രാജാക്കാട്: കുടിവെള്ളത്തിനായി പഞ്ചായത്ത് അംഗങ്ങൾപോലും പ്രതിഷേധവുമായി രംഗത്തിറങ്ങുേമ്പാൾ സ്വന്തം ചെലവിൽ കിലോമീറ്ററുകൾ അകലെനിന്ന് ശുദ്ധജലം കൊണ്ടുവന്ന് നാട്ടുകാർക്ക് സൗജന്യമായി നൽകുകയാണ് ഇടുക്കി കള്ളിമാലി സ്വദേശിയായ ഷൈജു എന്ന യുവാവ്. കടുത്ത ജലക്ഷാമം നേരിടുന്ന കള്ളിമാലി ഗ്രൗണ്ട് ഭാഗത്ത് കഴിഞ്ഞ ആഗസ്റ്റോടെ തന്നെ ഉറവകൾ വറ്റിവരണ്ടു. പാറക്കെട്ട് നിറഞ്ഞ പ്രദേശമായതിനാൽ കിണറുകൾ നാമമാത്രമാണ് ഇവിടെ. പലരും വൻതുക ചെലവിട്ട് കുഴൽക്കിണറുകൾ നിർമിെച്ചങ്കിലും വെള്ളം കിട്ടാതെ നിരാശയിലായി. ജലനിധി പദ്ധതി ഉണ്ടെങ്കിലും വെള്ളമില്ലാത്തതു മൂലം പ്രയോജനപ്പെടുന്നില്ല. ഏറെ ദൂരെ നിന്ന് വാഹനത്തിൽ ജലം എത്തിച്ചാണ് നാട്ടുകാർ കാര്യങ്ങൾ നിർവഹിക്കുന്നത്. പഞ്ചായത്ത് സൗജന്യമായി ഓരോ കുടുംബത്തിനും ആഴ്ചയിൽ രണ്ടുതവണ 200 ലിറ്റർ വീതം കുടിവെള്ളം നൽകുന്നുണ്ടെങ്കിലും അത്യാവശ്യങ്ങൾക്കുപോലും തികയാറില്ല. ഈ സാഹചര്യത്തിലാണ് അയൽക്കാരുടെ ദുരിതം കണ്ട് വാഹന ഡ്രൈവറായ ഷൈജു ചില്ലിക്കാശുപോലും വാങ്ങാതെ സ്വന്തം നിലയിൽ വെള്ളം എത്തിച്ചു നൽകാൻ തുടങ്ങിയത്. ജീപ്പിൽ പിടിപ്പിച്ച ടാങ്കിൽ നാല് കിലോമീറ്റർ അകലെ നിന്ന് ശുദ്ധജലം ശേഖരിച്ച് എന്നും രാവിലെ ആറരയോടെ ഗ്രൗണ്ട് ഭാഗത്ത് എത്തിക്കും. അപ്പോഴേക്കും വീട്ടമ്മമാരും കൊച്ചുകുട്ടികൾപോലും പാത്രങ്ങളുമായി ഷൈജുവിനെ കാത്ത് നിൽക്കുന്നുണ്ടാകും. തുടർന്ന് വെള്ളം ചെറിയ ടാങ്കുകളിലേക്ക് പകർത്തി ഓരോ വീടിനും 50 ലിറ്റർ വീതം നൽകും. പ്രദേശത്തെ നാൽപതോളം കുടുംബങ്ങളിലെ അംഗങ്ങൾ സന്തോഷപൂർവം ഈ ജലം സ്വീകരിച്ച് തലച്ചുമടായി വീടുകളിൽ എത്തിക്കും. ഒരു മാസമായി ഷൈജു മുടക്കം കൂടാതെ ഇൗ കുടിവെള്ള വിതരണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.