മ​നഃ​സാ​ക്ഷി​യി​ല്ലാ​തെ മാ​ലി​ന്യം​ത​ള്ള​ൽ; മനമുരുകി ഇവിടെ ഒര​മ്മ

ചങ്ങനാശ്ശേരി: മാലിന്യംതള്ളുന്നവർ അറിയുന്നുണ്ടോ? നിങ്ങളൊരു ജീവന് പുറത്തേക്കാണ് മാലിന്യം വിതറുന്നത്. ചങ്ങനാശ്ശേരി ബോട്ടുജെട്ടിക്ക് സമീപം ഒറ്റതെങ്ങുങ്കല്‍ ചിന്നമ്മക്കാണ് മാലിന്യം ദുരിതമാകുന്നത്. ചിന്നമ്മയുടെ മകന്‍ ഒ.വി. പത്രോസ് (52) ആറുവര്‍ഷമായി കാന്‍സര്‍ ബാധിതനായി ചികിത്സയിലാണ്. അഞ്ചുവര്‍ഷമായി ആഹാരംപോലും കഴിക്കാനാവാത്ത മകന് വയറു കിഴിച്ച് ട്യൂബിട്ടാണ് ഭക്ഷണം നല്‍കിയത്. ഇവരുടെ വീടിന് 50 മീറ്റര്‍ മാത്രം അകലെയാണ് കഴിഞ്ഞദിവസം അര്‍ധരാത്രിയോടെ മാലിന്യം തള്ളിയത്. രാത്രി ദുര്‍ഗന്ധം അസഹ്യമായതോടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട മകനുമായി ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവന്നു. കാൻസർ നല്‍കുന്ന കഠിനവേദയെക്കാളേറെയാണ് മാലിന്യം പത്രോസിനെ ബുദ്ധിമുട്ടിച്ചത്. അസ്വസ്ഥത പറയാനാവാതെ വെപ്രാളം കാണിക്കുന്ന മകനുവേണ്ടി ചിന്നമ്മ മുട്ടാത്ത വാതിലില്ല. നാലുദിവസമായി രാവും പകലും മാലിന്യം നീക്കണമെന്നാവശ്യപ്പെട്ട് ചിന്നമ്മ പടിവാതിലുകള്‍ കയറി ഇറങ്ങി നടക്കുകയാണ്. രാത്രി ഒന്നേകാലോടെ മാലിന്യംതള്ളാന്‍ വണ്ടിയെത്തിയപ്പോള്‍ തൊട്ടടുത്ത വീട്ടിലെ കുഞ്ഞുകുട്ടികളടങ്ങിയ കുടുംബം പ്രതിഷേധിച്ചെങ്കിലും ഈ വീട്ടുകാര്‍ക്കുനേരെ അസഭ്യവര്‍ഷം നടത്തിയാണ് വണ്ടിയിലെത്തിയവര്‍ മാലിന്യം തള്ളിയതെന്ന് പറയുന്നു. വാര്‍ഡ് കൗണ്‍സിലര്‍ രമാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ചങ്ങനാശ്ശേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സി.എഫ്. തോമസ് എം.എല്‍.എയും ചൊവ്വാഴ്ച ചിന്നമ്മയുടെ വീട്ടിലെത്തിയിരുന്നു. ചങ്ങനാശ്ശേരി നഗരസഭയുടെ ഫാത്തിമാപുരത്തുള്ള ഡമ്പിങ് യാര്‍ഡ് നാട്ടുകാര്‍ പൂട്ടിച്ചതോടെ ചങ്ങനാശ്ശേരി നഗരത്തിലെ മാലിന്യം നഗരസഭാ പരിധിയില്‍ തള്ളരുതെന്ന നിബന്ധനയില്‍ മാലിന്യനീക്കത്തിന് നഗരസഭ കരാര്‍ നല്‍കിയത്. കറുകച്ചാലിലെ നെടുംകുന്നത്ത് പാറമടയില്‍ ഈ മാലിന്യം തള്ളാന്‍ ശ്രമിച്ചപ്പോള്‍ കുടിവെള്ള സ്രോതസ്സുകള്‍ മലിനപ്പെടുമെന്നും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ തടഞ്ഞു. നഗരസഭയുടെ ബൈപാസ് റോഡിലുള്ള സ്‌റ്റേഡിയത്തിനുള്ള സ്ഥലം മാലിന്യം ഇട്ട് മണ്ണുമൂടി നികത്താൻ തീരുമാനിച്ചെങ്കിലും ഒരുവിഭാഗം ആളുകള്‍ ഇതിനെതിരെയും രംഗത്തുവരികയായിരുന്നു. ഇതേതുടര്‍ന്നാണ് കരാറുകാര്‍ ജനവാസകേന്ദ്രങ്ങളിലും മാര്‍ക്കറ്റിലും മറ്റ് പ്രദേശങ്ങളിലുമായി മാലിന്യംതള്ളി ജനജീവിതം ദുസ്സഹമാക്കുന്നത്. രോഗബാധിതനായി മകെൻറ ജീവന് ഭീഷണിയാകുന്ന മാലിന്യക്കൂന അടിയന്തരമായി നീക്കണമെന്നാണ് സംസാരശേഷിയില്ലാത്ത മരുമകള്‍ക്കുമൊപ്പംനിന്നുള്ള ചിന്നമ്മയുടെ യാചന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.