കോട്ടയം: കുറിച്ചി പഞ്ചായത്ത് ഓഫിസിന് സമീപം രണ്ടരവയസ്സുകാരിയെ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. പൊലീസെത്തി കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് കൈമാറി. ഇതിനുപിന്നാലെ കുട്ടിയുടെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് കർണാടക സ്വദേശികളായ ദമ്പതികൾ പൊലീസിനെ സമീപിച്ചു. വ്യാഴാഴ്ച രാവിലെ 11ഓടെ കുറിച്ചി പഞ്ചായത്ത് ഓഫിസിന് സമീപത്തെ വീടിനുമുന്നിലെ റോഡിൽ ഒറ്റക്ക് നിൽക്കുകയായിരുന്നു പെൺകുട്ടി. കാലിനേറ്റ മുറിവുമായി കരഞ്ഞുകൊണ്ടുനിന്ന കുട്ടിയെ കണ്ട സമീപവാസികൾ ചിങ്ങവനം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ അനൂപ് സി. നായരുടെ നേതൃത്വത്തിൽ പൊലീസെത്തി. വിവരങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കുട്ടിയുടെ കാലിൽ കുപ്പിച്ചില്ല് തറച്ചതിന് സമാനമായ മുറിവുണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിലെത്തിച്ച് പ്രാഥമികചികിത്സ നൽകി. ഒരു മണിക്കൂറോളം നോക്കിയിരുന്നിട്ടും അവകാശികൾ എത്താഞ്ഞതിനാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കുമുന്നിൽ ഹാജരാക്കി. പിന്നീട് ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടിയെ ഏറ്റെടുത്തു. എന്നാൽ, ഉച്ചക്കുശേഷം മാതാപിതാക്കളാെണന്ന് അവകാശപ്പെട്ട് കർണാടക സ്വദേശികളായ ദമ്പതികൾ ചിങ്ങവനം സ്റ്റേഷനിലെത്തി. തുണിക്കച്ചവടക്കാരാണെന്നും ഇവർ നീലംപേരൂരിലാണ് താമസിക്കുന്നതെന്നും പൊലീസിനോട് പറഞ്ഞു. കച്ചവടത്തിനു പോകാനായി കുറിച്ചിയിൽ വാടകക്ക് താമസിക്കുന്ന ബന്ധുവിെൻറ വീട്ടിൽ ഏൽപിച്ചതാണെന്നും ഇവിടെനിന്ന് കുട്ടി പുറത്തിറങ്ങിയതാണെന്നുമാണ് ഇവർ അവകാശപ്പെട്ടത്. എന്നാൽ, ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സംരക്ഷണയിലായതിനാൽ ഒന്നും ചെയ്യാനാകില്ലെന്ന് പൊലീസ് അറിയിച്ചു. മതിയായ രേഖകളുമായി എത്തിയാൽ കുട്ടിയെ കൈമാറുമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.