കണ്ണൂർ നേതാക്കൾക്കിടയിലെ പോര് മറനീക്കുന്നു ടി.വി. വിനോദ് കണ്ണൂർ: സി.പി.എമ്മിെല അധികാര സമവാക്യ ചർച്ചകളിൽ ആവർത്തിക്കപ്പെടുന്ന പദപ്രയോഗമാണ് കണ്ണൂർ ലോബി. പാർട്ടിയെ നിയന്ത്രിച്ചുപോരുന്ന കണ്ണൂർ ലോബിയിൽ വിള്ളലുകൾ രൂപപ്പെടുന്നതിെൻറ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. കണ്ണൂർ ജില്ല സെക്രട്ടറി പി. ജയരാജനെതിരായ വ്യക്തിപൂജ ആരോപണം അതിൽ ഒടുവിലത്തേതാണ്. നേരത്തേ ഇ.പി. ജയരാജെൻറ മന്ത്രിസ്ഥാനം നഷ്ടമായ ബന്ധുനിയമന വിവാദം പൊങ്ങിവന്നതും കണ്ണൂരിലെ പോരിലാണ്. പി. ജയരാജനെതിരായ വ്യക്തിപൂജ ആരോപണം സംസ്ഥാന സെക്രേട്ടറിയറ്റിൽ ആദ്യം ഉന്നയിച്ചത് കണ്ണൂരിൽ നിന്നുള്ള മുതിർന്ന നേതാവാണ്. ഇതേ നേതാവിെൻറ സ്വാധീനത്തിലുള്ള മൊറാഴ ഏരിയ കമ്മിറ്റിയാണ് ഇ.പി. ജയരാജനെതിരായ ബന്ധുനിയമന പ്രശ്നത്തിൽ ആദ്യം പരാതി ഉന്നയിച്ചതും. കണ്ണൂർ ലോബിയിൽ പിണറായി വിജയെൻറ അടുത്തയാളുകളായി അറിയപ്പെടുന്നവരാണ് ഇ.പി. ജയരാജനും പി. ജയരാജനും. സംസ്ഥാന നേതൃത്വം ഇരുവർക്കുമെതിരെ തിരിയുന്നത് കണ്ണൂർ ലോബിയിലെ സമവാക്യങ്ങൾ മാറിമറിയുന്നതിെൻറ കൂടി സൂചനയാണ്. പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, എം.വി. ഗോവിന്ദൻ, ഇ.പി. ജയരാജൻ എന്നിവരാണ് കണ്ണൂരിൽനിന്നുള്ള സംസ്ഥാന സെക്രേട്ടറിയറ്റ് അംഗങ്ങൾ. ഇക്കുറി സംസ്ഥാന സമ്മേളനം പൂർത്തിയാകുന്നതോടെ പി. ജയരാജൻ സംസ്ഥാന സെക്രേട്ടറിയറ്റിലേക്ക് ഉയർത്തപ്പെടുമെന്നാണ് കരുതപ്പെട്ടിരുന്നത്. അങ്ങനെ പി. ജയരാജൻ ഉയർന്നുപോകുന്നതിൽ മറ്റുള്ളവർക്കുള്ള ആശങ്കയാണ് ഇൗ ഘട്ടത്തിൽ വ്യക്തിപൂജ ആക്ഷേപം ഉയർന്നതിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. 'ജയരാജന് പിന്നിൽ അണിയായി, നവകേരളം ഒറ്റ മനസ്സായ്...' എന്നിങ്ങനെയാണ് വിവാദ വിഡിയോ ആൽബത്തിലെ വരികൾ. പിണറായിക്ക് പിന്നിൽ പാർട്ടിയെ നയിക്കാൻ പി. ജയരാജനെന്ന പരാമർശങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ കണ്ണൂർ പാർട്ടി കൂട്ടായ്മകളിൽ ആവർത്തിച്ച് ഉയരുന്നുമുണ്ട്. പാർട്ടി പൊതുയോഗങ്ങളിൽ പിണറായിക്കും കോടിയേരിക്കും കിട്ടുന്നതിനേക്കാൾ കൂടുതൽ കൈയടി പി. ജയരാജൻ വാങ്ങുന്നു. കണ്ണൂർ ലോബിയിലെ വിള്ളൽ പരസ്യമാക്കുന്ന നിലയിലേക്ക് ജയരാജനെ സംസ്ഥാന നേതൃത്വം വിമർശിക്കുന്നതിലേക്ക് നയിച്ച പ്രകോപനവും ഇതുതന്നെ. പി. ജയരാജനെതിരായ വ്യക്തിപൂജ ആക്ഷേപം സെക്രേട്ടറിയറ്റിൽ ഉയർന്നപ്പോൾ പിണറായിയും കോടിയേരിയും ഉൾപ്പെടെയുള്ളവർ പിന്തുണച്ചതിെൻറ സാഹചര്യവും മറ്റൊന്നല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.