിർമാണത്തിനുള്ള ടെൻഡർ കഴിഞ്ഞ ആഗസ്റ്റിൽ വിളിച്ചിരുന്നു. ഇപ്പോൾ നിർമാണപ്രവൃത്തികളുടെ ടെൻഡറാണ് വിളിച്ചിരിക്കുന്നത്. 2008ലാണ് പദ്ധതിയുടെ പ്രാഥമിക നടപടികൾ തുടങ്ങിയത്. തുടക്കത്തിൽ സ്ഥലമെടുപ്പിനെതിരെ കർഷകരിൽനിന്ന് വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതുമൂലമാണ് പദ്ധതി മുടങ്ങിയത്. പദ്ധതി നടപ്പാക്കുന്നതിനുവേണ്ട 16 ഹെക്ടറിൽ 14 ഹെക്ടർ സ്ഥലം ഏറ്റെടുത്ത് കർഷകർക്ക് നഷ്ടപരിഹാരം നൽകി. കൊന്നത്തടി -വാത്തിക്കുടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ചിന്നാർപുഴയുടെ ആറടിക്കെട്ട് ഭാഗത്താണ് പുതിയ ഡാം ഉയരുന്നത്. 24 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ് പദ്ധതി. വാർഷികാഘോഷം തൊടുപുഴ: ജൂനിയർ ചേംബർ ഇൻറർനാഷനൽ തൊടുപുഴയുടെ സുവർണ ജൂബിലിയുടെ ഭാഗമായുള്ള വാർഷികാഘോഷം സെപ്റ്റംബർ 17ന് പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 5.30ന് മാടപ്പറമ്പിൽ റിസോർട്ടിൽ നടക്കുന്ന യോഗത്തിൽ മുനിസിപ്പൽ ചെയർപേഴ്സൺ സഫിയ ജബ്ബാർ മുഖ്യാതിഥിയാകും. കേരളത്തിലെ വിവിധ ചാപ്റ്ററുകളിലെ 500ൽപരം പ്രവർത്തകരും നേതാക്കളും പങ്കെടുക്കും. ജെ.സി.ഐ തൊടുപുഴയുടെ മുൻകാല പ്രസിഡൻറുമാരെയും മുൻ സോൺ പ്രസിഡൻറുമാരെയും ആദരിക്കും. ജെ.സി.ഐ തൊടുപുഴ നടപ്പാക്കുന്ന സ്വപ്നക്കൂട് പദ്ധതിയിൽ പൂർത്തിയാക്കിയ വീടിെൻറ താക്കോൽദാനം പി.ജെ. ജോസഫ് എം.എൽ.എ നിർവഹിക്കും. ഭാരവാഹികളായ ഡോ. ഏലിയാസ് തോമസ്, ഡാനി എബ്രഹാം, ഡോ. ഷെറീജ് ജോസ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.