കോട്ടയം: സമൂഹത്തിെൻറ മുഖ്യധാരയിൽനിന്ന് അവഗണിക്കപ്പെട്ടവരെ കലയുടെ ലോകത്തേക്കു മാത്രമല്ല സംവിധായകൻ ജയരാജ് കൈപിടിച്ചുയർത്തുന്നത്, കായികലോകത്തേക്കും കൂടിയാകുന്നു. തിരുവഞ്ചൂരിൽ സാമൂഹികനീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾക്കാണ് ഇക്കുറി ജയരാജിെൻറ സഹായഹസ്തം. ഇവിടത്തെ 29 കുട്ടികൾ ജയരാജ് ഫൗണ്ടേഷെൻറ നേതൃത്വത്തിൽ ഫുട്ബാളിൽ ശാസ്ത്രീയ പരിശീലനം നേടുകയാണ്. ഇതിെൻറ ഉദ്ഘാടനം കരുണം സിനിമയിലൂടെ നടനായ വാവച്ചൻ നിർവഹിച്ചു. ജില്ല ഫുട്ബാൾ അസോസിയേഷൻ കോച്ച് രവീന്ദ്രനാണ് ഇവരുടെ പരിശീലകനാകുന്നത്. ജഴ്സി, ബൂട്ട്, ഫുട്ബാളുകൾ, നെറ്റ് തുടങ്ങി പരിശീലനത്തിന് വേണ്ട എല്ലാ കാര്യങ്ങളും ആവശ്യാനുസരണം ജയരാജ് ഫൗണ്ടേഷൻ സജ്ജമാക്കും. പരിശീലനം നേടിവരെ മത്സരങ്ങളിൽ പങ്കെടുപ്പിക്കാനും ആലോചനയുണ്ട്. സമൂഹത്തിൽ അവഗണിക്കപ്പെടുന്നു എന്ന തോന്നൽ കുട്ടികളിൽനിന്ന് നീക്കി അവരെ നല്ല വ്യക്തികളാക്കി മുഖ്യധാരയിൽ കൊണ്ടുവരുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശ്യമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ജയരാജ് പറഞ്ഞു. തെരുവുകളിൽ അലഞ്ഞുനടന്ന അനാഥനായ വാവച്ചൻ എന്ന വൃദ്ധനെ ജയരാജ് തെൻറ സിനിമയിൽ അഭിനയിപ്പിക്കുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തിരുന്നു. ബാലവേല പ്രമേയമാക്കിയ ഒറ്റാൽ സിനിമയിൽ അഭിനയിപ്പിച്ച താറാവ് തൊഴിലാളിയായ വാസന് മികച്ച സഹനടനുള്ള സംസ്ഥാന അവാർഡും നേടാനായി. ഫുട്ബാൾ പരിശീലന പദ്ധതിയുടെ ഉദ്ഘാടനചടങ്ങിൽ ഫൗണ്ടേഷൻ ചെയർമാൻ ജയരാജ്, ജില്ല സാമൂഹികനീതി ഓഫിസർ എസ്.എൻ. ശിവന്യ, ജില്ല ശിശുസംരക്ഷണ ഓഫിസർ വി.ജെ. ബിനോയ്, ജില്ല സാമൂഹികനീതി ഓഫിസ് സീനിയർ സൂപ്രണ്ട് പൊന്നപ്പൻ, ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ബി. മോഹനൻ, കോട്ടയം ജില്ല ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി എസ്. അച്ചു, കോച്ച് രവീന്ദ്രൻ, സാമൂഹികപ്രവർത്തക മേരി ജോൺ എന്നിവർ പങ്കെടുത്തു. ചിത്രം-ktg52 സാമൂഹികനീതി വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന കോട്ടയം ജില്ല ചിൽഡ്രൻസ് ഹോമിലെ അന്തേവാസികൾക്ക് ജയരാജ് ഫൗണ്ടേഷൻ നൽകുന്ന ഫുട്ബാൾ പരിശീലന പദ്ധതിയുടെ ഉദ്ഘാടനം പന്തുതട്ടി കരുണം ഫെയിം നടൻ വാവച്ചൻ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.