ദേവസ്വം ബോർഡിലെ മുന്നാക്ക സംവരണം: ഭരണഘടന പരിരക്ഷ അട്ടിമറിക്കാനുള്ള നീക്കം -പുന്നല ശ്രീകുമാർ കോട്ടയം: ദേവസ്വം ബോർഡിൽ മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാർക്ക് സംവരണം ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള പുലയർ മഹാസഭ രംഗത്ത്. രാഷ്ട്രീയ നേട്ടങ്ങൾക്കായി പിന്നാക്കവിഭാഗങ്ങളുടെ ഭരണഘടന പരിരക്ഷ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ് സംഘടനയുടെ ആരോപണം. സാമ്പത്തിക സംവരണ നിലപാട് എൽ.ഡി.എഫിെൻറ നയമാണോയെന്ന് ബന്ധപ്പെട്ട നേതാക്കൾ വ്യക്തമാക്കണമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ കോട്ടയത്ത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംവരണത്തിെൻറ അന്തസ്സത്തയും അടിത്തറയും ഇല്ലാതാക്കുന്ന സംസ്ഥാന സര്‍ക്കാർ നിലപാട് ദുരൂഹമാണ്. മുന്നാക്ക വിഭാഗങ്ങള്‍ ഏറെയുള്ള ദേവസ്വം മേഖലയിൽ വീണ്ടും മുന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണ അടിസ്ഥാനത്തിലും അവസരം നല്‍കി അസന്തുലിതാവസ്ഥ കൂട്ടാനാണ് ശ്രമം. അഹിന്ദുക്കൾക്കുള്ള 18 ശതമാനം സംവരണം പിന്നാക്ക, പട്ടിക വിഭാഗങ്ങൾക്ക് നൽകി മാതൃക കാട്ടുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. അയിത്തത്തിെൻറ ദുരന്തഫലങ്ങൾ അനുഭവിച്ച ജാതിവിഭാഗങ്ങൾക്ക് അവസരസമത്വവും രാഷ്ട്രീയതുല്യതയും ഉറപ്പുവരുത്തുന്ന പരിരക്ഷയും പരിഹാരവുമാണ് സംവരണം. അല്ലാതെ ദാരിദ്ര്യനിർമാർജന പരിപാടിയല്ല. അത് അട്ടിമറിക്കപ്പെടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കിടയാക്കും. ഭരണഘടന ഭേദഗതിക്കായി കേന്ദ്രസർക്കാറിൽ സമ്മർദം ചെലുത്തുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. സമാനചിന്തയുള്ള സംഘടനകളുമായി ചേർന്ന് പ്രക്ഷോഭത്തിന് രൂപംനൽകാൻ 20ന് കോട്ടയത്ത് യോഗം ചേരും. ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളിലും അബ്രാഹ്മണ ശാന്തിനിയമനം നടത്താൻ സർക്കാർ തയാറാകണമെന്നും പുന്നല ശ്രീകുമാർ ആവശ്യപ്പെട്ടു. വൈസ് പ്രസിഡൻറ് അഡ്വ. എ. സനീഷ് കുമാര്‍, അജിത് കല്ലറ, പ്രകാശ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.