കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വീണ്ടും ഹൈകോടതിയെ സമീപിക്കുമെന്ന പ്രതീക്ഷ തെറ്റിച്ച് നടൻ ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യഹരജി നൽകിയതിൽ നിയമവൃത്തങ്ങളിൽ ഉൾപ്പെടെ അമ്പരപ്പ്. രണ്ടുവട്ടം ജാമ്യം തള്ളിയ സാഹചര്യത്തിൽ മൂന്നാമതും ഹൈകോടതിയിൽതന്നെയാകും ഹരജി നൽകുകയെന്ന സാധ്യത നിലനിൽക്കേ ദിലീപിെൻറ ഭാഗത്തുനിന്നുണ്ടായത് അപ്രതീക്ഷിത നീക്കമാണ്. രണ്ടാഴ്ച മുമ്പ് ഹൈകോടതി രണ്ടാം ജാമ്യം തള്ളിയപ്പോൾ ഇനി സുപ്രീംകോടതിയിലേക്കോ അതോ വീണ്ടും ഹൈകോടതിയിലേക്കോ എന്ന ചോദ്യമാണ് ഉയർന്നിരുന്നത്. എന്നാൽ, മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുമെന്ന സൂചനപോലും ഉണ്ടായിരുന്നില്ല. മജിസ്ട്രേറ്റ് കോടതിയിൽ ജാമ്യഹരജി നൽകിയത് പ്രേത്യക ലക്ഷ്യത്തോടെയാണെന്നാണ് നിയമവിദഗ്ധർ വിലയിരുത്തുന്നത്. അറസ്റ്റിലായി 60 ദിവസം കഴിഞ്ഞെന്നും ഇതുവരെ കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ ജാമ്യത്തിന് അർഹതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരിക്കുന്നത്. പത്തുവർഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യത്തിനാണ് 60 ദിവസത്തിനുശേഷം ജാമ്യത്തിന് അർഹതയുള്ളത്. പത്തുവർഷത്തിലേറെ തടവ്, ജീവപര്യന്തം, വധശിക്ഷ തുടങ്ങിയവ ലഭിക്കാൻ സാധ്യതയുള്ള കേസുകളിൽ കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ 90 ദിവസമാണ് സ്വാഭാവികജാമ്യം ലഭിക്കാനുള്ള കാലപരിധി. കൂട്ടബലാത്സംഗ കുറ്റം ദിലീപിനെതിരെ നിലനില്‍ക്കുന്നതെല്ലന്ന് ചൂണ്ടിക്കാട്ടിയാണ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിട്ടുള്ളത്. നടിക്കെതിരായ കുറ്റകൃത്യത്തില്‍ ദിലീപ് നേരിട്ട് പങ്കെടുത്തിട്ടില്ല. ഇതിെൻറ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയത്. പത്തുവർഷത്തിൽ താഴെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യം മാത്രമാണ് ദിലീപിനെതിരെ നിലനിൽക്കുന്നതെന്നാണ് വാദം. ഒരുതവണ ഹൈകോടതി ജാമ്യം നിഷേധിച്ചാൽ ഇതേ പ്രതി തുടർന്ന് നൽകുന്ന ജാമ്യഹരജികളെല്ലാം അതേ ബെഞ്ചുതന്നെ പരിഗണിക്കണമെന്ന ഫുൾബെഞ്ച് തീരുമാനം നിലവിലുണ്ട്. രണ്ടുതവണ പരിഗണിച്ച അതേ ബെഞ്ചുതന്നെയാകും ഇനി ഹൈകോടതിയെ സമീപിച്ചാലും ഹരജി പരിഗണിക്കുക. മജിസ്ട്രേറ്റ് കോടതി 167 (2) എ (2) വകുപ്പ് പ്രകാരം ജാമ്യഹരജി പരിഗണിച്ച് തള്ളിയശേഷം ഹൈകോടതിയെ സമീപിച്ചാൽ ആദ്യ ബെഞ്ചുതന്നെ ഇത് പരിഗണിക്കണമെന്ന തീരുമാനം ബാധകമാവില്ലെന്ന വാദമുണ്ട്. എന്നാൽ, ഏതുവകുപ്പ് അനുസരിച്ച് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാലും ഹൈകോടതിയിൽ പഴയ ബെഞ്ചുതന്നെ ജാമ്യഹരജി കേൾക്കണമെന്ന നിബന്ധനയിൽ മാറ്റമുണ്ടാകില്ലെന്നാണ് ഭൂരിപക്ഷം നിയമ പണ്ഡിതരും ചൂണ്ടിക്കാട്ടുന്നത്. മജിസ്ട്രേറ്റ് കോടതി ജാമ്യഹരജി തള്ളിയാൽ നേരിട്ട് ഹൈകോടതിയെ സമീപിക്കണമെന്ന് നിർബന്ധവുമില്ല. സെഷൻസ് കോടതിയെ സമീപിച്ച് ജാമ്യം തേടാനുള്ള അവസരമുള്ളതായും ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.