കോട്ടയം: കോടികൾ മുടക്കി നിർമിച്ച കോട്ടയം വികസന ഇടനാഴിയെന്ന് അറിയപ്പെടുന്ന ഇൗരയിൽക്കടവ്-മണിപ്പുഴ റോഡ് ഇനിയും തുറന്നില്ല. അക്ഷരനഗരത്തിലെ പ്രധാന ജങ്ഷനുകളിലെ അപകടക്കുഴികളും ഗതാഗതക്കുരുക്കും മറികടന്നെത്തുന്ന വാഹനങ്ങൾക്ക് ആശ്വാസമാകുന്ന പാതയാണ് അടഞ്ഞുകിടക്കുന്നത്. മൂന്നര കിലോമീറ്ററുള്ള പാത ബസേലിയസ് കോളജ് ജങ്ഷനിൽനിന്ന് നഗരം ചുറ്റാതെ എളുപ്പമാർഗം എം.സി റോഡിലേക്ക് കടക്കാം. പൂർണമായും പാടശേഖരത്തിന് നടുവിലൂടെ പോകുന്ന റോഡിൽ ഒന്നരവർഷം മുമ്പ് ഈരയില്‍ക്കടവില്‍ കൊടൂരാറിന് കുറുകെ പാലവും മണിപ്പുഴയില്‍ തോടിനുകുറുകെ കലുങ്കും തീർത്തിട്ടും ഇനിയും സഞ്ചാരയോഗ്യമായില്ല. മണിപ്പുഴയിൽനിന്ന് അതിവേഗം കെ.കെ. റോഡ്, കലക്ടറേറ്റ്, റെയിൽവേ സ്േറ്റഷൻ എന്നിവടങ്ങളിലേക്ക് എളുപ്പം കടക്കാവുന്ന മാർഗമാണിത്. നഗരവികസനത്തിനായി പ്രദേശത്തെ സ്ഥലം ഉടമകള്‍ സൗജന്യമായി വിട്ടുനൽകിയ ഭൂമിയിലാണ് റോഡ് നിർമിച്ചത്. പാടശേഖരം മണ്ണിട്ടുയർത്തി റോഡാക്കിയിട്ടും പ്രദേശവാസികൾക്ക് നഗരത്തിലെത്താൻ കിലോമീറ്ററുകൾ ചുേറ്റണ്ട സ്ഥിതിയാണ്. പ്രദേശത്തിെൻറ വികസനത്തിനൊപ്പം നഗരത്തിലെ ഗതാഗതക്കുരുക്കും പരിഹരിക്കുമെന്നുകരുതിയാണ് പലരും സ്ഥലം വിട്ടുനൽകിയത്. അതിെൻറ പ്രയോജനം വർഷങ്ങൾ കഴിഞ്ഞിട്ടും കിട്ടുന്നില്ലെന്ന് പരാതിയുണ്ട്. റോഡ് നിർമാണത്തിന് 5.90 കോടിയും പാലത്തിന് രണ്ടുകോടിയും ചെലവഴിച്ചു. നിർമാണം വേഗം പൂർത്തിയാക്കി റോഡിൽ മെറ്റൽ പാകിയെങ്കിലും ടാറിങ് നടത്തിയില്ല. ഇതോടെ, ഇളകിമറിയുന്ന മെറ്റലിനു മുകളിലൂടെ വാഹനയാത്ര പലരും ഉപേക്ഷിച്ചു. നഗരക്കുരുക്കിൽനിന്ന് രക്ഷതേടി സഞ്ചരിക്കുന്ന ഇരുചക്രവാഹനക്കാർ സാഹസികമായാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നത്. വഴിവിളക്കില്ലാത്തതിനാൽ രാത്രിയാത്രക്ക് ആരും മെനക്കെടാറില്ല. പാതിവഴിയിൽ നിലച്ച റോഡിെൻറ തുടർ ജോലിക്കായി 1.70 കോടി അനുവദിച്ചിട്ടുണ്ട്. സർക്കാർ മാറിയതോടെ കോട്ടയത്തെ അവഗണിച്ചതാണ് നിർമാണം ഇഴയാൻ കാരണമെന്ന് ആക്ഷേപമുണ്ട്. അടുത്തിടെ അത്യാധുനികരീതിയിൽ ടാറിങ് നടത്തിയ കോടിമത നാലുവരിപ്പാത തകർന്ന് കുണ്ടും കുഴിയും നിറഞ്ഞത് അപകടത്തിന് വഴിയൊരുക്കിയിരുന്നു. പരാതിക്കൊടുവിൽ കെ.എസ്.ടി.പിയുടെ മേൽനോട്ടത്തിൽ നാട്ടകം മുതൽ കോടിമതവരെ ഭാഗത്തെ ടാറിങ് പുരോഗമിക്കുകയാണ്. എം.സി റോഡിൽ മുന്നറിയിപ്പില്ലാതെയുള്ള നവീകരണജോലികൾ ഗതാഗതക്കുരുക്ക് രൂക്ഷമാക്കി. ഇതിനൊപ്പം നഗരത്തിലെ പ്രധാന ജങ്ഷനുകളായ നാഗമ്പടം, ലോഗോസ്, ശീമാട്ടി റൗണ്ടാന, ബേക്കർ ജങ്ഷൻ എന്നിവിടങ്ങളിെല കുഴികളും വില്ലനാകുന്നു. ശീമാട്ടി റൗണ്ടാന മുതൽ ബേക്കർ ജങ്ഷൻ വരെ ഭാഗങ്ങളിൽ വാഹനങ്ങളുടെ സഞ്ചാരം കുഴിയിൽ ചാടിമറിഞ്ഞാണ്. അക്ഷരനഗരി അപകടനഗരിയായി മാറിയിട്ടും അധികൃതർ ഇതൊന്നും ശ്രദ്ധിക്കാറില്ല. ഒരിടത്ത് ടാറിങ് പൂർത്തിയാക്കുേമ്പാൾ മറുഭാഗത്ത് റോഡുകൾ തകരുന്ന സ്ഥിതിയാണ്. ജീവൻ പൊലിയുേമ്പാൾ പരിഷ്കാരം; പിന്നെ എല്ലാം പഴയപടി നഗരത്തിൽ ജീവൻ പൊലിയുന്ന അപകടമുണ്ടായാൽ ഗതാഗതപരിഷ്കാരം പിന്നാലെയെത്തും. കുെറനാൾ കഴിയുേമ്പാൾ എല്ലാം പഴയപടിയാകും-ഇതാണ് കോട്ടയത്തിെൻറ ഗതാഗതസംവിധാനം. അടുത്തിടെ, നാഗമ്പടം ബസ് സ്റ്റാൻഡ്, നാഗമ്പടം മേൽപാലം, ബേക്കർ ജങ്ഷൻ എന്നിവിടങ്ങളിൽ ജീവൻ പൊലിഞ്ഞിട്ടും കാര്യമായ സുരക്ഷക്രമീകരങ്ങൾ ഒരുക്കിയില്ല. തകർന്ന റോഡിലൂടെ വാഹനങ്ങൾ തോന്നുംപടിയാണ് യാത്രചെയ്യുന്നത്. വാഹനത്തിരക്കിൽ വീർപ്പുമുട്ടന്ന ബേക്കർ ജങ്ഷനിലും നാഗമ്പടത്തും സിഗ്നൽ സംവിധാനമില്ല. തിരക്ക് വർധിക്കുേമ്പാൾ പൊലീസ് നിയന്ത്രണം പോലും പാളുന്ന അവസ്ഥയാണ്. ആംബുലൻസ് അടക്കമുള്ളവ ഏറെ പണിപ്പെട്ടാണ് മെഡിക്കൽ കോളജിലേക്ക് പോകുന്നത്. സ്വകാര്യബസുകളടക്കം തോന്നുംപടി നിർത്തി ആളെ കയറ്റിയിറക്കുന്നതും അപകടത്തിന് ഇടയാക്കും. സ്വകാര്യബസുകളുടെ മത്സരയോട്ടവും ഗതാഗതക്കുരുക്കിൽനിന്ന് രക്ഷതേടാൻ ഇരുചക്രവാഹനങ്ങൾ ശ്രമിക്കുന്നതും അപകടത്തിന് വഴിതുറക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.