നിയമം ലംഘിച്ച് വീട് നിർമിച്ചാൽ എൻജിനീയറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കും -മന്ത്രി ജലീൽ കോട്ടയം: കെട്ടിട നിയമം ലംഘിച്ച് വീടുകൾ നിർമിച്ചതായി കണ്ടെത്തിയാൽ ഇതിനു നേതൃത്വം നൽകിയ എൻജിനീയറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കുമെന്ന് മന്ത്രി ഡോ. കെ.ടി. ജലീൽ. കെട്ടിട നിയമം ലംഘിച്ച് നിർമിക്കപ്പെട്ട ധാരാളം വീടുകൾ സംസ്ഥാനത്തുണ്ട്. ഇവ പൊളിച്ചുമാറ്റുന്നത് എളുപ്പമല്ല. 1500 ചതുരശ്ര അടിവരെയുള്ള ഇത്തരം വീടുകൾക്ക് താൽക്കാലിക കെട്ടിട നമ്പർ നൽകാൻ തീരുമാനമായിട്ടുണ്ട്. 1500 ചതുരശ്ര അടിക്കു മുകളിലുള്ള വീടുകൾക്കും താൽക്കാലിക കെട്ടിട നമ്പർ നൽകുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകും. നിശ്ചിത പിഴ ഇതിനായി ഇൗടാക്കും. ഈ ആനുകൂല്യം ഇതുവരെയുള്ള കെട്ടിടങ്ങൾക്ക് മാത്രമായിരിക്കും. ഇനിയും ഇത്തരം നിയമലംഘനം റിപ്പോർട്ട് ചെയ്യപ്പെട്ടാൽ നേതൃത്വം വഹിക്കുന്ന എൻജിനീയറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു. മണർകാട് ഗ്രാമപഞ്ചായത്തിെൻറ നവീകരിച്ച കാര്യാലയത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ചെലവ് മുൻകാലങ്ങളെക്കാൾ മെച്ചമാണ്. ഈ സാമ്പത്തിക വർഷം ഇതുവരെ പദ്ധതി തുകയുടെ 26 ശതമാനം ചെലവഴിച്ചുകഴിഞ്ഞു. ഇത്തവണ ജൂൺ 15നു മുമ്പുതന്നെ വികസനരേഖ തയാറാക്കാനും പദ്ധതികൾക്ക് അംഗീകാരം നേടാനും കഴിഞ്ഞിട്ടുണ്ട്. ഡിസംബറോടെ പദ്ധതിയുടെ 75 ശതമാനം പൂർത്തീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഓരോ പഞ്ചായത്തിലും സ്ഥാപിച്ചിട്ടുള്ള പരാതിപ്പെട്ടികളിൽ നിക്ഷേപിക്കുന്ന പരാതികൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെയും ജനങ്ങളുടെയും സാന്നിധ്യത്തിൽ തുറന്നു പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. അസി. എൻജിനീയർ ഇല്ലാത്ത സാഹചര്യത്തിൽ പ്രവർത്തന തടസ്സം ഉണ്ടാകാതിരിക്കാൻ തൊട്ടു താഴെയുള്ള ഉദ്യോഗസ്ഥർക്ക് ചുമതല നൽകും. ഒരു പഞ്ചായത്തിന് ഒരു അസി. എൻജിനീയറുടെയെങ്കിലും സേവനം ഉറപ്പുവരുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് േഗ്രസി കരിമ്പന്നൂർ അധ്യക്ഷതവഹിച്ചു. കെ.എ.ഡി.സി.ഒ ചെയർമാൻ നടുവത്തൂർ സുന്ദരേശനെയും റബ്കോ പ്രതിനിധി എസ്. ശ്രീരാജിനെയും ചടങ്ങിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ജോസ്ന മോൾ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മാത്തച്ചൻ താമരശ്ശേരി, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡൻറ് കുഞ്ഞുപുതശ്ശേരി, ജില്ല പഞ്ചായത്ത് അംഗങ്ങളായ ജെസിമോൾ മനോജ,് ലിസമ്മ ബേബി തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോജി പി. ജോൺ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി എം. ബിജുകുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.