പ്ലം ജൂഡി റിസോർട്ട്​ തുറന്ന്​ പ്രവർത്തിക്കാൻ ഹൈകോടതി അനുമതി

കൊച്ചി: മൂന്നാര്‍ പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ട് തുറന്ന് പ്രവർത്തിക്കാൻ ഹൈകോടതിയുടെ അനുമതി. കര്‍ണാടക സൂറത്കൽ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദഗ്ധരുടെ റിപ്പോട്ട് പരിശോധിച്ച ശേഷമാണ് തുറന്നു പ്രവർത്തിക്കാൻ കോടതി അനുമതി നൽകിയത്. അതേസമയം, റിപ്പോർട്ട് ഒരാഴ്ചക്കകം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ കലക്ടർക്ക് സമർപ്പിക്കണമെന്നും കലക്ടർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും കോടതി നിർദേശിച്ചു. റിസോർട്ട് അടച്ചുപൂട്ടണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ഉടമകള്‍ സമര്‍പ്പിച്ച അപ്പീലിലാണ് വിധി. ഹരജിക്കാരുടെ റിസോർട്ടിന് സമീപത്തെ പാറക്കൂട്ടം അപകടകാരിയാണെന്ന് കരുതുന്നില്ലെന്നാണ് എൻ.െഎ.ടിയിലെ വിദഗ്ധർ നൽകിയ റിപ്പോർട്ടിലുള്ളത്. കനത്ത മഴയെത്തുടർന്ന് പാറയിടിഞ്ഞു വീണ് റിസോർട്ട് പരിസരത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതിനെത്തുടർന്ന് ആഗസ്റ്റ് എട്ടിനാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധ്യക്ഷനായ ജില്ല കലക്ടർ റിസോർട്ട് പൂട്ടാൻ നോട്ടീസ് നൽകിയത്. ഇതിനെതിരെ റിസോർട്ട് അധികൃതർ നൽകിയ ഹരജി സിംഗിൾബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെയാണ് പ്ലം ജൂഡി അപ്പീൽ നൽകിയത്. അപകടകരമായ നിലയിലുള്ള പാറ ഉറച്ചതാണെന്നും മണ്ണിലേക്കിറങ്ങി നിൽക്കുന്നതാണെന്നുമാണ് എൻ.െഎ.ടിയിലെ മൈനിങ് എൻജിനീയറിങ് പ്രഫസർമാരായ ഡോ. വി.ആർ. ശാസ്ത്രി, ഡോ. കെ. റാംചന്ദൻ എന്നിവർ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. പതിറ്റാണ്ടുകളായി ചരിഞ്ഞ നിലയിലാണ് ഇൗ പാറ സ്ഥിതി ചെയ്യുന്നത്. നീരൊഴുക്കിന് അരുവികളും മറ്റുമുള്ളതിനാൽ വെള്ളക്കെട്ടിനും തുടർന്ന് പാറ ഇടിഞ്ഞുള്ള അപകടത്തിനും സാധ്യതയില്ല. പാറ ഇളകിയാലും റിസോർട്ടിന് മേൽ പതിക്കാനുള്ള സാധ്യത വിരളമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതി​െൻറ അടിസ്ഥാനത്തിലാണ് അപ്പീലിൽ കോടതിയുടെ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.