കോട്ടയം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സേവന വേതന വ്യവസ്ഥയും മറ്റ് ആനുകൂല്യവും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ നടത്തിയ അനിശ്ചിതകാലസമരത്തിൽ ജില്ലയിലെ 983 കടകൾ അടഞ്ഞുകിടന്നു. റേഷന്‍ വ്യാപാരികളുടെ വേതന പാക്കേജ് നടപ്പാക്കുക, ഇ-പോസ് മെഷീൻ സ്ഥാപിക്കുക, വാതില്‍പടി വിതരണത്തിലെ അപാകത പരിഹരിച്ച് അളവിലും തൂക്കത്തിലും കൃത്യത ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് റേഷൻ ഡീലേഴ്സ് സംയുക്ത സമരസമിതി നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന സമരത്തിെൻറ ഭാഗമായാണ് കടകൾ അടച്ചിട്ടത്. കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ, ചങ്ങനാശ്ശേരി താലൂക്കുകളിലെ സപ്ലൈകോ ഒാഫിസുകൾക്ക് മുന്നിൽ റേഷൻവ്യാപാരികൾ പ്രതിഷേധ ധർണ നടത്തി. കോട്ടയത്ത് നഗരംചുറ്റി നടത്തിയ പ്രകടനത്തിനുശേഷം താലൂക്ക് സെപ്ലെകോ ഒാഫിസിന് മുന്നിൽ നടന്ന ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം. ദിലീപ്കുമാർ അധ്യക്ഷതവഹിച്ചു. നേതാക്കളായ ബാബു ചെറിയാൻ, ജയിംസ് വാഴക്കാല, രാജു പി. കുര്യൻ, ലിയാക്കത്ത് ഉസ്മാൻ, അലക്സ് മാത്യു, എ.ബി. പ്രവീൺകുമാർ, ആർ.ആർ. മോഹനക്കുറുപ്പ് എന്നിവർ സംസാരിച്ചു. ശബരിമല തീർഥാടനം: ആരോഗ്യസേവനം കുറ്റമറ്റതാക്കും - ആരോഗ്യവകുപ്പ് ഡയറക്ടര്‍ എരുമേലി: മണ്ഡലകാലത്ത് ജില്ലയിലെത്തുന്ന തീർഥാടകർക്ക് കുറ്റമറ്റതും കാര്യക്ഷമവുമായ ആരോഗ്യസേവനം ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍. എല്‍. സരിത അറിയിച്ചു. എരുമേലിയില്‍ ജില്ലയിലെ മുന്നൊരുക്കം വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അവർ. എരുമേലി സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യം ഡയറക്ടര്‍ നേരിട്ടുവിലയിരുത്തി. ഇടത്താവളങ്ങള്‍ കേന്ദ്രീകരിച്ച് മുഴുവന്‍സമയ ആരോഗ്യസേവനങ്ങള്‍ ലഭ്യമാക്കും. ഇതിനൊപ്പം പരമാവധി ആംബുലന്‍സുകളും ലഭ്യമാക്കും. മണ്ഡലകാലത്ത് കൊതുക് ജന്യരോഗങ്ങള്‍ തടയാൻ ശക്തമായ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തും. കോളറ, വയറിളക്കം, മഞ്ഞപ്പിത്തം രോഗങ്ങൾ പടരാതിരിക്കാൻ ജലസ്രോതസ്സുകളുടെ മലിനീകരണം തടയുന്നതിന് പൊതുജനാരോഗ്യനിയമം കര്‍ശനമായി നടപ്പാക്കും. ഹോട്ടലുകള്‍, റസ്റ്റാറൻറുകൾ, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിൽ സുരക്ഷിതമായ വെള്ളവും ശുചിത്വവും ഉറപ്പാക്കാൻ പരിശോധന കർശനമാക്കും. തീര്‍ഥാടനവേളയില്‍ ജില്ലയിലെത്തുന്നവര്‍ക്ക് ശരിയായ ആരോഗ്യബോധവത്കരണം നല്‍കാൻ യോഗം തീരുമാനിച്ചു. ഡി.എം.ഒ ഡോ. ജേക്കബ് വര്‍ഗീസ്, ആരോഗ്യമന്ത്രിയുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി വിനോദ് പാച്ചേനി, ആരോഗ്യവകുപ്പ് അസി. ഡയറക്ടർ ഡോ.വി അനില്‍, സംസ്ഥാന മാസ് മീഡിയ ഒാഫിസര്‍ അനില്‍ കുമാര്‍, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ, എരുമേലി മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. വിനോദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.