കടുത്തുരുത്തി: കല്ലറ പഞ്ചായത്തിലെ സി.പി.എം-കേരള കോൺഗ്രസ് സഖ്യത്തിൽ പ്രതിഷേധിച്ച് സി.പി.ഐ വിട്ടുനിന്ന തെരഞ്ഞെടുപ്പിൽ നറുക്കെടുപ്പിലൂടെ കോൺഗ്രസിന് വൈസ് പ്രസിഡൻറ് സ്ഥാനം. ജോണി തോട്ടുങ്കലാണ് വൈസ്പ്രസിഡൻറ്. സി.പി.എം അംഗം പി.കെ. സോമന് കേരള കോൺഗ്രസ് പിന്തുണ നൽകിയെങ്കിലും സി.പി.ഐ അംഗം സലിം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ ഇരുസ്ഥാനാർഥിക്കും അഞ്ച് വോട്ട് വീതം ലഭിച്ചു. തുടർന്നായിരുന്നു നറുക്കെടുപ്പ്. മുൻ പഞ്ചായത്ത് പ്രസിഡൻറാണ് ജോണി. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് ക്വോറം തികയാത്തതിനാൽ വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. കോൺഗ്രസ് അംഗങ്ങൾ മാത്രമായിരുന്നു വ്യാഴാഴ്ച ഹാജരായിരുന്നത്. കേരള കോൺഗ്രസ് യു.ഡി.എഫ് ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കേരള കോൺഗ്രസിലെ വി.എം. തോമസ് രാജിവെച്ചതിനാലാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 13 അംഗ ഭരണസമിതിയിൽ കോൺഗ്രസിന് അഞ്ചും എൽ.ഡി.എഫിന് നാലും കേരള കോൺഗ്രസിന് രണ്ടും ബി.ജെ.പിക്കും ബി.ഡി.ജെ.എസിനും ഒരോസീറ്റുകളും ആണുള്ളത്. കോൺഗ്രസിലെ ജമീല പ്രദീപാണ് പഞ്ചായത്ത് പ്രസിഡൻറ്. വൈക്കം സ്റ്റാറ്റിസ്റ്റിക്സ് ഓഫിസർ സേവ്യർകുട്ടിയായിരുന്നു വരണാധികാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.