പുറം വൈദ്യുതിക്ക്​ വില ഇരട്ടി: ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചു; പ്രതിസന്ധി ഒരാഴ്ചകൂടി

മൂലമറ്റം (ഇടുക്കി): പുറമെനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വില വർധിച്ചതിനെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധി ഒരാഴ്ചകൂടി തുടരും. കൽക്കരി ക്ഷാമം മൂലമാണ് സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിക്കുന്ന വൈദ്യുതിക്ക് വില കുത്തനെ വർധിച്ചത്. മഴ മൂലം കൽക്കരി ലഭ്യത കുറഞ്ഞത്, താപവൈദ്യുതി നിലയങ്ങളിലെ നിരക്ക് വർധനയിൽ കലാശിച്ചു. രണ്ട് ഇരട്ടിയിലധികമാണ് വർധന. യൂനിറ്റിന് 3.60 രൂപക്ക് ലഭിച്ചിരുന്ന വൈദ്യുതി െചാവ്വാഴ്ച ലഭിച്ചത് 9.60 രൂപക്കാണ്. തുടർന്ന് പുറം വൈദ്യുതിയിൽ കുറവ് വരുത്തി, ആഭ്യന്തര ഉൽപാദനം വർധിപ്പിച്ചാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്. മഴ കുറവും ഡാമുകളിൽ ജലനിരപ്പ് മെച്ചപ്പെട്ട നിലയിലല്ലാത്തതും ജലവൈദ്യുതി ഉൽപാദനം കൂട്ടുന്നത് പ്രതിസന്ധിയിലേക്ക് നയിക്കും. എന്നാൽ, വൻ വിലയിൽ പുറം വൈദ്യുതി വാങ്ങി മുൻകരുതലെടുക്കുന്നത് വലിയ ബാധ്യതയാകും വരുത്തിവെക്കുക. ചൊവ്വാഴ്ച കേരളത്തിലെ വൈദ്യുതി ഉപഭോഗം 66.36 ദശലക്ഷം യൂനിറ്റാണ്. ഇതിൽ 41.22 ദശലക്ഷം യൂനിറ്റ് വൈദ്യുതിയും പുറത്തുനിന്ന് വാങ്ങിയപ്പോൾ 25.14 ദശലക്ഷം യൂനിറ്റ് കേരളത്തിൽ ഉൽപാദിപ്പിച്ചു. മാസങ്ങളായി ശരാശരി ജലവൈദ്യുതി ഉൽപാദനം 16 ദശലക്ഷം യൂനിറ്റാണ്. കേരളത്തിൽ ഉപയോഗിക്കുന്നതി​െൻറ 30 ശതമാനം വൈദ്യുതി മാത്രേമ സംസ്ഥാനത്ത് ഉൽപാദിപ്പിക്കപ്പെടുന്നുള്ളൂ. 70 ശതമാനവും പുറമെനിന്ന് വാങ്ങുകയാണ്. ഇതിൽ ഏറിയ പങ്കും ചെറിയ നിരക്കിൽ മുൻകൂർ കരാറിലൂടെ ലഭ്യമാക്കുന്നു. കരാറുള്ള സംസ്ഥാനങ്ങളിൽ മഴക്ക് ശമനം വന്നുതുടങ്ങിയ സാഹചര്യത്തിൽ ഒരാഴ്ചക്കിടെ പഴയ നിലയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ ഗ്രൂപ് ഒന്നിലും ഗ്രൂപ് രണ്ടിലും ഉൾപ്പെടുന്ന ഡാമുകളിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ ജലനിരപ്പ് ഉണ്ടെങ്കിലും ഇടുക്കി, പമ്പ, കക്കി, ഇടമലയാർ, കുണ്ടള തുടങ്ങിയ പ്രധാന ഡാമുകളിൽ ജലനിരപ്പ് കുറവാണ്. ഗ്രൂപ് ഒന്നിലെ ഏഴ് ഡാമുകളിലുമായി ഉള്ളത് 52 ശതമാനം ജലമാണ്. എന്നാൽ, ഗ്രൂപ് മൂന്നിൽ ഉൾപ്പെടുന്ന നേര്യമംഗലം, പൊരിങ്ങൽ, ചെങ്കുളം, ലോവർപെരിയാർ, കക്കാട് എന്നീ ഡാമുകളിൽ 85 ശതമാനം ജലമുണ്ട്. കുറ്റ്യാടി, ആനയിറങ്കൽ, പൊന്മുടി ഡാമുകൾ ഉൾപ്പെടുന്ന ഗ്രൂപ് രണ്ടിൽപെടുന്ന ഡാമുകളിൽ 73 ശതമാനം ജലനിരപ്പും. എന്നാൽ, മുഴുവൻ ഡാമുകളിലുമായി ശരാശരി ഉള്ളത് 54 ശതമാനം ജലം മാത്രമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.