ശബരിമല: ഇത്തവണ 30​ ഡോക്​ടർമാരെ നിയമിക്കും തീർഥാടകർ മരുന്നുകൾ മുടക്കരുത്​, ചികിത്സാരേഖ കൈയിൽ കരുതണം

പത്തനംതിട്ട: ശബരിമല മണ്ഡല-മകരവിളക്ക് കാലത്തേക്ക് ആരോഗ്യവകുപ്പ് വിപുലമായ തയാറെടുപ്പുകൾ നടത്തിയതായി ആരോഗ്യഡയറക്ടർ ഡോ.സി.ആർ. സരിത. 30 ഡോക്ടർമാരെ പ്രത്യേകമായി നിയമിക്കും. ഇതിൽ അഞ്ചുപേർ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ശബരിമല വാർഡിലേക്കായിരിക്കുമെന്ന് അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിവിധ ആശുപത്രികളിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും. ആരോഗ്യവകുപ്പിലെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും പുരുഷനഴ്സുമാരെ ഡ്യൂട്ടിക്കായി നിയോഗിക്കും. അപ്പാച്ചിമേട്, നീലിമല ആശുപത്രികൾ 14ന് പ്രവർത്തിച്ചു തുടങ്ങും. പമ്പ മുതൽ സന്നിധാനംവരെ 15 അടിയന്തര വൈദ്യസഹായ കേന്ദ്രങ്ങളാണ് ആരംഭിക്കുന്നത്. ഇവ 16ന് പ്രവർത്തിച്ചു തുടങ്ങും. പന്തളം വലിയ കോയിക്കൽ താൽക്കാലിക ആശുപത്രി 14ന് ആരംഭിക്കും. ജില്ലയിലെ 35 ആംബുലൻസുകൾക്ക് പുറമെ മറ്റ് ജില്ലകളിൽനിന്നുള്ള 14 ആംബുലൻസുകളും തീർഥാടന കാലയളവിൽ ഉണ്ടാകും. ഇതിൽ നാലെണ്ണം ആധുനിക എ.എൽ.എസ് വിഭാഗത്തിൽപെട്ടതാണ്. എട്ട് 108 ആംബുലൻസുകളുടെ സേവനം ലഭ്യമാക്കാനും ശ്രമം നടക്കുന്നു. എരുമേലി ആശുപത്രി 24 മണിക്കൂറും പ്രവർത്തിക്കും. കാഞ്ഞിരപ്പള്ളി ആശുപത്രിയിലും സൗകര്യം വർധിപ്പിക്കും. ജനുവരി ഒന്ന് മുതൽ 14വരെ കരിമലയിൽ താൽക്കാലിക ഡിസ്പെൻസറി പ്രവർത്തിക്കും. അപ്പം, അരവണ പ്ലാൻറുകളിലെ തൊഴിലാളികൾക്ക് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. ഹോട്ടൽ തൊഴിലാളികൾ ഹെൽത്ത് കാർഡുമായി മാത്രമേ എത്താവൂവെന്നും അറിയിച്ചിട്ടുണ്ട്. തീർഥാടകർ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകൾ വ്രതം ആരംഭിക്കുന്നതോടെ നിർത്തരുതെന്ന് ഡയറക്ടർ അഭ്യർഥിച്ചു. ചികിത്സാരേഖകൾ കൈവശം കരുതണമെന്ന് തീർഥാടകരെ അറിയിക്കുന്നതിന് വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പ് സെക്രട്ടറിമാരോട് അഭ്യർഥിച്ചിട്ടുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും dhssabarimala@gmail.com ഇ-മെയിലിൽ അറിയിക്കാമെന്നും അവർ പറഞ്ഞു. ആരോഗ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി വിനോദ് പാച്ചേനി, ജില്ല മെഡിക്കൽ ഒാഫിസർ ഡോ.എൽ. അനിതകുമാരി, ശബരിമല ചാർജ് ഒാഫിസർ ഡോ.ആർ. സന്തോഷ് കുമാർ, സംസ്ഥാന അസി. നോഡൽ ഒാഫിസർ ഡോ.വി. അനിൽ തുടങ്ങിയവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.