വട്ടവടയെ മികച്ച പച്ചക്കറി ഉൽപാദന കേന്ദ്രമാക്കും -മന്ത്രി സുനിൽ കുമാർ *വട്ടവട വെളുത്തുള്ളിയെ ആഗോള ബ്രാൻഡാക്കി വളർത്തും മൂന്നാർ: സംസ്ഥാനത്തിെൻറ ശീതകാല പച്ചക്കറി കേന്ദ്രങ്ങളായ വട്ടവട, കാന്തല്ലൂർ മേഖലയെ മികച്ച ഉൽപാദന കേന്ദ്രമാക്കി മാറ്റുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. വട്ടവടയിൽ അഞ്ചു കോടിയുടെ കൃഷി അടിസ്ഥാന സൗകര്യവികസന പദ്ധതിയുടെയും കർഷകർക്ക് മൂന്നു കോടിയുടെ സബ്സിഡി വിതരണത്തിെൻറയും വായ്പ വിതരണത്തിെൻറയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വട്ടവടയുടെ വികസനം ലക്ഷ്യമിട്ട് ദേവികുളം ബ്ലോക്കിനെ പ്രത്യേക കാർഷിക മേഖലയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇവിടുത്തെ കർഷകരുടെ രക്ഷാകർതൃത്വം സർക്കാർ ഏറ്റെടുത്തിരിക്കുകയാണ്. വട്ടവടയിലെ വെളുത്തുള്ളിയെ ആഗോള ബ്രാൻഡാക്കി വളർത്താനുള്ള നടപടികൾ സ്വീകരിക്കും. ഇന്ത്യയിൽ കൃഷി ചെയ്യുന്ന 18തരം വെളുത്തുള്ളികളെ താരതമ്യം ചെയ്ത് വട്ടവട വെളുത്തുള്ളിയുടെ സവിശേഷത ലോകത്തിനു ശാസ്ത്രീയമായി ബോധ്യപ്പെടുത്തും. വെളുത്തുള്ളിക്ക് ഭൗമ സൂചിക രജിസ്േട്രഷൻ നേടാൻ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാന്തല്ലൂർ, പഴത്തോട്ടം എന്നിവിടങ്ങളിൽ 50 ഏക്കർ സ്ഥലത്ത് മാതൃക കൃഷിത്തോട്ടം ഒരുക്കും. വിശിഷ്ട കാർഷികയിനങ്ങൾ ശാസ്ത്രീയമായി ഇവിടെ കൃഷി ചെയ്ത് മാതൃക പ്രദർശനതോട്ടമാക്കി മാറ്റും. ഈ പ്രദേശത്തെ കാർഷിക പദ്ധതി നടപ്പാക്കുന്നതിന് ഒരു ഓഫിസറെ പ്രത്യേകം നിയമിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഗ്രാൻറിസ്, യൂക്കാലി മരങ്ങൾ മുറിച്ചു മാറ്റാനെടുത്ത തീരുമാനം സർക്കാർ നടപ്പാക്കും. 23 വർഷത്തിനുശേഷം കാർഷിക വിളകളുടെ ഇൻഷുറൻസ് നഷ്ടപരിഹാരം രണ്ടു മുതൽ 13 ഇരട്ടിയായി സർക്കാർ വർധിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വന്യമൃഗങ്ങളിൽനിന്നുണ്ടാകുന്ന നാശനഷ്ടങ്ങളും ഇൻഷുറൻസ് പരിധിയിൽപെടുത്തിയിട്ടുണ്ട്. കൃഷിക്കാർക്ക് മികച്ച സേവനം ലഭ്യമാക്കാൻ എല്ലാ കൃഷി ഓഫിസുകളിലും സോഷ്യൽ ഓഡിറ്റ് ഏർപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങിൽ എസ്. രാജേന്ദ്രൻ എം.എൽ.എ അധ്യക്ഷതവഹിച്ചു. ജോയ്സ് ജോർജ് എം.പി, കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഠീക്കാറാം മീണ, ഡയറക്ടർ എ.എം. സുനിൽകുമാർ, ജസ്റ്റിൻ മോഹൻ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.