കൽപറ്റ: ഒാരോ ദിവസവും നിശ്ശബ്ദമായി കുതിച്ചുയരുന്ന ഇന്ധനവിലവർധനവിനെതിരെ ശബ്ദമുയർത്താൻ നവമാധ്യമങ്ങളിലൂടെ ആഹ്വാനം. രാഷ്ട്രീയത്തിനതീതമായി സാധാരണക്കാരായ ജനങ്ങൾ ഇന്ധനവിലവർധനക്കെതിരെ സെപ്റ്റംബർ 22ന് കരിദിനം ആചരിക്കുന്നുവെന്ന കാമ്പയിനാണ് ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്. നാലുദിവസം മുമ്പ് തുടങ്ങിയ ഈ കാമ്പയിന് വൻപിന്തുണയാണ് ഇതിനകം മലയാളികളിൽനിന്ന് ലഭിക്കുന്നത്. ഇന്ധനവിലവർധനവിനെതിരെ സാധാരണ ജനങ്ങളുടെ പ്രതിഷേധം എന്ന പേരിൽ ഫേസ്ബുക്ക് പേജും തുടങ്ങിയിട്ടുണ്ട്. തൃശൂർ സ്വദേശിയായ ജാക്സൺ ചുങ്കത്താണ് ഇത്തരമൊരു പ്രതിഷേധം തുടങ്ങാനുള്ള തീരുമാനവുമായി 'പ്രൊട്ടസ്റ്റ് ഫ്യൂവൽ ഹൈക്' എന്ന പേരിൽ വാട്സ് ആപ് ഗ്രൂപ്പ് തുടങ്ങി 22ന് കരിദിനം ആചരിക്കുന്നു എന്ന പേരിൽ ഫേസ്ബുക്കിലൂടെയും മറ്റും പ്രചാരണം തുടങ്ങിയത്. ഇത് ജനങ്ങൾ ഏറ്റെടുത്തതോടെ ജില്ലതലങ്ങളിൽ പ്രത്യേകം വാട്സ്ആപ് ഗ്രൂപ്പുകൾ ഉണ്ടാക്കി ഒരോ ജില്ലയിലും അഡ്മിൻമാരെ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തുകയായിരുന്നുവെന്ന് ജാക്സൻ ചുങ്കത്ത് 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ലതലത്തിലും താലൂക്ക്് തലത്തിലും വാട്സ്ആപ് ഗ്രൂപ്പുകളുണ്ട്. അതാത് താലൂക്കിലുള്ളവർ യോഗം ചേർന്ന് 22ന് പ്രതിഷേധത്തിൽ പങ്കാളികളാകാം. ഒറ്റയടിക്ക് വിലവർധിപ്പിക്കുമ്പോഴുണ്ടാകുന്ന പ്രതിഷേധങ്ങളൊഴിവാക്കാനാണ് ഒാരോദിവസവുമുള്ള വർധനവ് സർക്കാർ നടപ്പാക്കിയതെന്നും ഇതിനെതിരെ പ്രതികരിക്കാൻ പൊതുജനം തയാറാകണമെന്നുമുള്ള ഉദ്ദേശ്യത്തിലാണ് കാമ്പയിൻ ആരംഭിച്ചത്. ഒരുതരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യവും ഇതിന് പിന്നിലില്ലെന്നും ഗ്രൂപ്പുകളിൽ രാഷ്ട്രീയം പറഞ്ഞ് സമരത്തിെൻറ ഉദ്ദേശ്യത്തെ തകർക്കുന്നവരെ ഉടനടി ഗ്രൂപ്പുകളിൽനിന്ന് പുറത്താക്കുന്നതാണ് രീതിയെന്നും ജാക്സൻ വ്യക്തമാക്കി. മുംബൈ, ഡൽഹി എന്നിവിടങ്ങളിലെയും വിദേശത്തുള്ള പ്രവാസി മലയാളികളും പ്രതിഷേധത്തിെൻറ ഭാഗമാകുന്നുണ്ട്. ഉയരാൻ മടിക്കുന്ന കരങ്ങൾ അടിമത്തത്തിേൻറതാണ് എന്ന് പറഞ്ഞാണ് പ്രതിഷേധിക്കാനുള്ള കുറിപ്പ് തുടങ്ങുന്നത്. രാഷ്ട്രീയ പാർട്ടികൾ വിലവർധനയിൽ പ്രതിഷേധിക്കുന്നില്ല. അതിനാൽ പൊതുജനം സ്വയം പ്രതിഷേധിക്കുന്നു. ആരെയും നിർബന്ധിക്കുന്നില്ലെന്നും സ്വയം സന്നദ്ധമായി ആർക്കും പ്രതിഷേധിക്കാമെന്നും വ്യക്തമാക്കുന്നുണ്ട്. 22ന് കറുത്ത ബാഡ്ജ്, കറുത്ത വസ്ത്രം, വാഹനങ്ങളിൽ കറുത്ത കൊടി, സോഷ്യൽ മീഡിയയിൽ കറുത്ത കൊടി, പൊതുസ്ഥലങ്ങളിലും പെട്രോൾ പമ്പുകളിലും കറുത്ത ബാഡ്ജ് വിതരണം, കറുത്ത കുട പിടിച്ചുനിൽക്കൽ, മക്കളുടെ യൂനിഫോമിൽ കറുത്ത ബാഡ്ജ് അണിയിക്കുക, ബൈക്ക് റാലി, ബസുകളിൽ കറുത്ത കൊടി തുടങ്ങിയ ഏതുരീതിയിലും പരിപാടിയുമായി സഹകരിക്കാം. പല ജില്ലകളിലും ഇതിനകം പ്രതിഷേധ പരിപാടികൾ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. ഒൗദ്യോഗിക പ്രതിഷേധ ഗ്രൂപ്പിന് പുറമെ പ്രാദേശിക ഗ്രൂപ്പുകളിലും ഈ സന്ദേശം ചർച്ചയായിട്ടുണ്ട്. വയനാട്ടിലുള്ള ഗ്രാമീണ പ്രദേശങ്ങളിലെ ഗ്രൂപ്പുകളിൽപോലും കറുത്ത തുണി വാങ്ങി ബാഡ്ജ് ഉണ്ടാക്കി അണിയണമെന്നും കടകളിൽ കറുത്ത കൊടി കെട്ടണമെന്നുമൊക്കെയുള്ള ചർച്ചകൾ സജീവമാണ്. കൽപറ്റ പിണങ്ങോടുള്ള വാട്സ്ആപ് കൂട്ടായ്മയായ പിണങ്ങോടിയൻസ് കറുത്ത ബാഡ്ജ് നൽകിയും കടകളിൽ കറുത്ത കൊടി കെട്ടിയും പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറയുമ്പോഴും രാജ്യത്ത് പെട്രോൾ വില കുതിക്കുകയാണ്. കഴിഞ്ഞ രണ്ടുമാസം കൊണ്ട് ഏഴുരൂപയോളമാണ് പെട്രോളിന് കൂടിയത്. -ജിനു എം. നാരായണൻ WDG1 ഇന്ധനവിലവർധനവിനെതിരെ നവമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.