നാശത്തി​െൻറ വക്കിൽ വാഴത്തോപ്പ് കെ.എസ്​.ഇ.ബി കോളനി

ചെറുതോണി: ജില്ല പഞ്ചായത്തും വൈദ്യുതി ബോർഡും തമ്മിലെ തർക്കം നീളുന്നതിനാൽ വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനി നാശത്തി​െൻറ വക്കിൽ. നൂറേക്കറാണ് കോളനി. ഇടുക്കി അണക്കെട്ടി​െൻറ നിർമാണ സമയത്ത് ജീവനക്കാർക്ക് താമസിക്കാൻ ക്വാർട്ടേഴ്സ് പണിയുന്നതിന് വനം വകുപ്പിൽനിന്ന് ബോർഡ് പാട്ടത്തിനെടുത്തതാണ് സ്ഥലം. അണക്കെട്ടി​െൻറ നിർമാണം പൂർത്തിയായ ശേഷം ജീവനക്കാർ പോയതോടെ കോളനി അനാഥമായി. പിന്നീട് ഇടുക്കി വികസന അതോറിറ്റിക്ക് സർക്കാർ സ്ഥലം നൽകിയപ്പോൾ വാഴത്തോപ്പ് കെ.എസ്.ഇ.ബി കോളനിയും ഉൾപ്പെടുത്തി. അതോറിറ്റി പിരിച്ചുവിട്ടതോടെ സ്ഥലം ജില്ല പഞ്ചായത്തിന് കൈമാറി. ഇേതച്ചൊല്ലി തർക്കം ഉടലെടുത്തതോടെ വൈദ്യുതി ബോർഡിനും ജില്ല പഞ്ചായത്തിനും പകുതി വീതം സ്ഥലം നൽകാൻ സർക്കാർ തലത്തിൽ തീരുമാനമായി. ഇതുസംബന്ധിച്ച് അഞ്ച് സർക്കാർ സെക്രട്ടറിമാർ ഒപ്പിട്ട ഉത്തരവുമുണ്ട്. ഇതിനെതിരെ ഒരുവിഭാഗം വൈദ്യുതി ബോർഡ് ജീവനക്കാർ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തു. തുടർന്ന് സർക്കാർ തീരുമാനം നടപ്പാക്കാൻ ഹൈകോടതി നിർദേശിച്ചു. ഇതോടെ അപ്പീൽ പോയ ബോർഡ് സ്ഥലത്ത് നിർമിച്ച ക്വാർട്ടേഴ്സുകളുടെ വില ആവശ്യപ്പെട്ടു. ഇതനുസരിച്ച് പൊതുമരാമത്ത് വകുപ്പ് നിശ്ചയിച്ച 29 ലക്ഷം ജില്ല പഞ്ചായത്ത്, കെ.എസ്.ഇ.ബിക്ക് നൽകി. അതേസമയം, സ്ഥലം കൈമാറാൻ അധികൃതർ ഇപ്പോഴും തയാറാകുന്നില്ല. ജില്ല പഞ്ചായത്തിന് നൽകിയ സ്ഥലത്ത് ഒരു സർക്കാർ സ്കൂളും മാനേജ്മ​െൻറ് സ്കൂളുമുണ്ട്. സർക്കാർ സ്കൂളിന് നാലേക്കറും യു.പി സ്കൂളിന് രണ്ടേക്കറും നൽകാൻ തീരുമാനിെച്ചങ്കിലും തർക്കം മൂലം കഴിഞ്ഞിട്ടില്ല. ജില്ല പഞ്ചായത്തിന് ലഭിക്കുന്ന സ്ഥലത്ത് ജില്ല പൊലീസ് മേധാവിയുടെ കെട്ടിടസമുച്ചയം ആർ.ടി ഓഫിസ്, മിനി സിവിൽ സ്റ്റേഷൻ തുടങ്ങിയവ നിർമിക്കാനും തീരുമാനമുണ്ട്. ഇതിനുള്ള പ്രാരംഭ സർവേ നടപടികളും പൂർത്തിയായി. തുടർ നടപടികൾക്ക് ജില്ല പഞ്ചായത്ത് ഭരണസമിതി തയാറായില്ല. ഇതുമൂലം നൂറിലധികം ക്വാർട്ടേഴ്സുകളും 50 ഏക്കർ സ്ഥലവും കാടുകയറി നശിക്കുകയാണ്. കോളനിയിലേക്കുള്ള റോഡുകൾ നന്നാക്കാത്തത് മൂലം ഓട്ടോപോലും പോകാത്ത അവസ്ഥയാണ്. ക്വാർട്ടേഴ്സുകളുടെ വാതിലുകളും ഉപകരണങ്ങളും ഉൾപ്പെടെ മോഷ്ടിക്കപ്പെടുന്നു. പ്രദേശം കാടുകയറിയതിനാൽ കോളനി സാമൂഹികവിരുദ്ധരുടെ താവളമായി. ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന ഇതര സർക്കാർ ജീവനക്കാരുടെ വാടക സംബന്ധിച്ചും തർക്കമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.