അഷ്​ടമിരോഹിണി വള്ളസദ്യക്ക്​ ചേനപ്പാടി കരക്കാരുടെ തൈര് സമര്‍പ്പണം നടന്നു

കോഴഞ്ചേരി: ആറന്മുള ക്ഷേത്രത്തില്‍ നടക്കുന്ന അഷ്ടമിരോഹിണി വള്ളസദ്യക്ക് ചേനപ്പാടി കരക്കാരുടെ തൈര് സമര്‍പ്പണം ഞായറാഴ്ച നടന്നു. ആയിരത്തി മുന്നൂറിലധികം ലിറ്റര്‍ തൈര് വാഴൂര്‍ തീർഥപാദാശ്രമത്തിലെ ഗോശാലയില്‍നിന്നും കരയിലെ ഭക്തജനങ്ങളില്‍നിന്നും സമാഹരിച്ച് വാഴൂര്‍ തിര്‍ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീര്‍ഥപാദരുടെയും പാര്‍ഥസാരഥി ഭക്തജനസമിതിയുടെയും നേതൃത്വത്തിലാണ് ആറന്മുളയിലെത്തി സമര്‍പ്പിച്ചത്. ഇടക്കാലത്ത് നിലച്ച തൈര് സമര്‍പ്പണചടങ്ങ് വര്‍ഷങ്ങള്‍ക്കുമുമ്പ് പുനരുജ്ജീവിപ്പിച്ച് ഭക്തിയോടെയും ആഘോഷപൂര്‍വവും ആറന്മുളയില്‍ എത്തിക്കുന്നത് ആചാരമായിരിക്കുകയാണ്. ചേനപ്പാടി ചെറിയമഠത്തില്‍ കേളുച്ചാരുടെ പാളത്തൈര് പ്രസിദ്ധവും വള്ളസദ്യ വിഭവങ്ങളില്‍ ഒഴിച്ചുകൂടാനാകാത്തതുമായിരുന്നു. 'ചേനപ്പാടി രാമച്ചാരുടെ കോളപ്പശുവിന്‍ പാളത്തൈരെ....അതുകൊണ്ടുവാ' എന്ന് വള്ളസദ്യക്ക് വിളിച്ചുചോദിക്കുമ്പോള്‍ പാളക്കുമ്പിളില്‍ തയാറാക്കി വിളമ്പുന്നതും തിരുവാറന്മുള വള്ളസദ്യയിലെ ഭക്ഷണം ചോദിച്ചുവാങ്ങുന്ന ചടങ്ങിലെ പ്രധാനപ്പെട്ടതാണ്. വിവിധ ക്ഷേത്രങ്ങളുടെയും സംഘടനകളുടെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വഴിപാടു സമര്‍പ്പിച്ചാണ് വാഹനഘോഷയാത്ര ആറന്മുളയിലെത്തിയത്. നാമസങ്കീര്‍ത്തനങ്ങളോടെ പുത്തരിയാലിന്‍ചുവട്ടിലെത്തിയ ശേഷം പതിനെട്ടാംപടിക്ക് സമീപത്തായിരുന്നു ചേനപ്പാടി കരക്കാരെ പള്ളിയോടസേവാസംഘവും ക്ഷേത്രോപദേശകസമിതിയും ദേവസ്വം ഉദ്യോഗസ്ഥരും ചേര്‍ന്ന് പുഷ്പമാല അണിയിച്ച് സ്വീകരിച്ചത്. ക്ഷേത്രപ്രദക്ഷിണം പൂര്‍ത്തിയാക്കിയശേഷം കൊടിമരച്ചുവട്ടില്‍ തൈര് സമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.