കോട്ടയം: ഇടതു സഹകരണ തീരുമാനംകൊണ്ട് പാർട്ടിയിൽ അസ്വസ്ഥതകൾ പ്രതീക്ഷിച്ചിരുന്നെങ്കിലും സ്വന്തം ഗ്രൂപ്പിൽനിന്നുള്ള എതിർപ്പുകൾ കെ.എം. മാണിക്ക് അപ്രതീക്ഷിതമായി. ഇൗ തിരിച്ചടിയാണ് കോട്ടയം കൂട്ടുകെട്ടിൽ നിലപാട് മയപ്പെടുത്താൻ മാണിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ഇടതുപക്ഷത്തേക്ക് ചുവടുെവച്ചാൽ പാർട്ടി വലിയ പിളർപ്പിലേക്ക് നീങ്ങുമെന്ന തിരിച്ചറിവും താൽക്കാലിക പിൻമാറ്റത്തിനു പിന്നിലുണ്ട്. പിളർന്ന പാർട്ടിയുമായി മുന്നണിയിലേക്ക് കടന്നുചെന്നാൽ വലിയ സ്വീകരണം കിട്ടില്ലെന്ന ബോധ്യവും മലക്കംമറിയാൻ അദേഹത്തെ നിർബന്ധിതനാക്കി. പുതിയ നീക്കത്തിൽ മോൻസ് ജോസഫ് എതിർത്താലും ജോസഫിനെ ഒപ്പം നിർത്താനാകുമെന്നായിരുന്നു മാണിയുടെ കണക്കൂകൂട്ടൽ. കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം പിടിച്ചെടുത്തശേഷം എൽ.ഡി.എഫ് സർക്കാറിെൻറ ഒന്നാംവാർഷികഘോഷത്തോട് അനുബന്ധിച്ച് പുറത്തുനിന്ന് സർക്കാറിനെ പിന്തുണക്കുമെന്ന പ്രഖ്യാപനം നടത്താനായിരുന്നു ആലോചന. എതിർപ്പുകൾ കുറഞ്ഞുവരുന്നതോടെ എൽ.ഡി.എഫിലേക്ക് എന്നതായിരുന്നു ലക്ഷ്യം. എന്നാൽ, എം.എല്‍.എമാരും ഭൂരിപക്ഷം നേതാക്കളും ഒപ്പമില്ലെന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ മാണിക്ക് ബോധ്യപ്പെട്ടു. എക്കാലവും ഒപ്പം ഉറച്ചുനിന്ന കോട്ടയം ജില്ല പ്രസിഡൻറ് ഇ.ജെ. ആഗസ്തിയുടെ രാജിക്കത്ത് ശരിക്കും ഞെട്ടിച്ചു. ഇടത് സഹകരണം പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പി.ജെ. ജോസഫ് തന്നെ പരസ്യമായി രംഗത്തുവന്നതും മാണിയെ സമ്മർദത്തിലാക്കി. ഇതോടൊപ്പം കേരള കോണ്‍ഗ്രസിനെ പിളർത്താൽ കോണ്‍ഗ്രസ് തയാറെടുക്കുന്നുെവന്ന സൂചനകളും പുറത്തുവന്നു. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ ഇടുക്കി, എറണാകുളം ജില്ല പ്രസിഡൻറുമാരും ഇടതു സഹകരണത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഇതോടെയാണ് ഒരു ചുവട് പിന്നോട്ട് വെക്കാന്‍ മാണി തീരുമാനിച്ചത്. എന്നാൽ, ഇടതുമുന്നണിയെ പൂർണമായി അദ്ദേഹം തള്ളിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.