തൊടുപുഴ: ഇടമലക്കുടിക്കായി വിവിധ ഘട്ടങ്ങളിൽ മുമ്പ് പ്രഖ്യാപിച്ച കോടികളുടെ പദ്ധതികളിൽ ചിലത് പ്രഖ്യാപനങ്ങളിൽ തന്നെ ഒതുങ്ങി. ചിലത് നടപ്പാക്കിയത് പേരിന് മാത്രവും. ഇടമലക്കുടി വികസനത്തിന് സർക്കാർ പുതുതായി പ്രഖ്യാപിച്ച പദ്ധതികൾക്കും ഇൗ ഗതി വരരുതേ എന്ന പ്രാർഥനയിലാണ് കുടിനിവാസികൾ. മുഖ്യമന്ത്രി പിണറായി വിജയെൻറ അധ്യക്ഷതയിൽ തിങ്കളാഴ്ച ചേർന്ന യോഗത്തിലെ തീരുമാനങ്ങൾ വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതി വരുത്തുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ. സംസ്ഥാനത്തെ ഏക ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയെ സമൂഹത്തിെൻറ മുഖ്യധാരയിലെത്തിക്കാൻ പ്രധാന തടസ്സം ആരോഗ്യ, വിദ്യാഭ്യാസ, ഗതാഗത മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ്. ഇത് പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള കർമപദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇടമലക്കുടിയിലെ 24 കുടികളിലൊന്നായ സൊസൈറ്റിക്കുടിയിൽ പഞ്ചായത്ത് ഓഫിസിനായി കെട്ടിടം പൂർത്തിയാക്കിയെങ്കിലും ഓഫിസ് ഇപ്പോഴും പ്രവർത്തിക്കുന്നത് ദേവികുളത്താണ്. പഞ്ചായത്തുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ഇടമലക്കുടിയിലുള്ളവർ കിലോമീറ്ററുകളോളം നടന്ന് ദേവികുളത്ത് എത്തണം. ഇടമലക്കുടിയിൽതന്നെ പഞ്ചായത്ത് ഒാഫിസ് തുറക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. ഇടമലക്കുടിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട പാക്കേജ് ലക്ഷ്യം കണ്ടില്ലെന്നാണ് യോഗം വിലയിരുത്തിയത്. ഏലം കൃഷിക്കും വനവത്കരണത്തിനും 2011^-12 സാമ്പത്തിക വർഷം കേന്ദ്രം അനുവദിച്ച 1.71 കോടിയിൽ 1.35 കോടി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്ന് കൈക്കലാക്കിയെന്ന് വനംവകുപ്പ് വിജിലൻസ് വിഭാഗം കണ്ടെത്തിയിരുന്നു. ഇൗ സാഹചര്യത്തിൽ പുതിയ പദ്ധതികളുടെ നടത്തിപ്പ് കുറ്റമറ്റതാക്കാൻ ദേവികുളം സബ്കലക്ടറെ നോഡൽ ഒാഫിസറായി നിയോഗിച്ചിട്ടുമുണ്ട്. പദ്ധതികൾ കാര്യക്ഷമമായി നടപ്പാക്കിയാൽ ഇടമലക്കുടിയുടെ വികസനത്തിന് കുതിപ്പേകുമെന്ന് വർഷങ്ങളായി ഇവിടുത്തെ ഏകാധ്യാപക വിദ്യാലയത്തിൽ ജോലി ചെയ്യുന്ന പി.കെ. മുരളീധരൻ പറഞ്ഞു. സർക്കാറിെൻറ മേൽനോട്ടത്തിൽ തന്നെ പദ്ധതികൾ നടപ്പാക്കണമെന്നും ഇതിെൻറ മറവിൽ അഴിമതി അനുവദിക്കരുതെന്നും പല കുടികളിലുമുള്ളവർ കൂട്ടായി അഭിപ്രായപ്പെട്ടു. വിവിധ വകുപ്പ് മേധാവികൾ ഇടമലക്കുടി സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സർക്കാർ കർമപദ്ധതിക്ക് അന്തിമരൂപം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.