തൊടുപുഴ: മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിൽ നെൽകൃഷിക്ക് തുടക്കമായി. മുതലക്കോടം കുന്നക്കാട്ട് പാടത്ത് ഒന്നര ഏക്കർ പാടം പാട്ടത്തിനെടുത്താണ് കൃഷിചെയ്യുന്നത്. ചീമ്പാറ ബേബി, ജോസ് തോമസ് കുന്നുമ്മേൽ എന്നിവരുടെ കൃഷിയിടങ്ങളിലാണ് കൃഷി. നൂറോളം ആളുകളാണ് തൂമ്പയുമായി പാടം കിളച്ചുമറിച്ചത്. തോർത്തും തൊപ്പിപ്പാളയും ധരിച്ചെത്തിയ ലൈബ്രറി പ്രവർത്തകർ പുത്തൻ സന്ദേശമാണ് നൽകിയത്. അന്യമാകുന്ന കൃഷിയിടങ്ങൾ കൂട്ടായ്മയിലൂടെ സജീവമാക്കാനാകുമെന്ന് തെളിയിക്കുന്നതാണ് കുന്നക്കാട്ട് പാടം കണ്ടത്. നാടൻ പാട്ടുകളും കളപ്പാട്ടുകളും പാടി കിളച്ചുകയറുന്നത് കാണാൻ നൂറുകണക്കിനാളുകൾ പാടവരമ്പത്ത് തടിച്ചുകൂടി. കൃഷിയുടെ ഉദ്ഘാടനം ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഇ.ജി. സത്യൻ നിർവഹിച്ചു. ലൈബ്രറി പ്രസിഡൻറ് കെ.സി. സുരേന്ദ്രൻ അധ്യക്ഷതവഹിച്ചു. ഷാജു പോൾ, കെ.എം. രാജൻ, മാണി ജോസഫ്, എം.ബി. സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി. രാജാക്കാട്ട് മദ്യപ അഴിഞ്ഞാട്ടം; തെരുവുവിളക്കുകൾ എറിഞ്ഞുതകർത്തു രാജാക്കാട്: രാജാക്കാട് ബസ് സ്റ്റാൻഡ് ബൈപാലും സമീപത്തെ കൃഷിയിടങ്ങളിലും മദ്യപ അഴിഞ്ഞാട്ടം. കഴിഞ്ഞദിവസം രാജാക്കാട്-മാങ്ങാത്തൊട്ടി റോഡിലെ രണ്ട് തെരുവുവിളക്കുകൾ സാമൂഹികദ്രോഹികൾ എറിഞ്ഞുതകർത്തു. ബസ് സ്റ്റാൻഡ് ബൈപാസ് എത്തുന്ന ചിറക്കൽ കവലയിലെയും ചെമ്പൻപുരയിടം കവലയിലെയും തെരുവുവിളക്കുകളാണ് തകർത്തത്. മുമ്പുണ്ടായിരുന്ന ബൾബ് ആരോ നശിപ്പിച്ചതിനെ ത്തുടർന്ന് ഒരാഴ്ചമുമ്പാണ് വാർഡ് മെംബർ എ.ഡി. സന്തോഷ് സ്വന്തം ചെലവിൽ മാറ്റി സ്ഥാപിച്ചത്. സമീപത്ത് മദ്യഷാപ്പ് ഉള്ളതിനാൽ ഇവിടെയെത്തുന്ന മദ്യപരിൽ ചിലരാണെന്നാണ് സംശയം. മദ്യശാലയുടെ സമീപത്തെ ബൈപാസിലും കൃഷിയിടങ്ങളിലും ഇതര സംസ്ഥാനക്കാരുൾപ്പെടെ കൂട്ടംകൂടി മദ്യപിച്ച് കുപ്പികളും ഗ്ലാസും പൊട്ടിച്ചിടുകയും തമ്മിലടിക്കുന്നതും പതിവുകാഴ്ചയാണ്. ആദിത്യപുരം കോളനി റോഡിൽനിന്ന് ബൈപാസിലേക്കുള്ള നടപ്പാതയിൽ കൂടിയിരുന്ന് മദ്യപിക്കുന്നതിനാൽ ഒറ്റക്ക് സ്ത്രീകളും സ്കൂൾ കുട്ടികളും ഭയത്തോടെയാണ് ഇതുവഴി പോകുന്നത്. കപ്പ, വാഴ, തുവര എന്നിവ കാഴ്ച മറച്ചിരിക്കുന്നതിനാൽ റോഡിൽനിന്ന് നോക്കിയാൽ ഈ പ്രദേശം കാണാൻ സാധിക്കാത്തതിനാൽ സൗകര്യമാണ്. ഞായറാഴ്ചകളിലാണ് കൂടുതൽ ഇതര സംസ്ഥാന തൊഴിലാളികൾ ഇവിടെ മദ്യപിക്കാൻ ഒത്തുകൂടുന്നത്. തുടർച്ചയായ അവധി: ജില്ല ആയുർവേദ ആശുപത്രിയിൽ ശുദ്ധജലവിതരണം നിലച്ചത് അഞ്ചുദിവസം ചെറുതോണി: പാറേമാവിലെ ജില്ല ആയുർവേദ ആശുപത്രിയിൽ ശുദ്ധജലവിതരണം മുടങ്ങിയിട്ട് അഞ്ചുദിവസം. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് 80ഒാളം കിടപ്പ് രോഗികളുള്ള ആശുപത്രിയുടെ പ്രവർത്തനം സ്തംഭിപ്പിച്ച് ശുദ്ധജലവിതരണം അവതാളത്തിലായത്. പൈനാവ് വാട്ടർ അതോറിറ്റി സൗജന്യമായാണ് ഇവിടെ വെള്ളം എത്തിക്കുന്നത്. രണ്ടാം ശനിയാഴ്ചയും ഞായറും തിങ്കളാഴ്ചത്തെ ഹർത്താലുമായി മൂന്നുദിവസം തുടർച്ചയായി അവധിയായതോടെ വാട്ടർ അതോറിറ്റി ജീവനക്കാർ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞപ്പോൾ സ്ഥലംവിട്ടു. ഹർത്താൽ ദിനത്തിൽ കടകളും സ്ഥാപനങ്ങളും തുറക്കാതെവന്നതോടെ ഒരു ദിവസം മുഴുവൻ കുടിക്കാൻ വെള്ളം കിട്ടാതെ രോഗികളും ബന്ധുക്കളും വലഞ്ഞു. രോഗികളുടെ ബന്ധുക്കളും ആശുപത്രി ജീവനക്കാരും നാട്ടുകാരും വൻ പ്രതിഷേധമുയർത്തി. ചിലർ കലക്ടറെ നേരിൽകണ്ട് പരാതി പറയാനെത്തിയെങ്കിലും സാധിച്ചില്ല. ചൊവ്വാഴ്ച ജീവനക്കാർ വീണ്ടും ജോലിക്കെത്തിയശേഷമാണ് വിതരണം പുനരാരംഭിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ജലവിതരണം പുനരാരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.