തൊടുപുഴ: ഭൂവിഷയത്തിൽ തുടക്കം മുതൽ സി.പി.എമ്മിെന പ്രതിക്കൂട്ടിൽ നിർത്തി പ്രതിഛായ മിനുക്കുന്ന സി.പി.െഎക്ക് 'മൂന്നാർ' തന്നെ മുന്നോട്ടുവെച്ച് തിരിച്ചടിനൽകാൻ സി.പി.എം തീരുമാനം. മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രി നിർദേശിച്ച യോഗം ബഹിഷ്കരിക്കാൻ സി.പി.െഎ നീങ്ങുന്ന സാഹചര്യത്തിലാണ് കടുത്ത നിലപാടിലേക്ക് പോകാൻ സി.പി.എം ജില്ല നേതൃത്വത്തിന് നിർദേശം ലഭിച്ചത്. 22 സെൻറ് കുത്തകപ്പാട്ടഭൂമിയിലെ ഹോം സ്റ്റേ ഒഴിപ്പിക്കുന്നതിനെച്ചൊല്ലിയാണ് സി.പി.െഎ ഒരുഭാഗത്തും സി.പി.എമ്മും കോൺഗ്രസും മറുചേരിയിലുമായി അങ്കം മുറുകിയത്. ഇതിന് ചേർന്നുള്ള സി.പി.െഎ ഒാഫിസിെൻറ പട്ടയം സാധുവെങ്കിൽ ഇവർക്കും കൂടാതെ മൂന്നാർ ടൗണിൽ പതിറ്റാണ്ടുകളായി െചറിയ അളവിൽ ഭൂമി കൈവശം വെച്ചിട്ടുള്ള 130 ഒാളം പേർക്കും അർഹതയുണ്ടെന്ന വാദമാണ് സി.പി.എം മുന്നോട്ടുവെക്കുന്നത്. ബഹുനില നിർമാണങ്ങളെ നിയമവിരുദ്ധമെന്ന് വിലയിരുത്തുന്ന സി.പി.െഎ, സ്വന്തം ഒാഫിസിനുമുകളിൽ നിലകൾ പണിതതിനെ എങ്ങനെ ന്യായീകരിക്കുമെന്ന ചോദ്യവും പരസ്യമായി ഉയർത്തും. സി.പി.െഎക്ക് ഭൂവിഷയത്തിൽ ഇരട്ടത്താപ്പെന്ന് ഉറപ്പിക്കുന്ന സി.പി.എം, ഇനിയങ്ങോട്ട് സി.പി.െഎയുടെ മൂന്നാർ നിലപാടിലെ കാപട്യം തുറന്നുകാട്ടുകയാകും ചെയ്യുക. ആദ്യഘട്ടത്തിൽ ഇത് മറ്റുള്ളവരെ മുന്നിൽ നിർത്തിയും മെരുങ്ങുന്നില്ലെങ്കിൽ നേരിട്ട് ഏറ്റുമുട്ടാനും പാർട്ടി തയാറാകും. സി.പി.െഎയുടെ കൈവശത്തിലുള്ള ഇടുക്കി ജില്ലയിലെ ഭൂമി സംബന്ധിച്ച വിവരങ്ങൾ നിയമപരമായി ശേഖരിക്കാൻ വിവരാവകാശ നിയമ പ്രകാരം നടപടിക്കും തീരുമാനമുണ്ട്. പാർട്ടി ഒാഫിസുകൾ പലതും മൂന്നാറിലിലേതിന് സമാനമായ ഭൂമിയിലെന്നത് ഇതോടെ റവന്യൂ മന്ത്രി കണക്കിെലടുക്കേണ്ടിവരും. ഒന്നും നോക്കാതെ ഒഴിപ്പിക്കാൻ നേതൃത്വം നൽകുന്ന മന്ത്രി ഇ. ചന്ദ്രശേഖരന് സ്വന്തം പാർട്ടിയുടെ കൈയേറ്റത്തിനും മറുപടി നൽകേണ്ടിവരുമെന്ന് ദേവികുളം എം.എൽ.എ എസ്. രാജേന്ദ്രൻ സൂചിപ്പിച്ചു. മന്ത്രിയുടെ മണ്ഡലത്തിലെ ഹിൽ സ്റ്റേഷൻ ടൂറിസം സെൻററിൽ കലക്ടർ ഒഴിപ്പിക്കൽ നോട്ടീസ് നൽകിയ പത്തേക്കർ ഭൂമിയുടെ ഫയൽ, മരവിപ്പിച്ചവർ മൂന്നാറിൽ മറ്റൊരു നിലപാടെടുക്കുകയാണ്. ജില്ലയിൽതന്നെ സ്വന്തം മണ്ഡലത്തിലും മറ്റിടത്തും വെവ്വേറെ നിലപാടാണ് സി.പി.െഎക്കെന്നും രാജേന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. സി.പി.െഎ ഒഴികെ പാർട്ടികളുടെ സഹകരണത്തോടെ റവന്യൂ വകുപ്പിെനതിരെ ശക്തമായ സമരത്തിനും ആലോചിക്കുകയാണ് മൂന്നാറിൽ പാർട്ടി. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിെൻറ പ്രാദേശിക നേതൃത്വം ഒപ്പമുണ്ടെന്നത് ഇതിലേക്ക് പ്രയോജനപ്പെടുത്താനും കഴിയുന്നത്ര സി.പി.െഎ നേതാക്കളെ പ്രാദേശികമായി ഒപ്പം നിർത്താനും തീരുമാനമുണ്ട്. സംസ്ഥാനത്ത് സി.പി.എം വിരുദ്ധത സൃഷ്ടിക്കാന്‍ സി.പി.ഐ ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് വിലയിരുത്തി, സംസ്ഥാന നേതൃത്വം മുൻകൈയെടുത്താണ് സമ്മർദതന്ത്രം രൂപപ്പെടുത്തുന്നത്. കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ സി.പി.ഐക്ക് ഇരട്ടത്താപ്പാണെന്നതിന് ഉൗന്നൽ നൽകി പ്രചാരണത്തിനാണ് നിർദേശം. അഷ്റഫ് വട്ടപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.