ദേവസ്വം ബോർഡിലെ സംവരണം: കോൺഗ്രസും ബി.ജെ.പിയും അഭിപ്രായം പറയണം ^പിള്ള

ദേവസ്വം ബോർഡിലെ സംവരണം: കോൺഗ്രസും ബി.ജെ.പിയും അഭിപ്രായം പറയണം -പിള്ള *ചാണ്ടി അഴിമതിക്കാരനല്ല, അധ്വാനിച്ചു പണം സമ്പാദിച്ചയാളാണ്. തിരുവനന്തപുരം: ദേവസ്വം ബോർഡിൽ സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടിയെക്കുറിച്ച് കോൺഗ്രസും ബി.ജെ.പിയും അഭിപ്രായം പറയണമെന്ന് കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ ചേർന്ന യോഗത്തിനു ശേഷം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ തീരുമാനത്തിനെതിരെ എസ്.എൻ.ഡി.പി. പ്രമേയം പാസാക്കിയതിനെക്കുറിച്ച് ഒന്നും പറയാനില്ല. കാര്യം മനസ്സിലാക്കി വേണം പ്രക്ഷോഭം നടത്തേണ്ടത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കക്കാർക്കു ദേവസ്വം ബോർഡ് നിയമനങ്ങളിൽ സംവരണം ഏർപ്പെടുത്തിയത് വിപ്ലവകരമായ നടപടിയാണ്. ഇടതു മുന്നണി പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനമാണ് പാലിച്ചത്. പിന്നാക്കക്കാരുടെ സംവരണ വിഹിതത്തിൽ കുറവു വരുത്താതെയാണ് മുന്നാക്കക്കാരിലെ പാവപ്പെട്ടവർക്കു സംവരണം ഏർപ്പെടുത്തിയത്. സാമൂഹികനീതി എന്നതു ജാതിയുടെയും മതത്തി​െൻറയും അടിസ്ഥാനത്തിലല്ല നടപ്പാക്കേണ്ടത്. ഇടതുമുന്നണി പ്രകടനപത്രിക പുറത്തിറക്കിയപ്പോൾ ആരും ഇതിനെ എതിർത്തിരുന്നില്ല. 2011ലെ യു.ഡി.എഫ് പ്രകടന പത്രികയിലും ഈ വാഗ്ദാനം ഉണ്ടായിരുന്നു. നടപ്പാക്കിയില്ലെന്നു മാത്രം. ഇക്കാര്യത്തിൽ കോൺഗ്രസി​െൻറ അഭിപ്രായം അറിയാൻ ആഗ്രഹമുണ്ട്. ലീഗിനെക്കൊണ്ട് അഭിപ്രായം പറയിച്ചാൽ പോരാ. കോടതിയുടെ അഭിപ്രായം വന്നയുടനെതന്നെ തോമസ് ചാണ്ടി രാജിെവച്ചിരുന്നെങ്കിൽ പ്രശ്നങ്ങൾ ഒഴിവാക്കാമായിരുന്നു. മുന്നണി സംവിധാനത്തിൽ സി.പി.ഐക്ക് അവരുടെ അഭിപ്രായം പറയാൻ അവകാശമുണ്ട്. - ബാലകൃഷ്ണപിള്ള പറഞ്ഞു. ചാണ്ടി അഴിമതിക്കാരനല്ല. അധ്വാനിച്ചു പണം സമ്പാദിച്ചയാളാണ്. എന്നാൽ, അദ്ദേഹത്തി​െൻറ ഭാഷയും ശരീരഭാഷയുമാണ് അദ്ദേഹത്തിന് വിനയായത്. സോളാർ തട്ടിപ്പുമായി ബന്ധപ്പെട്ട് ഉമ്മൻ ചാണ്ടിയെ ബ്ലാക്ക് മെയിൽ ചെയ്യണമായിരുന്നെങ്കിൽ രണ്ടര വർഷം മുമ്പേ ചെയ്യാമായിരുന്നെന്നും താൻ അത്തരക്കാരനല്ലാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യാത്തതെന്നും പിള്ള പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.