അധികാരം ആധിപത്യമല്ല, ജനങ്ങളെ സേവിക്കാനുള്ളത് -പി. ശ്രീരാമകൃഷ്ണൻ കടുത്തുരുത്തി: അധികാരം ആധിപത്യമല്ലെന്നും അത് ജനങ്ങളെ സേവിക്കാനുള്ളതാണെന്നുമുള്ള ബോധ്യം സിവിൽ സർവിസ് തലത്തിലുണ്ടാകണമെന്ന് നിയമസഭ സ്പീക്കർ പി. ശ്രീരാമക്യഷ്ണൻ. കോട്ടയം ജില്ലയിലെ 71 പഞ്ചായത്തുകളെയും ജനസൗഹൃദ സദ്ഭരണ പഞ്ചായത്തുകളായി കടുത്തുരുത്തിയിൽ നടന്ന ചങ്ങിൽ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥർക്ക് ലഭിച്ച അധികാരം ധാർമികമായും ജനാധിപത്യപരമായും ഉപയോഗിക്കണം. ആധിപത്യം സ്ഥാപിക്കുകയല്ല, മറിച്ച് സേവനത്തിലധിഷ്ഠിതമായ വ്യവസ്ഥിതി സൃഷ്ടിക്കുകയാണ് വേണ്ടത്. അനുഭവങ്ങളും സേവനം നൽകാനുളള അധികാരവും സർഗാത്മകമായി ഒത്തുചേരുമ്പോഴാണ് യഥാർഥ പ്രശ്നപരിഹാരമുണ്ടാകുന്നത്. അഭിപ്രായങ്ങളോട് വിയോജിക്കാനുളള അവകാശത്തോട് യോജിക്കാനുള്ള സഹിഷ്ണുത സമൂഹത്തിനുണ്ടാകുമ്പോഴാണ് ജനാധിപത്യം യാഥാർഥ്യമാകുന്നത്. പൊതുജനത്തിെൻറ നികുതിയാണ് സർക്കാർ ജീവനക്കാരുടെ ശമ്പളമെന്നകാര്യം വിസ്മരിക്കരുതെന്നും പാവപ്പെട്ട ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ ക്യത്യമായി നൽകാൻ പഞ്ചായത്തുകൾക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്. ജോസ്നമോൾ പദ്ധതി വിശദീകരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി സെബാസ്റ്റ്യൻ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അന്നമ്മ രാജു, കില ഡയറക്ടർ ജോയി ഇളമൺ തുടങ്ങിയവർ സംസാരിച്ചു. ഓഫിസ് പ്രവർത്തനം 10ന് ആരംഭിക്കുക, ഉദ്യോഗസ്ഥർ ജനങ്ങളോട് മാന്യമായി പെരുമാറുക, സുസജ്ജമായ ഫ്രണ്ട് ഓഫിസുകൾ, മികച്ച പശ്ചാത്തലസൗകര്യം, സേവനം സംബന്ധിച്ച ജനങ്ങളുടെ സംശയങ്ങൾക്ക് ഉടൻ നിവാരണം, കുടിക്കാൻ ശുദ്ധജലം, ടോയ്ലറ്റ് സൗകര്യം, പശ്ചാത്തലസംഗീതം തുടങ്ങി വിവിധ വിഷയങ്ങളടങ്ങിയ ചെക്ക് ലിസ്റ്റ് തയാറാക്കി ഒരു വർഷത്തെ പരിശീലനത്തിനും തയാറെടുപ്പുകൾക്കും ശേഷമാണ് കോട്ടയം ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളും ജനസൗഹൃദമായി പ്രഖ്യാപിച്ചത്. PHOTO:: KTG53 കോട്ടയം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളെയും ജനസൗഹൃദ സദ്ഭരണ ഗ്രാമപഞ്ചായത്തുകളായി പ്രഖ്യാപിക്കുന്നതിെൻറ ഉദ്ഘാടനം നിയമസഭ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ കടുത്തുരുത്തിയിൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.