മീനച്ചിലാര്‍ തീരം പതിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലറുടെ സഹോദരന്‍

ഏറ്റുമാനൂര്‍: മീനച്ചിലാര്‍ തീരം കൈയേറ്റം വിവാദമായതിനു പിന്നാലെ ആറ്റുപുറമ്പോക്ക് തനിക്ക് പതിച്ചുതരണമെന്ന ആവശ്യവുമായി നഗരസഭ കൗണ്‍സിലറുടെ സഹോദരന്‍ റവന്യൂ അധികൃതരെ സമീപിച്ചു. ഏറ്റുമാനൂര്‍ നഗരസഭ കൗണ്‍സിലര്‍ എന്‍.എസ്. സ്കറിയയുടെ സഹോദരന്‍ പേരൂര്‍ നടുമാലിയില്‍ എന്‍.എസ്. മാണിയാണ് (കൊച്ചുമോന്‍) മീനച്ചിലാറി​െൻറ തീരത്തെ 28 സ​െൻറ് സ്ഥലത്തിന് അവകാശവാദം ഉന്നയിച്ച് കോട്ടയം തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചത്. മീനച്ചിലാറി​െൻറ തീരത്തെ വിവാദമായ പുറമ്പോക്ക് കൈയേറ്റം അളന്ന് തിട്ടപ്പെടുത്തുന്ന സർവേ കഴിഞ്ഞ ജനുവരി 13ന് പൂര്‍ത്തിയായിരുന്നു. ഏറ്റുമാനൂര്‍ നഗരസഭ 18ാം വാര്‍ഡില്‍ പേരൂര്‍ വില്ലേജില്‍ പെട്ട 35 ഏക്കറോളം ആറ്റുതീരമാണ് പല രീതിയില്‍ സ്വകാര്യ വ്യക്തികള്‍ കൈയേറിയിരുന്നതെന്ന് സർവേയിൽ വെളിപ്പെട്ടിരുന്നു. കെട്ടിടം നിര്‍മിച്ചും കയ്യാലയും മതിലും കെട്ടി തിരിച്ചെടുത്തുമുള്ള ആറ് കൈയേറ്റമാണ് അന്ന് കണ്ടെത്തിയത്. കൂടാതെ പുറമ്പോക്ക് കൈയേറി സ്വകാര്യ വ്യക്തി മണലൂറ്റിയതിനെ തുടര്‍ന്നുണ്ടായ കുളവും കണ്ടെത്തിയിരുന്നു. ഇവര്‍ക്ക് കൈയേറ്റം ഒഴിയാന്‍ റവന്യൂ അധികൃതര്‍ നോട്ടീസും നല്‍കിയിരുന്നു. പുറമ്പോക്ക് സ്ഥലത്ത് കൃഷി ചെയ്തിരുന്നെങ്കിലും പ്രത്യക്ഷത്തില്‍ കൈയേറ്റം കാണാത്തതിനാല്‍ എന്‍.എസ്. മാണി ഉള്‍പ്പെടെയുള്ള കുറെ പേര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നില്ല. ഇതിനുശേഷമാണ് കഴിഞ്ഞ മാര്‍ച്ച് 27ന് മീനച്ചിലാറി​െൻറ തീരത്തെ പുറമ്പോക്ക് ഭൂമി തനിക്ക് അവകാശപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടി മാണി തഹസില്‍ദാറെ സമീപിച്ചത്. മാണിയുടെ അപേക്ഷ തഹസില്‍ദാര്‍ പേരൂര്‍ വില്ലേജ് ഓഫിസിലേക്ക് അയച്ചതോടെ കൈയേറ്റക്കാരുടെ ലിസ്റ്റിൽ മാണിയും കടന്നുകൂടി. 1966 മുതല്‍ ത​െൻറ മാതൃപിതാവ് കൈവശംവെച്ചിരിക്കുന്നതും അദ്ദേഹത്തി​െൻറ കാലശേഷം താന്‍ അനുഭവിച്ചുവരുകയും ചെയ്യുന്ന ഒരേക്കര്‍ എട്ട് സ​െൻറ് സ്ഥലത്തില്‍പെട്ടതാണ് ഇപ്പോള്‍ പുറമ്പോക്ക് ഭൂമിയായി അളന്നു മാറ്റിയതെന്നാണ് മാണിയുടെ ആരോപണം. റീ സർവേയിൽ 74 സ​െൻറായി ചുരുങ്ങിയ ഈ സ്ഥലം 1953ല്‍ ഏറ്റുമാനൂര്‍ വില്ലേജ് ഓഫിസര്‍ അളന്ന് തിരിച്ചുതന്നുവെന്നും 1986ല്‍ പേരൂര്‍ വില്ലേജ് രൂപീകൃതമായ ശേഷം വില്ലേജ് ഓഫിസര്‍ കല്ലിട്ട് കൊടുത്തുവെന്നുമാണ് മാണിയുടെ വാദം. 12 വര്‍ഷത്തിനുശേഷം നിലവിലുള്ള സ്ഥലത്തോടൊപ്പം ചേര്‍ന്ന് കൊള്ളുമെന്ന് പറഞ്ഞിരുന്നെങ്കിലും പട്ടയം ലഭിച്ചില്ല എന്നും മാണി അപേക്ഷയില്‍ സൂചിപ്പിക്കുന്നു. 1977ന് മുമ്പ് തന്നെ മാതൃപിതാവി​െൻറ കൈവശംവെച്ച് കൃഷി ചെയ്യുന്ന സ്ഥലത്തിനു കരം അനുവദിച്ചു നല്‍കണമെന്ന് കൂടി മാണി ആവശ്യപ്പെടുന്നു. ഈ സ്ഥലത്തിന് നിരോധനക്കരം അടച്ചുവന്നിരുന്നതാണെന്നും കൈവശംവെച്ച് അനുഭവിക്കുന്നതാണെന്നും അവകാശവാദം ഉന്നയിച്ചുകൊണ്ടുള്ള മാണിയുടെ അപേക്ഷ മീനച്ചിലാര്‍ തീരം കൈയേറി എന്നതിന് തെളിവായി എടുത്തിരിക്കുകയാണ് റവന്യൂ അധികൃതർ. മാണിയുടെ അപേക്ഷ കഴിഞ്ഞ സെപ്റ്റംബർ 20ന് തഹസില്‍ദാര്‍ (എൽ.ആർ) പേരൂര്‍ വില്ലേജ് ഓഫിസര്‍ക്ക് അയച്ചുകൊടുത്തു. മാണി അവകാശവാദം ഉന്നയിച്ച 28 സ​െൻറ് സ്ഥലം കഴിഞ്ഞ 40 വര്‍ഷമായി കൈയേറിയിരിക്കുകയാണെന്ന് വ്യക്തമാക്കി കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള ശിപാര്‍ശ വില്ലേജ് ഓഫിസര്‍ ഒക്ടോബര്‍ 16ന് തഹസില്‍ദാര്‍ക്ക് കൈമാറി. പേരൂര്‍ വില്ലേജ് ബ്ലോക്ക് 30ല്‍ റീസർവേ 507ല്‍പെട്ട 8.8280 ഹെക്ടര്‍ വരുന്ന മീനച്ചിലാര്‍ പുറമ്പോക്കിലാണ് മാണി അവകാശവാദം ഉന്നയിക്കുന്ന 28 സ​െൻറ് സ്ഥലം എന്ന് വില്ലേജ് ഓഫിസര്‍ നല്‍കിയ മഹസറില്‍ പറയുന്നു. ഇവിടെ 10 റബര്‍ മരങ്ങളും കായ്ഫലമുള്ള ഒരു തെങ്ങും രണ്ട് പ്ലാവും ഏഴ് കൊക്കോമരങ്ങളും കൃഷി ചെയ്ത് വളര്‍ത്തിയിട്ടുള്ളതായും വില്ലേജ് ഓഫിസര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. PHOTO:: KTL56 meenachilar മീനച്ചിലാറി​െൻറ തീരത്തെ വിവാദമായ കൈയേറ്റഭൂമി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.