വൈക്കം: പ്രതിസന്ധികളിൽ പതറി തഴപ്പായ നിർമാണമേഖല. പതിറ്റാണ്ടുകൾക്ക് മുമ്പുവരെ വൈക്കത്തെ എല്ലാവീടുകളും തഴയോലകളും തഴപ്പായ നിർമാണവുംകൊണ്ട് സമ്പന്നമായിരുന്നു. ഇത് ഒരുക്കുന്നതിനു പ്രത്യേക രീതിയിലുള്ള തഴക്കത്തികളും ഉണ്ടായിരുന്നു. തഴപ്പായകൾക്ക് ഇന്നും ആവശ്യക്കാർ ഏറെയാണ്. ഒരു ദിവസം രണ്ടു പായവരെ നെയ്യുന്ന വീട്ടമ്മമാരുണ്ട്. വലിയ പായകൾക്ക് 150 മുതൽ 200 രൂപവരെ ലഭിക്കും. ചെറിയ പായകൾക്ക് 80 മുതൽ 160രൂപ വരെയും വിലയുണ്ട്. തഴയോലകളുടെ നിറത്തിനും പായകളുടെ ആകർഷണത്തിനുമാണ് വില. തഴയോലകൾ ഒരുക്കി ഉപജീവനം നടത്തുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴും താലൂക്കിെൻറ വിവിധ മേഖലകളിലുണ്ട്. ഇവരെയെല്ലാം കുഴപ്പത്തിലാക്കുന്നത് കൈതകളുടെ വംശനാശമാണ്. ഇപ്പോൾ പുരയിടങ്ങളിലും പാടത്തിെൻറ വരമ്പുകളിലുമെല്ലാം കൈതകൾക്കുപകരം വേലിപ്പത്തലുകളും മറ്റു ചെടികളുമെല്ലാമാണ് പലരും വെച്ചുപിടിപ്പിക്കുന്നത്. കൈതോലകൾ നിറഞ്ഞുനിൽക്കുന്ന പുരയിട ഉടമകൾക്ക് നല്ല വരുമാനം ലഭിക്കുന്നുണ്ട്. വീട്ടമ്മമാർ പുരയിടങ്ങളിൽ നിൽക്കുന്ന കൈതകൾക്ക് വില നിശ്ചയിച്ച് ഇത് ചെത്തിയെടുക്കുന്നു. വരുമാനലഭ്യത ലഭിക്കുന്ന ഒരു വസ്തുവിനെ ഇന്ന് പലരും വെട്ടിനശിപ്പിക്കുന്നത് എന്തിനാണെന്ന ചോദ്യം ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്. വിനോദസഞ്ചാരികൾപോലും ആയുർവേദ ചികിത്സാശാലകളിൽ എത്തുമ്പോൾ കിടന്നുറങ്ങാൻ ആവശ്യപ്പെടുന്നത് തഴപ്പായകളെയാണ്. തഴയോലകൾ പായ നിർമാണത്തിനു പുറമെ പടക്കനിർമാണത്തിനും ഉപയോഗിക്കുന്നുണ്ട്. കൂടാതെ തഴയോലകൾ കൊണ്ട് വിനോദസഞ്ചാരികളെ ആകർഷിക്കത്തക്ക വിധത്തിൽ പലതരം കാഴ്ചവസ്തുക്കളും ഒരുക്കുന്നവരുമുണ്ട്. ഇതിലെല്ലാം ടൂറിസ്റ്റുകൾക്കു പുറമെ നാട്ടിൻപുറത്തുള്ളവരും ആകൃഷ്ടരാണ്. പുതിയ തലമുറയിൽപെട്ട വനിതകളാരും തഴപ്പായ നിർമാണത്തിൽ അത്ര തൽപരരല്ല. അമ്പതിനും എൺപതിനും ഇടയിലുള്ള വീട്ടമ്മമാരാണ് ഇപ്പോഴും ഈ മേഖലയെ സജീവമാക്കി ക്കൊണ്ടുപോകുന്നത്. ഇവർ ഉൽപാദിപ്പിക്കുന്ന തഴപ്പായകൾ വീടുകളിൽ വന്ന് എടുത്തുകൊണ്ടുപോയി വിൽപന നടത്തി ഉപജീവനം നടത്തുന്നവരുമുണ്ട്. പലരും തലയോലപ്പറമ്പ് മാർക്കറ്റിൽ നേരിട്ടെത്തിയാണ് ഇപ്പോൾ പായകൾ വിൽക്കുന്നത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനാണ് വീട്ടമ്മമാർ നേരിട്ടുതന്നെ മാർക്കറ്റിലെത്തുന്നത്. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന തലയോലപ്പറമ്പ് ചന്തയിൽ ഇന്നും തഴപ്പായ വിൽപന നടന്നുവരുന്നുണ്ട്. വൈക്കത്ത് തലയാഴം, തോട്ടകം, വെച്ചൂർ, ഇടയാഴം, കൊതവറ, മാരാംവീട്, വിയറ്റ്നാം, പുതുക്കരി, ചെട്ടിക്കരി മേഖലകളിൽ തഴപ്പായ നെയ്ത്തും തഴയോലകളുടെ നിർമാണവുമെല്ലാം ഒരുകാലത്ത് സംതൃപ്തി നൽകിയിരുന്നെങ്കിലും പ്രതിസന്ധികൾക്കിടയിലും ഇന്ന് ഒറ്റപ്പെട്ട നിലയിൽ തഴപ്പായ നിർമിച്ചുവരുന്നു. ഈ മേഖലയെ സജീവമാക്കാൻ കേന്ദ്ര--സംസ്ഥാന സർക്കാറുകളുടെ കീഴിൽ നിരവധി സൊസൈറ്റികളും സംഘങ്ങളുമെല്ലാമുണ്ട്. ഇവരുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാണെങ്കിലും പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഈ പരമ്പരാഗത മേഖലക്ക് പുതിയ വെളിച്ചം പകരാൻ അധികൃതരുടെ ശ്രദ്ധ അനിവാര്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.