ബി.ജെ.പിക്കെതിരെ യോജിച്ച പോരാട്ടത്തിന് സി.പി.എം തയാറാകണം–മൻമോഹൻസിങ് കൊച്ചി: ബി.ജെ.പിക്ക് എതിരായ നിലപാടിൽ ആത്മാർഥതയുണ്ടെങ്കിൽ സി.പി.എം ദേശീയതലത്തിൽ കോൺഗ്രസുമായി സഹകരിക്കണെമന്നും ബി.ജെ.പിയുടെ ദുർഭരണത്തിനും വിഭജന രാഷ്ട്രീയത്തിനുമെതിരെ യോജിച്ച് പോരാടണമെന്നും മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻസിങ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥക്ക് എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മൂന്നര വർഷക്കാലത്തെ നരേന്ദ്ര മോദിയുടെ ഭരണം ദുരിതവും കഷ്പ്പാടും മാത്രമാണ് ജനങ്ങൾക്ക് സമ്മാനിച്ചത്. കറൻസി നിരോധനം ചരിത്രപരമായ മണ്ടത്തരമാണ്. ഈ സാഹസം കർഷകരെയും ചെറുകിട വ്യാപാരികളെയും വ്യവസായങ്ങളെയും പ്രതിസന്ധിയിലാക്കി. ഇതിന് പിന്നാലെ നടപ്പാക്കിയ ജി.എസ്.ടി ജനങ്ങളുടെ ദുരിതം ഇരട്ടിയാക്കി. വിലക്കയറ്റത്തിനൊപ്പം തൊഴിലില്ലായ്മയും വർധിക്കുകയാണ്. കഴിഞ്ഞ മൂന്നരവര്‍ഷമായി ബി.ജെ.പി മതേതര, ജനാധിപത്യ മൂല്യങ്ങളെ മുറിവേല്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ഭിന്നിപ്പിച്ചും മതസൗഹാർദം തകർത്തും ജനവിരുദ്ധ നടപടികള്‍ കൈക്കൊണ്ടും രാജ്യത്തെ പിന്നോട്ട് നയിക്കുകയാണ്. ബി.ജെ.പി ക്കെതിരെ ഒന്നിച്ച് നില്‍ക്കാന്‍ സി.പി.എമ്മും ഇടത് മുന്നണിയും തയാറുണ്ടോ എന്നും അതോ സമദൂരത്തില്‍ നിര്‍ത്താനാണോ ആഗ്രഹിക്കുന്നതെന്നും മൻമോഹൻസിങ് ചോദിച്ചു. കേരളത്തിൽ എൽ.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ഭരണം വിലയിരുത്താന്‍ ഇത് ചെറിയ കാലയളവാണിതെങ്കിലും സംസ്ഥാനത്തെ നിയമവാഴ്ച തകിടം മറിഞ്ഞിരിക്കുകയാണെന്നാണ് മനസ്സിലാകുന്നത്. എല്ലാ ജനാധിപത്യ വിശ്വാസികളെയും ഒന്നിപ്പിക്കുന്ന പടയൊരുക്കം യാത്ര കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ദുർഭരണത്തിനെതിരായ പോരാട്ടത്തിന് കരുത്തു പകരുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ വയലാര്‍ രവി, പ്രഫ. കെ.വി. തോമസ്, കെ.സി. വേണുഗോപാൽ, കോൺഗ്രസ് വക്താവ് പി.സി. ചാക്കോ, യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചന്‍, കെ. മുരളീധരന്‍, യു.ഡി.എഫ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, അബ്ദുസമദ് സമദാനി, എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി, ഡോ.എം.കെ. മുനീര്‍, ജോണി നെല്ലൂര്‍, സി.പി. ജോണ്‍, വര്‍ഗീസ് ജോര്‍ജ്, ജി. ദേവരാജന്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.