വിമാനത്താവളത്തിൽ മലയാളി ദമ്പതികളുടെ ബാഗേജ്​ കവർന്നു

നെടുമ്പാശ്ശേരി: അമേരിക്കയിൽനിന്ന് എത്തിയ മലയാളി ദമ്പതികളുടെ നാല് ബാഗേജുകൾ വിമാനത്താവളത്തിൽ കവർന്നു. അമേരിക്കയിൽ നഴ്സുമാരായ മുണ്ടക്കയം സ്വദേശി ചാക്കോ കുര്യൻ, ഭാര്യ ഏലിക്കുട്ടി എന്നിവരുടെ ലഗേജുകളിലെ മൊബൈൽ ഫോണുകൾ, കാമറകൾ ഉൾപ്പെടെ ലക്ഷങ്ങളുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. പുലർച്ച 2.20നാണ് ഖത്തർ എയർവേസ് വിമാനത്തിലാണ് ഇവരെത്തിയത്. ബാഗേജുകൾ ഫ്ലാറ്റിലെത്തി തുറന്നുനോക്കിയപ്പോഴാണ് ഏതാനും വസ്ത്രങ്ങളൊഴികെ വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും നഷ്ടപ്പെട്ടതായി അറിയുന്നത്. എട്ടു മണിയോടെ വിമാനത്താവളത്തിൽ പരാതി നൽകിയപ്പോൾ വിമാനത്താവളത്തിൽെവച്ചുതന്നെ തുറന്നുനോക്കാതിരുന്നത് എന്തുകൊണ്ടായിരുന്നുവെന്നായിരുന്നു ഖത്തർ എയർവേസ് അധികൃതരുടെ ചോദ്യമെന്ന് ദമ്പതികൾ ആേരാപിച്ചു. ബാഗേജുകൾ ക്ലിയർചെയ്ത് കിട്ടുന്നതിന് പതിവിലും കൂടുതൽ സമയമെടുത്തതും ഒരു ജീവനക്കാരി ബാഗേജ് രണ്ട് പ്രാവശ്യം സൂക്ഷ്മമായി നിരീക്ഷിച്ചതും സംശയത്തിനിടയാക്കുന്നുണ്ടെന്ന് ഇവർ പറയുന്നു. 44 വർഷമായി ഇവർ അമേരിക്കയിലാണ്. ചാക്കോ കുര്യൻ നഴ്സിങ് ജോലിയിൽനിന്ന് വിരമിച്ചശേഷം അവിടെ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിവരുകയാണ്. എല്ലാ വർഷവും നാട്ടിലെത്താറുണ്ട്. ബാഗേജുകൾ താഴിട്ട് പൂട്ടരുതെന്ന് വിമാനക്കമ്പനി അധികൃതർ നിർദേശിച്ചിരുന്നതുകൊണ്ടാണ് പ്ലാസ്റ്റിക്കുകൊണ്ട് ഭദ്രമായി പാക്ക് ചെയ്തത്. ചെറിയൊരു ബാഗേജിനകത്തുണ്ടായിരുന്ന 13 കുപ്പി വിലകൂടിയ പെർഫ്യൂം, അഞ്ച് വാച്ചുകൾ, മാഗിലൈറ്റുകൾ, ഷർട്ടുകൾ, ഡയബറ്റിക് പരിശോധിക്കുന്ന കിറ്റ്, നാല് ലേഡീസ് ബാഗുകൾ എന്നിവയും കവർന്നു. നെടുമ്പാശ്ശേരി പൊലീസിനും ടെർമിനൽ മാനേജർക്കും പരാതി നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലെ സി.സി ടി.വി കാമറകൾ പരിശോധിക്കുന്നതുൾപ്പെടെ അന്വേഷണം ഉൗർജിതമാക്കുമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.