കറുകച്ചാൽ: ദീർഘദൂര സർവിസ് നടത്തുന്ന ബസുകൾ സ്റ്റാൻഡിൽ കയറാതെ പോകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രത്യേകിച്ച് കെ.എസ്.ആർ.ടി.സി ബസുകളാണ് പതിവായി സ്റ്റാൻഡിൽ കയറാതെ പുറത്തുനിന്ന് ആളെ കയറ്റിപ്പോകുന്നത്. കട്ടപ്പന, കുമളി, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി ഭാഗങ്ങളിൽനിന്ന് ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകുന്ന ബസുകളാണ് സ്റ്റാൻഡിൽ കയറാൻ മടിക്കുന്നത്. ഇത് പലപ്പോഴും യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. സ്റ്റാൻഡിനുള്ളിൽ ബസ് കാത്തുനിൽക്കുന്നവർക്ക് കൃത്യസമയങ്ങളിൽ ഓഫിസുകളിലും കോളജുകളിലും എത്താൻ സാധിക്കുന്നില്ല. മത്സരയോട്ടത്തിെൻറ ഭാഗമായി ആദ്യം എത്തുന്ന ബസ് സ്റ്റാൻഡിൽ കയറുമ്പോൾ പിന്നാലെ എത്തുന്ന ബസുകൾ സ്റ്റാൻഡിൽ കയറാറില്ല. തിരക്കേറിയ വാഴൂർ റോഡിൽ നിർത്തിയ ശേഷം യാത്രക്കാരെ ഇറക്കുകയാണ് പതിവ്. ഇത് റോഡിൽ ഗതാഗത തടസ്സം സൃഷ്ടിക്കുന്നതിനു കാരണമാകുന്നുണ്ട്. ബസുകൾ പുറത്തു നിർത്തുന്നതിനാൽ സ്റ്റാൻഡിെൻറ ഉൾവശത്ത് നിൽക്കുന്നവർക്ക് പലപ്പോഴും ബസ് കിട്ടാറില്ല. യാത്രക്കാർ തിരക്കുപിടിച്ച്് ഓടി എത്തുമ്പോഴക്കും ബസുകൾ കടന്നു പോകുകയും ചെയ്യും. ബസ് സ്റ്റാൻഡിനുള്ളിൽ ഗതാഗത നിയന്ത്രണത്തിന് പൊലീസ് ഉണ്ടെങ്കിലും ഇത്തരം പ്രശ്നങ്ങൾ കണ്ടില്ലെന്ന മട്ടാണെന്നാണ് ആക്ഷേപം. സ്റ്റാൻഡിൽ കയറാതെ പോകുന്ന ബസുകൾക്കെതിരെ നടപടി എടുക്കാൻ അധികൃതർ തയാറാകണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.