മുണ്ടക്കയം: നാടിെൻറ നെഞ്ചുരുകും നോവുകൾ ഏറ്റുവാങ്ങി മെറിൻ യാത്രയായി. പഠനയാത്രക്കിടെ ചിക്മഗളൂരുവിനടുത്ത് ബസ് മറിഞ്ഞ് മരിച്ച അമൽജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥിനി, മുണ്ടക്കയം വരിക്കാനി വളയത്തിൽ ദേവസ്യ കുരുവിളയുടെയും റീനമ്മയുടെയും മകൾ മെറിെൻറ സംസ്കാര ശുശ്രൂഷകൾ മുപ്പത്തിനാലാം മൈൽ വ്യാകുലമാത ഫൊറോന പള്ളിയിൽ നടന്നു. കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷൻ മാർ മാത്യൂ അറയ്ക്കൽ മുഖ്യ കാർമികത്വം വഹിച്ചു. സഹായ മെത്രാൻ മാർ ജോസ് പുളിക്കൻ ഭവനത്തിലെ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. മൃതദേഹം പൊതുദർശനത്തിന് എത്തിച്ച വരിക്കാനിയിലെ വളയത്തിൽ വീട്ടിലേക്ക് തിങ്കഴാഴ്ച വൈകീട്ട് മുതൽ ജനപ്രവാഹമായിരുന്നു. ചൊവ്വാഴ്ച രാവിലെ പത്തിന് വീട്ടിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. മാതാപിതാക്കളുടെയും സഹോദരിയുടെയും ബന്ധുക്കളുടെയും അണപൊട്ടിയ ദുഃഖം നാടിെൻറ തേങ്ങലായി മാറി. വീട്ടിൽനിന്ന് 34-ാം മൈൽ ഫൊറോന പള്ളിയിലേക്കുള്ള വിലാപയാത്രയിൽ റോഡ് തിങ്ങിനിറഞ്ഞാണ് ജനങ്ങൾ ഒപ്പം ചേർന്നത്. പള്ളിയിലും മെറിനെ അവസാനമായി കാണാൻ നിരവധി ആളുകൾ തടിച്ചുകൂടി. പത്തിന് തുടങ്ങിയ ചടങ്ങുകൾ അവസാനിച്ചത് 12.30ഓടെയാണ്. സഹപാഠികളും നാട്ടുകാരും കൂട്ടുകാരും പൊതുജനങ്ങളും കണ്ണീരോടെ മെറിനെ യാത്രയാക്കി. ആേൻറാ ആൻറണി എം.പി, ജില്ല പഞ്ചായത്ത് അംഗം കെ. രാജേഷ്, മുണ്ടക്കയം പഞ്ചായത്ത് പ്രസിഡൻറ് കെ.എസ്. രാജു, കോട്ടയം ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീഖ്, 'മാധ്യമം' കോട്ടയം ബ്യൂറോ ചീഫ് സി.എ.എം. കരീം തുടങ്ങി സാമൂഹിക, രാഷ്ട്രീയ, മാധ്യമ രംഗങ്ങളിലെ പ്രമുഖരുടെ നീണ്ടനിര അന്ത്യാഞ്ജലിയർപ്പിക്കാനെത്തി. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി ഇമ്മാനുവൽ, കട്ടപ്പന ഡിവൈ.എസ്.പി രാജ്മോഹൻ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് വിലാപയാത്രയെയും ജനകൂട്ടത്തെയും നിയന്ത്രിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.