ജീ​പ്പി​ല്‍ സ്വ​കാ​ര്യ ബ​സ് ഇ​ടി​പ്പി​ച്ച ഡ്രൈ​വ​ർ അ​റ​സ്​​റ്റി​ൽ

കൂട്ടിക്കല്‍: നാരകംപുഴ സി.എസ്.ഐ പള്ളിയിലെ വൈദികനടക്കമുള്ളവര്‍ യാത്ര ചെയ്തിരുന്ന ജീപ്പില്‍ സ്വകാര്യ ബസ് ഇടിപ്പിച്ച സംഭവത്തില്‍ പൊലീസ് നടപടി വൈകുന്നു എന്നാരോപിച്ച് സി.എസ്.ഐ ഇടവക ആക്ഷൻ കൗണ്‍സില്‍ പ്രതിഷേധ റാലിയും പൊതുയോഗവും നടത്തി. ഇതിനിടെ സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ബസിെൻറ ഉടമകൂടിയായ ഏന്തയാര്‍ സ്വദേശി തോമസുകുട്ടിയെയാണ് (38) മുണ്ടക്കയം എസ്.ഐയും സംഘവും അറസ്റ്റ് ചെയ്തത്. പള്ളിയില്‍ നിന്നാംഭിച്ച റാലി കൂട്ടിക്കല്‍ ടൗണ്‍ ചുറ്റി ചപ്പാത്തില്‍ സമാപിച്ചു. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവക ബിഷപ് ഡോ. കെ.ജി. ദാനിയേല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് നെച്ചൂർ തങ്കപ്പന്‍, ഇടവക ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. റാലിക്കിടയില്‍ എത്തിയ ബ്രദേഴ്‌സ് ബസ് പ്രതിഷേധക്കാര്‍ അഞ്ചു മിനിറ്റോളം തടഞ്ഞിട്ടു. കഴിഞ്ഞ 18ന് കൂട്ടിക്കല്‍ റൂട്ടിലായിരുന്നു സംഭവം. ഏലപ്പാറ പള്ളിയിലേക്ക് പ്രാർഥനക്കുപോയ സഭാ വിശ്വാസികളായിരുന്നു ജീപ്പിനുള്ളില്‍ ഉണ്ടായിരുന്നത്. വികാരി മാത്യുകുട്ടിയുടെ നേതൃത്വത്തില്‍ കൂട്ടിക്കല്‍ മുതല്‍ മുണ്ടക്കയം വരെയുള്ള വിവിധ സ്ഥലങ്ങളില്‍നിന്ന് സഭാംഗങ്ങളെ വഴിയില്‍ വാഹനം നിര്‍ത്തി കയറ്റിക്കൊണ്ടുവന്നതിനിടെയാണ് ബസ് ഇടിപ്പിച്ചത്. വഴിയില്‍ ജീപ്പ് നിര്‍ത്തി ആള്‍ക്കാരെ കയറ്റുന്നത് കണ്ട് സമാന്തര സര്‍വിസാണെന്ന് തെറ്റിദ്ധരിച്ച് ബസ് ഇടിപ്പിക്കുകയായിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ബസ് ഉടമകളെ സംരക്ഷിക്കുന്ന സമീപനമാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.