ടൂറിസം നയം: കേരളത്തെ ആഗോള ബ്രാൻഡായി വികസിപ്പിക്കുക ലക്ഷ്യം

തൊടുപുഴ: വിനോദസഞ്ചാര മേഖലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് പുതിയ ടൂറിസം നയം രൂപവത്കരിക്കുന്നു. 2012ൽ ആവിഷ്കരിച്ച നയത്തിൽ ഭേദഗതി വരുത്തിയും പുതിയ ചില നിർദേശങ്ങൾ ഉൾപ്പെടുത്തിയുമാണ് ടൂറിസം വകുപ്പ് നയരൂപവത്കരണത്തിന് ഒരുങ്ങുന്നത്. കേരള വിനോദസഞ്ചാരത്തെ ലോകോത്തര നിലവാരത്തിൽ എത്തിക്കാനുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയ-അന്തർദേശീയതലത്തിൽ കേരളത്തി​െൻറ വിപണിവിഹിതം വർധിപ്പിക്കുന്നതിലൂടെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ ആഗോള ബ്രാൻഡായി വികസിപ്പിക്കുകയാണ് പുതിയ നയത്തി​െൻറ കാതൽ. ടൂറിസം മേഖലയുടെയും അനുബന്ധ മേഖലകളുടെയും സമഗ്ര വികസനം, ഇതുമായി പ്രത്യക്ഷമായും പരോക്ഷമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ക്ഷേമം, തൊഴിൽ സാധ്യത, പരിസ്ഥിതി സൗഹൃദ ടൂറിസം വികസനം, ഉത്തരവാദ ടൂറിസത്തി​െൻറ പ്രോത്സാഹനം എന്നിവയും ആധുനിക മാർഗങ്ങൾ ഉപയോഗിച്ചുള്ള വിപണനം, പുതിയ ടൂറിസം കേന്ദ്രങ്ങൾ കണ്ടെത്തൽ, സാഹസിക വിനോദസഞ്ചാര പദ്ധതികൾ, യുവസഞ്ചാരികളെ ആകർഷിക്കാൻ പദ്ധതികൾ എന്നിവയുമാണ് പുതിയ നയത്തിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ടൂറിസം രംഗത്ത് പൊതു--സ്വകാര്യപങ്കാളിത്തവും നിക്ഷേപവും പരമാവധി പ്രയോജനപ്പെടുത്തുന്ന കാര്യവും പരിഗണനയിലുണ്ട്. പരിസ്ഥിതിക്ക് കോട്ടംവരാതെ ആധുനിക മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കുന്ന വികസനങ്ങളാകും നടപ്പാക്കുക. ഇതിന് കേന്ദ്രസഹായവും തേടും. കേന്ദ്ര ടൂറിസം മന്ത്രിയായി അൽഫോൻസ് കണ്ണന്താനം വന്നത് കേന്ദ്രപദ്ധതികളിൽ പ്രതീക്ഷയർപ്പിക്കാനും സർക്കാറിന് തുണയാകും. നയപ്രഖ്യാപനത്തിന് നടപടി പൂർത്തിയായിവരുകയാണെന്ന് ടൂറിസം വകുപ്പ് അധികൃതർ വ്യക്തമാക്കി. അഫ്സൽ ഇബ്രാഹിം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.