പെരുന്തേനരുവി ജലവൈദ്യുതി പദ്ധതി പ്രവര്‍ത്തനസജ്ജമായി; 23ന് നാടിന് സമര്‍പ്പിക്കും

വടശ്ശേരിക്കര: പെരുന്തേനരുവി ചെറുകിട ജലവൈദ്യുതി പദ്ധതി പ്രവര്‍ത്തനസജ്ജമായി. പത്തനംതിട്ട ജില്ലയിലെ ഏഴാമത്തെ ജലവൈദ്യുതി പദ്ധതിയാണിത്. 23ന് വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. മന്ത്രി എം.എം. മണി അധ്യക്ഷതവഹിക്കും. ആറ് മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കുക. മൂന്നര മാസം കൊണ്ട് ഒമ്പത് മില്യൻ യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിച്ചു. തുടര്‍ച്ചയായി മഴ ലഭിച്ചതിനാല്‍ ദിവസേന ശരാശരി 1,40,000 യൂനിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനായി. 2011ലാണ് നിർമാണം ആരംഭിച്ചത്. 36കോടി രൂപ സിവില്‍ ജോലികള്‍ക്കും 13 കോടി രൂപ ഇലക്ട്രിക്കല്‍ ജോലികള്‍ക്കും ചെലവഴിച്ചു. പമ്പാനദിയിലെ പെരുന്തേനരുവി വെള്ളച്ചാട്ടത്തിന് മുകളില്‍ 500ഒാളം മീറ്റര്‍ ദൂരത്തിലാണ് തടയണ നിർമിച്ചത്. നാറാണംമൂഴി, വെച്ചൂച്ചിറ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് തടയണയും പാലവും നിർമിച്ചത്. ഇത് ഉദ്ഘാടനം ചെയ്യുന്നതോടെ കുരുമ്പന്‍മൂഴി നിവാസികള്‍ക്ക് നാറാണംമൂഴി പഞ്ചായത്ത് ആസ്ഥാനത്തേക്ക് കുറഞ്ഞ ദൂരത്തിൽ എത്താനുമാകും. ചെറിയ വാഹനങ്ങള്‍ക്ക് മാത്രം സഞ്ചരിക്കാവുന്ന വിധത്തിലാണ് തടയണയും പാലവും. പവർ ഹൗസ് വെള്ളച്ചാട്ടത്തിന് സമീപമാണ്. തടയണയില്‍ സംഭരിക്കുന്ന വെള്ളം കനാലിലൂടെ ഫോര്‍ബെ ടാങ്കിലെത്തിക്കുന്നു. 475 മീറ്റര്‍ നീളമുള്ള കനാലും 22 മീറ്റര്‍ വ്യാസമുള്ള ഫോര്‍ബെ ടാങ്കുമാണുള്ളത്. ടാങ്കില്‍നിന്ന് 12 മീറ്റര്‍ നീളമുള്ള രണ്ട് പെന്‍സ്റ്റോക് പൈപ്പുകള്‍ വഴി വെള്ളം പവർഹൗസില്‍ എത്തിച്ചാണ് വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ പരീക്ഷണാര്‍ഥം യന്ത്രങ്ങള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിരുന്നു. ഇവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി 33 കിലോവാട്ടായി പരിവര്‍ത്തനം ചെയ്ത് റാന്നി 110 കെ.വി സബ് സ്റ്റേഷനില്‍ എത്തിച്ച് വിതരണം ചെയ്യുന്നു. പവർ ഹൗസിനടുത്ത് പുതിയ 33കെ.വി സബ് സ്റ്റേഷൻ നിർമാണം നടക്കുന്നുണ്ട്. ഇത് പൂര്‍ത്തിയായാല്‍ ഉൽപാദിപ്പിക്കുന്ന വൈദ്യുതി ഇവിടെത്തന്നെ ശേഖരിച്ച് പ്രാദേശികമായി വിതരണം ചെയ്യുകയാണ് ലക്ഷ്യം. ജലവൈദ്യുതി പദ്ധതിയും പവർ ഹൗസിന് സമീപമുള്ള വെള്ളച്ചാട്ടവും ഡാമിന് സമീപത്തെ വനവും ടൂറിസം വികസനസാധ്യത സൃഷ്ടിക്കുന്നുണ്ട്. പെരുന്തേനരുവി ടൂറിസം പദ്ധതിയും ജലവൈദ്യുതി പദ്ധതിയും കൂട്ടിയിണക്കി ഹൈഡല്‍ ടൂറിസം പദ്ധതിയും ആലോചനയിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.