കോട്ടയം: സർവിസിനിടെ ബസ് ഉപേക്ഷിച്ച് യാത്രക്കാരെ പെരുവഴിയിലാക്കി മുങ്ങിയ സ്വകാര്യ ബസ് കണ്ടക്ടറും ഡ്രൈവറും ഒളിവിൽ. സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത ബസ് ചൊവ്വാഴ്ചയും സർവിസ് നടത്തിയില്ല. കോട്ടയം--ളാക്കാട്ടൂർ--പൊൻകുന്നം റൂട്ടിലോടുന്ന നരിമറ്റത്തിൽ ബസാണ് തിങ്കളാഴ്ച സർവിസിനിടെ റോഡിലിട്ട് ജീവനക്കാർ മുങ്ങിയത്. ളാക്കാട്ടൂർ സ്കൂളിന് ഒരു കി.മീ. മുമ്പ് സ്ഥിരമായി നിർബന്ധിച്ച് ഇറക്കിവിടുന്നതിനെ രക്ഷാകർത്താക്കളും നാട്ടുകാരും ചോദ്യം ചെയ്തതാണ് യാത്ര മുടക്കി ജീവനക്കാർ പ്രതികാരം ചെയ്തത്. സ്കൂളിലെത്തുന്നതിനു മുമ്പുള്ള കയറ്റത്തിൽ ആളുനിറഞ്ഞ ബസ് കയറുന്നതിനു ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞാണ് വിദ്യാർഥികളെ ഒരു കി.മീ. ഇപ്പുറം ശിവാജിനഗർ ജങ്ഷനിൽ പതിവായി ഇറക്കിവിടുന്നത്. ഫുൾ ടിക്കറ്റ് നൽകിയാൽ ബസിൽ സ്കൂൾവരെ യാത്ര ചെയ്യാമെന്നുള്ളതിനാൽ നടക്കാൻ ബുദ്ധിമുട്ടുള്ള വിദ്യാർഥികൾ ഫുൾടിക്കറ്റ് എടുത്താണ് യാത്ര ചെയ്തിരുന്നത്. കൺസഷൻ ടിക്കറ്റെടുക്കുന്ന വിദ്യാർഥികളോട് മാത്രമുള്ള ജീവനക്കാരുടെ നിലപാടിനെ നാട്ടുകാരെത്തി എതിർത്തതോടെയാണ് ബസ് വഴിയിലിട്ട് പോയത്. ളാക്കാട്ടൂർ എം.ജി.എം എൻ.എസ്.എസ് എച്ച്.എസ്.എസിലേക്കുള്ള 40 വിദ്യാർഥികളും 20 മറ്റു യാത്രക്കാരുമാണ് ഇതോടെ വഴിയിൽ കുടുങ്ങിയത്. പരീക്ഷ എഴുതേണ്ടിയിരുന്ന വിദ്യാർഥികളെ ബസ് ജീവനക്കാരുടെ നടപടി പ്രതികൂലമായി ബാധിച്ചു. ബസ് രാവിലെ പള്ളിക്കത്തോട്ടിലെത്തിയപ്പോൾ രക്ഷാകർത്താക്കൾ എത്തി, പരീക്ഷ ആയതിനാൽ വിദ്യാർഥികളെ സ്കൂളിനു മുന്നിൽതന്നെ ഇറക്കണമെന്നു ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, ളാക്കാട്ടൂർ സ്കൂളിനു ഒരു കി.മീ. മുമ്പ് ശിവാജി നഗറിൽ എത്തിയപ്പോൾ കൺസഷൻ നൽകുന്ന സ്കൂൾ വിദ്യാർഥികളോട് ഇറങ്ങാൻ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ, പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾ ഇറങ്ങാൻ കൂട്ടാക്കിയില്ല. കൈപിടിച്ച് നിർബന്ധിച്ച് ഇറക്കിവിടാൻ ശ്രമം നടത്തിയതായും പറയുന്നു. സംഭവമറിഞ്ഞു കൂരോപ്പടയിൽനിന്ന് ഡി.വൈ.എഫ്.ഐ, യുവമോർച്ച പ്രവർത്തകരും നാട്ടുകാരും സ്ഥലത്ത് എത്തി ഇടപെട്ടു. ഇതോടെ ജീവനക്കാർ ബസ് വഴിയിലിട്ടശേഷം ഓട്ടോയിൽ കയറി സ്ഥലം വിടുകയായിരുന്നു. കുറെ സമയം ഇവിടെ ഗതാഗതതടസ്സവുമുണ്ടായി. പാമ്പാടി എസ്.ഐ ടി. ശ്രീജിത്തിെൻറ നേതൃത്വത്തിൽ എത്തിയ പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. വഴിയിൽ കുടുങ്ങിയ യാത്രക്കാർ പൊലീസ് ജീപ്പിലും സ്വകാര്യ വാഹനങ്ങളിലുമായി അടുത്ത ജങ്ഷനിലെത്തി യാത്ര തുടർന്നു. സ്കൂൾ ബസ് എത്തിയാണ് വിദ്യാർഥികളെ കയറ്റിക്കൊണ്ടുപോയത്. കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ കേസെടുത്ത പൊലീസ് ബസ് ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കി. യാത്രക്കാരെ റോഡിലിറക്കി സർവിസ് മുടക്കി കടന്നുകളഞ്ഞ ജീവനക്കാർക്കായി അന്വേഷണം നടക്കുന്നതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും എസ്.ഐ പറഞ്ഞു. പെർമിറ്റ് റദ്ദാക്കാൻ ശിപാർശ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. പരാതി കിട്ടിയാൽ പെർമിറ്റ് റദ്ദാക്കുന്നതു ഉൾപ്പെടെയുള്ള ശിക്ഷാനടപടിയെടുക്കുമെന്ന് ജോ. ആർ.ടി.ഒ കെ. ഹരികൃഷ്ണൻ പറഞ്ഞു. വ്യാപാരി സംഘടന സമരം: ഇന്ന് കടകളടക്കും കോട്ടയം: വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ബുധനാഴ്ച വ്യാപാര മേഖല സ്തംഭിക്കും. വ്യാപാരികളുടെ ആവശ്യങ്ങളോട് അധികൃതർ സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സെക്രേട്ടറിയറ്റിനു മുന്നിൽ വ്യാപാരികൾ ബുധനാഴ്ച ധർണ നടത്തും. ജി.എസ്.ടി നടപ്പാക്കിയ ശേഷം വ്യാപരരംഗത്തുണ്ടായ മാന്ദ്യം പരിഹരിക്കുന്നതിനുള്ള നടപടി കൈക്കൊള്ളുക, വികസനത്തിെൻറ പേരിൽ കടയൊഴിയുമ്പോൾ ശരിയായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങളായി ഉന്നയിക്കുന്നത്. അതേസമയം, സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി സമരത്തിനില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.