ആറന്മുള ക്ഷേത്രത്തില്‍ ചേനപ്പാടി പാളത്തൈര് സമര്‍പ്പണം ഇന്ന്

പൊന്‍കുന്നം: ആറന്മുള ക്ഷേത്രത്തില്‍ ചേനപ്പാടി പാളത്തൈര് സമര്‍പ്പണം ഞായറാഴ്ച നടക്കും. അഷ്ടമി രോഹിണി വള്ളസദ്യക്ക് വിളമ്പാനുള്ള തൈരാണ് ചേനപ്പാടി ഗ്രാമത്തില്‍നിന്ന് ഘോഷയാത്രയായി എത്തിക്കുന്നത്. രാവിലെ എട്ടിന് ചേനപ്പാടി കിഴക്കേക്കര ദേവിക്ഷേത്രത്തില്‍നിന്ന് പുറപ്പെടുന്ന ഭജനഘോഷയാത്ര മണിമല സി.ഐ ടി.ഡി. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. ഡോ.ജെ. പ്രമീളാദേവി, വള്ളിയാങ്കാവ് ദേവസ്വം ഓഫിസര്‍ അജിത്കുമാര്‍ എന്നിവര്‍ സന്ദേശം നല്‍കും. 1300 ലിറ്റര്‍ തൈരാണ് വള്ളസദ്യക്കായി സമര്‍പ്പിക്കുന്നത്. ഘോഷയാത്രക്ക് റാന്നിയില്‍ തിരുവിതാംകൂര്‍ ധര്‍മപരിഷത്തും പള്ളിയോടസേവാസംഘവും സ്വീകരണം നല്‍കും. തുടര്‍ന്ന് 11ന് ആറന്മുള കിഴക്കേനടയില്‍ പള്ളിയോടസേവാസംഘം വഞ്ചിപ്പാട്ട് പാടി ഘോഷയാത്രയെ വരവേല്‍ക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻറ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പാളത്തൈര് ഏറ്റുവാങ്ങി പാര്‍ഥസാരഥി സന്നിധിയില്‍ സമര്‍പ്പിക്കും. നൂറ്റാണ്ടുകള്‍ക്കുമുമ്പ് ചേനപ്പാടി ചെറിയമഠത്തില്‍ കേളുച്ചാര്‍ രാമച്ചാര്‍ തുടങ്ങിവെച്ച ആചാരമാണ് ഗ്രാമവാസികള്‍ പിന്തുടരുന്നത്. ഇദ്ദേഹം പശുവിന്‍പാല്‍ കമുകിന്‍പാളകൊണ്ടുള്ള പാത്രങ്ങളില്‍ ഉറയൊഴിച്ച് തൈര് തയാറാക്കി ചേനപ്പാടിയില്‍നിന്ന് ആറന്മുള ക്ഷേത്രത്തില്‍ എത്തിച്ചിരുന്നു. വള്ളപ്പാട്ടില്‍ ഇടം നേടിയ പാളത്തൈര് ചരിത്രത്തി​െൻറ വേരുകള്‍ തേടിയെത്തിയ ആറന്മുള കരക്കാരും ചേനപ്പാടി കരക്കാരും ചേര്‍ന്ന് എട്ടുവര്‍ഷം മുമ്പാണ് തൈര് സമര്‍പ്പണം പുനരാരംഭിച്ചത്. തീര്‍ഥപാദാശ്രമ മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ഥപാദരും സ്വാമി ഗരുഡധ്വജാനന്ദ തീര്‍ഥപാദരും ഭക്തരും പ്രാര്‍ഥന യജ്ഞത്തോടെയാണ് ശനിയാഴ്ച രാവിലെ ഉറയൊഴിക്കല്‍ ചടങ്ങ് നിര്‍വഹിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.