ഉ​ദ്​​ഘാ​ട​നം കാ​ത്ത്​ പേ​ഴും​കാ​ട് മി​നി ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​സ്​​റ്റേ​റ്റ്​

ഈരാറ്റുപേട്ട: പണി പൂർത്തിയാക്കി 16 കഴിഞ്ഞിട്ടും ഉദ്ഘാടനം കാത്ത് ഈരാറ്റുപേട്ട നഗരസഭയിലെ പേഴുംകാട് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്. തൊഴിൽരഹിതർക്ക് കുറഞ്ഞ വാടകയിൽ തൊഴിൽസംരംഭങ്ങൾ തുടങ്ങാൻ സൗകര്യം ഒരുക്കാൻ ലക്ഷ്യമിട്ട് ഈരാറ്റുപേട്ട -തൊടുപുഴ റോഡരികിൽ 2001 ലാണ് കെട്ടിടം നിർമിച്ചത്. ലക്ഷങ്ങൾ ചെലവഴിച്ച് 14 ഷട്ടർ മുറികളാണ് പണിതത്. എന്നാൽ, കെട്ടിടം പൂർത്തിയാക്കിയ ആവേശം അധികൃതരിൽ പിന്നീട് കണ്ടില്ല. പിന്നീട് അധികാരത്തിൽവന്ന നാല് പഞ്ചായത്ത് ഭരണസമിതികളും ഇപ്പോഴത്തെ നഗരസഭയും കെട്ടിടത്തെ പാടേ മറന്നമട്ടാണ്. കെട്ടിടം വൈദ്യുതീകരിക്കുകയും വെള്ളം സംഭരിക്കാൻ വാട്ടർ ടാങ്ക് പണി കഴിപ്പിക്കുകയും ചെയ്തെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കിയില്ല. ഇപ്പോൾ ഇത് സാമൂഹികവിരുദ്ധരുടെ താവളമായിരിക്കുകയാണ്. മേൽക്കൂരയിലെ ഷീറ്റുകൾ പലതും സാമൂഹികവിരുദ്ധർ എറിഞ്ഞുടച്ചു. മീനച്ചിലാറിനോട് ചേർന്ന പുറമ്പോക്കിലാണ് കെട്ടിടം നിർമിച്ചതെന്ന കാര്യം പിന്നീടാണ് പുറത്തുവരുന്നത്. എന്നാൽ, ഇക്കാര്യത്തിലും തുടർനടപടിയൊന്നുമുണ്ടായിട്ടില്ല. 16 വർഷമായി പുലർത്തുന്ന നിസ്സംഗത വെടിഞ്ഞ് കെട്ടിടം പ്രവർത്തിക്കാനുള്ള നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാകുകയാണ്. വാടകയിനത്തിൽ മുനിസിപ്പാലിറ്റിക്ക് വരുമാനമാർഗവും ഒപ്പം തൊഴിൽ രഹിതരായ നിരവധിപേർക്ക് ഗുണകരമാകുമായിരുന്നു ഇൗ പദ്ധതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.