കുറവിലങ്ങാട്: കാനഡയിൽ ജോലി വാഗ്ദാനം നൽകി കേരളത്തിലെ നഴ്സിങ് വിദ്യാർഥികളിൽനിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത ഡോ. സജി സൈമൺ ഇതര സംസ്ഥാനങ്ങളിൽ നിന്നായി ഒരുകോടിയോളം തട്ടിയതായി പൊലീസിന് വിവരം ലഭിച്ചു. കർണാടക നെയ്ച്ചൂർ സ്വദേശി സാവിത്രി കോളനി ഡോ. സജി സൈമണിനെതിരെയാണ് (50) കൂടുതൽ പരാതി പുറത്തുവന്നത്. ആന്ധപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലും സമാന തട്ടിപ്പ് നടത്തിയാണ് ഒരുകോടിയിലധികം രൂപ കബളിപ്പിച്ചതെന്ന് കുറവിലങ്ങാട് പൊലീസ് പറഞ്ഞു. കുറവിലങ്ങാട് എസ്.ഐ ഷമീർ ഖാെൻറ നേതൃത്വത്തിലെ പൊലീസ് സംഘം കഴിഞ്ഞദിവസം തൃശൂർ കുന്നംകുളത്തുനിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുറവിലങ്ങാട്, ചങ്ങനാശ്ശേരി, കോട്ടയം വെസ്റ്റ് സ്റ്റേഷൻ പരിധിയിൽ നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരുടെ പണം തട്ടിയതിനെതിരെ കേസുണ്ട്. ജില്ല പൊലീസ് മേധാവിയുടെ ഉത്തരവനുസരിച്ചാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. പെന്തക്കോസ്ത് പാസ്റ്ററായ ഡോ. സൈമൺ കാനഡയിലെ ടൊറേൻറായിലുള്ള മൗണ്ട് സിയാൻ ഹോസ്പിറ്റലിൽ ആറുമാസത്തിനകം നഴ്സിങ് ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നരമുതൽ മൂന്നുലക്ഷം വരെ വാങ്ങി. മാസങ്ങൾ കഴിഞ്ഞിട്ടും വിസ ലഭിക്കാതെവന്നതോടെയാണ് ഉദ്യോഗാർഥികൾ പലരും തട്ടിപ്പ് തിരിച്ചറിഞ്ഞത്. ലഭിച്ച പണം മുഴുവൻ ആഡംബര ജീവിതത്തിനാണ് വിനിയോഗിച്ചതെന്ന് പൊലീസ് പറഞ്ഞു. ആന്ധ്രപ്രദേശിൽ സ്ഥാപനം തുടങ്ങിയതിെൻറ മറവിലാണ് ഒരുകോടിയിലധികം രൂപ തട്ടിയെടുത്തതെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ പാലാ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് ആന്ധപ്രദേശ് പൊലീസ് പ്രതിക്കായി തിരച്ചിൽ നടത്തിവരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.