എം.ആർ കാമ്പയിൻ സമാപനം നാളെ; തീയതി വീണ്ടും നീട്ടിയേക്കും

കോഴിക്കോട്: മീസിൽസും റുബെല്ലയും തുടച്ചുമാറ്റുക എന്ന ലക്ഷ്യവുമായി തുടക്കമിട്ട കുത്തിവെപ്പ് കാമ്പയിൻ ലക്ഷ്യം പൂർത്തിയാക്കുന്നതിനായി വീണ്ടും നീട്ടാൻ സാധ്യത. എന്നാൽ ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പി​െൻറ ഔദ്യോഗിക അറിയിപ്പുകൾ വന്നിട്ടില്ല. പത്തനംതിട്ട, ആലപ്പുഴ പോലുള്ള തെക്കൻ ജില്ലകളിൽ 95 ശതമാനത്തിലേറെ പൂർത്തിയാക്കി മുന്നിൽ നിൽക്കുമ്പോൾ മലപ്പുറം, കോഴിക്കോട് ജില്ലകൾ ഏറെ പിറകിലാണ്. ഏറെ പരിതാപകരമായ മലപ്പുറത്തെ പ്രത്യേക സാഹചര്യത്തിൽ ഇവിടെയെങ്കിലും നീട്ടേണ്ടി വരുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിലവിൽ ശനിയാഴ്ച സമാപിക്കേണ്ട കാമ്പയിനിലൂടെ ബുധനാഴ്ച വരെ കുത്തിവെപ്പെടുത്തത് 75 ശതമാനം പേരാണ്. ഒക്ടോബർ മൂന്നിന് തുടങ്ങി നവംബർ മൂന്നിന് സമാപിക്കേണ്ടിയിരുന്ന കാമ്പയിൻ ലക്ഷ്യം പകുതി മാത്രം പൂർത്തിയാക്കിയതിനെത്തുടർന്ന് നവംബർ 18ലേക്ക് നീട്ടുകയായിരുന്നു. എന്നിട്ടും വിചാരിച്ച ലക്ഷ്യം നേടിയെടുക്കാൻ കഴിഞ്ഞില്ല. ഇതാണ് ലക്ഷ്യം ഏറെക്കുറെ പൂർത്തിയാക്കുന്നതുവരെ നീട്ടിക്കൊണ്ടുപോവാൻ ആരോഗ്യപ്രവർത്തകരെ പ്രേരിപ്പിക്കുന്നത്. 90 ശതമാനം പേർക്കെങ്കിലും കുത്തിവെപ്പെടുത്തില്ലെങ്കിൽ കോടികൾ മുടക്കിയ കാമ്പയിൻ നിഷ്ഫലമാവുമെന്ന് തുടക്കത്തിൽ ആരോഗ്യവകുപ്പിലെ ഉന്നതർ തന്നെ വ്യക്തമാക്കിയിരുന്നു. കാമ്പയിൻ നീട്ടണോ എന്ന കാര്യം വെള്ളിയാഴ്ച നടക്കുന്ന യോഗത്തിൽ തീരുമാനിക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത അറിയിച്ചു. ഇതുവരെ കുത്തിവെപ്പെടുക്കാത്ത കുട്ടികൾക്ക് വെള്ളി, ശനി ദിവസങ്ങളിൽ കുത്തിവെപ്പ് നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. ടാർജറ്റിലെ പിഴവ്; തിരുത്തിയെഴുതി ജില്ല ആരോഗ്യവകുപ്പ് കോഴിക്കോട്: കുത്തിവെപ്പ് കാമ്പയിൻ അവസാനിക്കാൻ ഇനി രണ്ടുനാൾ മാത്രം അവശേഷിക്കേ ടാർജറ്റ് കൃത്യമായി രേഖപ്പെടുത്തുന്നതിൽ ജില്ല ആരോഗ്യവകുപ്പിനു സംഭവിച്ച പിഴവ് ചർച്ചയാവുന്നു. ചെറൂപ്പ, ഒളവണ്ണ ബ്ലോക്കുകളിലാണ് കുത്തിവെപ്പെടുക്കേണ്ട കുട്ടികളുടെ എണ്ണത്തിൽ വലിയ വ്യത്യാസമുള്ളത്. ചെറൂപ്പയിൽ 10,000 വും ഒളവണ്ണയിൽ 3000വുമാണ് അധികമായി കുത്തിവെപ്പെടുക്കേണ്ട ലക്ഷ്യമായി രേഖപ്പെടുത്തിയത്. സംഭവം വാർത്തയായതോടെ കഴിഞ്ഞ ദിവസം ടാർജറ്റ് തിരുത്തുകയായിരുന്നു. ഇതോടെ 49 ശതമാനത്തോടെ ജില്ലയിൽ ഏറ്റവും പിറകിലാ‍യിരുന്ന െചറൂപ്പ ബ്ലോക്ക് നില മെച്ചപ്പെടുത്തിയിട്ടുണ്ട്. 25,000 പേർക്ക് കുത്തിവെപ്പെടുക്കേണ്ട ബ്ലോക്കിൽ 35,000 പേർക്ക് കുത്തിവെപ്പെടുക്കാനാണ് ടാർജറ്റ് നൽകിയിരുന്നത്. ഒളവണ്ണയിൽ 43,806 ആണ് ടാർജറ്റ് നൽകിയിരുന്നതെങ്കിലും ഇവിടെയും 3000 കുട്ടികളുടെ എണ്ണം അധികമായി കണ്ടെത്തി. ഈ രണ്ടിടത്തെയും പിഴവാണ് തിരുത്തപ്പെട്ടത്. ഇതോടെ ജില്ലയിൽ നവംബർ 14ന് 68.9 ശതമാനമുണ്ടായിരുന്ന ജില്ല രണ്ടുദിവസം കൊണ്ട് 73.2 ശതമാനമായി. കുട്ടികളുടെ എണ്ണം നൽകിയതിലെ അപാകതയാണ് ടാർജറ്റിൽ പിഴവുണ്ടാകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. ജില്ലയിലെ കുത്തിവെപ്പ് പുരോഗതി വിലയിരുത്താനും തുടർപ്രവർത്തനങ്ങൾ ആലോചിക്കാനുമായി കലക്ടറുടെ അധ്യക്ഷതയിൽ സ്കൂൾ അധികൃതരുടെയും ആരോഗ്യപ്രവർത്തകരുടെയും യോഗം വെള്ളിയാഴ്ച രാവിലെ 10ന് കലക്ടറേറ്റിൽ ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.