കട്ടപ്പന: ഇരട്ടയാർ പദ്ധതി പ്രദേശത്തും അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ഉപ്പുതറ പദ്ധതി പ്രദേശത്ത് മൂന്നുചെയിൻ വിട്ട് ഏഴുചെയിനിലും പട്ടയം നൽകാൻ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇരട്ടയാർ പദ്ധതി മേഖലയിൽ വൈദ്യുതി വകുപ്പിെൻറ ജണ്ടക്ക് പുറത്തുള്ള എല്ല കർഷകർക്കും നിബന്ധനകൾക്ക് വിധേയമായി പട്ടയം നൽകാൻ ഉത്തരവിൽ വ്യവസ്ഥയുള്ളപ്പോൾ ഇടുക്കി പദ്ധതിയുടെ സംരക്ഷിത മേഖലയിൽ വൈദ്യുതി വകുപ്പിെൻറയും കർഷകരുടെയും ഭൂമി സർവേ നടത്തി വേർതിരിക്കാത്തതിനാൽ മൂന്നുചെയിൻ ഒഴിവാക്കി ബാക്കി മേഖലയിലും പട്ടയം നൽകാനാണ് ഉത്തരവ്. റവന്യൂ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി ഒപ്പുെവച്ച ഉത്തരവ് ചൊവ്വാഴ്ചയാണ്പുറപ്പെടുവിച്ചിരിക്കുന്നത്. പട്ടയ പ്രശ്നത്തിൽ മുഴുവൻ ദുരൂഹതകളും നീക്കുന്ന ഉത്തരവ് ഇരട്ടയാർ മേഖലയിലെ കർഷകർക്ക് ആഹ്ലാദം പകരുമ്പോൾ അയ്യപ്പൻകോവിൽ മേഖലയിലെ മൂന്നുചെയിനിന് ഉള്ളിലുള്ള കർഷകർക്ക് വേദനയായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 2017 ജനുവരി നാലിനും മാർച്ച് 27നും നടന്ന യോഗത്തിലെ തീരുമാനമനുസരിച്ച് പത്തുചെയിൻ മേഖലയിൽ റവന്യൂ, വനം, വൈദ്യുതി വകുപ്പുകൾ സംയുക്തമായി നടത്താൻ നിശ്ചയിച്ചിരുന്ന സംയുക്ത സർവേ ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് ഉപേക്ഷിക്കാൻ തിരുമാനിച്ചതായും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി മേഖലയിൽ മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ തടയുന്നതിന് പഠനം നടത്തി ശാസ്ത്രീയ കൃഷിരീതികൾ അവലംബിക്കുന്നതിന് കർഷകരെ ബോധവത്കരിക്കും. പദ്ധതിക്ക് ദോഷകരമാകുന്ന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയായിരിക്കും പട്ടയം നൽകുക. ഇത്തരത്തിൽ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് വൈദ്യുതി വകുപ്പിന് മൂന്നുമാസത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. ഇക്കാലയളവിൽ റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ എതിർപ്പ് പരിഗണിക്കാതെ പട്ടയം നൽകുന്നതിനും ഉത്തരവിൽ വ്യവസ്ഥയുണ്ട്. എതിർപ്പുള്ള കേസുകളിൽ അവരുടെ റിപ്പോർട്ടുകൂടി വാങ്ങി പരിശോധിച്ച് സമവായത്തിലെത്തി ബന്ധപ്പെട്ട ഭൂപതിവ് ചട്ടപ്രകാരം നൽകാൻ ജില്ല കലക്ടറെ അധികാരപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.