കോട്ടയം: പരാതിക്കൊടുവിൽ കോട്ടയത്തെ റോഡുകൾ നവീകരിക്കാൻ കെ.എസ്.ടി.പി തീരുമാനിച്ചു. തിമിർത്തുപെയ്യുന്ന മഴയിൽ കോട്ടയം റൗണ്ടാനമുതൽ നാഗമ്പടം റെയിൽവേ മേൽപാലംവരെ ഭാഗം തകർന്നത് വൻ ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കിയിരുന്നു. നഗരത്തിലെ ടാറിങ് ജോലികൾ നവംബർ 20നകം പൂർത്തീകരിക്കുമെന്നാണ് പറയുന്നത്. കെ.എസ്.ടി.പി. രണ്ടാംഘട്ട വികസനത്തിെൻറ ഭാഗമായി എം.സി റോഡിലെ ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ റീച്ചില്‍ കോട്ടയം നഗരഹൃദയം ഒഴികെ ഭാഗങ്ങളിലെ നവീകരണം പൂർത്തിയായിരുന്നു. പ്രധാനമായും റൗണ്ടാനമുതല്‍ റെയില്‍വേ മേല്‍പാലം ജങ്ഷൻവരെ നവീകരണമാണ് നടക്കുക. നേരേത്ത റൗണ്ടാനമുതല്‍ നാഗമ്പടംവരെ ഭാഗം വീതികൂട്ടി ഒാട നിർമിച്ചിരുന്നു. നവീകരണത്തിെൻറ ഭാഗമായി പഴയ ടാറിങ് പൂർണമായും പൊളിച്ചുനീക്കിയാണ് നിർമാണം. ഇതോടെ, ബേക്കര്‍ ജങ്ഷനിലെ ട്രാഫിക് ഐലന്‍ഡിനും മാറ്റമുണ്ടായേക്കും. ടാറിങ് പൂര്‍ത്തിയായാലും റൗണ്ടാന പൊളിച്ചിട്ടിരിക്കുന്നതും ആകാശപ്പാത നിര്‍മാണം പൂര്‍ത്തിയാകാത്തതും തിരിച്ചടിയാകും. അതേസമയം, ടാറിങ് നടക്കുന്നവേളയിൽ നഗരത്തിലുണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ ഗതാഗത ക്രമീകരണം ഏർപ്പെടുത്താൻ പൊലീസും തീരുമാനിച്ചു. എന്നാൽ, 10 ദിവസത്തെ റൂട്ട് ക്രമീകരണം സംബന്ധിച്ച് അന്തിമ തീരുമാനമായില്ല. 16ന് മണ്ഡലകാലം ആരംഭിക്കുന്നതിനാല്‍ റോഡ് നിര്‍മാണം കനത്ത ഗതാഗതക്കുരുക്കിന് ഇടയാക്കുമെന്ന ആശങ്കയുണ്ട്. എം.സി റോഡിൽ നഗരകവാടമായ നാട്ടകം മുതൽ നാഗമ്പടംവരെ ഭാഗങ്ങളിൽ വലിയ കുഴികൾ രൂപപ്പെട്ടിട്ടും കെ.എസ്.ടി.പി അധികൃതർ അനങ്ങിയിരുന്നില്ല. അടുത്തിടെ അത്യാധുനിക നിലവാരത്തിൽ പണിപൂർത്തിയാക്കിയ റോഡിൽ പോലും കുണ്ടും കുഴിയും നിറഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടത് കനത്ത ഗതാഗക്കുരുക്കിന് ഇടയാക്കായിരുന്നു. മഴയെ പഴിച്ച് കെ.എസ്.ടി.പി അധികൃതർ അറ്റകുറ്റപ്പണി നീട്ടിയതാണ് സ്ഥിതി വഷളാക്കിയത്. നഗരഹൃദയത്തിലടക്കം ഒാട പൂർണമായും അടഞ്ഞത് കാൽനടക്കാരടക്കമുള്ളവർക്ക് ദുരിതം ഇരട്ടിയാക്കി. ഇരുചക്രവാഹനയാത്രക്കാർ കുഴികളിൽ ചാടിമറിഞ്ഞുള്ള യാത്ര ചിലയിടങ്ങളിൽ അപകടവും വരുത്തിവെക്കുന്നു. നിർമാണത്തിലെ അപാകതയാണ് ടാറിങ് നടത്തിയഭാഗം പൊളിയാൻ കാരണമെന്ന് ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.