തൊടുപുഴ: നാലുലക്ഷം രൂപയുടെ നോട്ട് അച്ചടിക്കാൻ 10,000 രൂപയിൽ താഴെ ചെലവുവരുന്ന തരത്തിലും അതേസമയം, ഒറിജിനലിനെ വെല്ലുന്ന രീതിയിലുമാണ് പിടിയിലായ സംഘം നോട്ടുകൾ തയാറാക്കിയിരുന്നത്. പിടിയിലായ പ്രതികളിൽ പലരും കള്ളനോട്ട് അച്ചടിയുമായി പത്ത് വർഷത്തോളമായി ബന്ധമുള്ളവരാണ്. കേസിൽ ഇരുപതോളം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും 200 കോടി രൂപ അച്ചടിക്കാനായിരുന്നു ഇവരുടെ പദ്ധതിയെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞദിവസം പിടിയിലായ തമിഴ്നാട് മധുര ജില്ലയിൽ ശ്രീറാംനഗർ സ്ട്രീറ്റിൽ ഡോർ നമ്പർ 35/23ൽ അൻപ് സെൽവം (രാജു ഭായ്--48), നെടുങ്കണ്ടം മൈനർ സിറ്റി കിഴക്കേതിൽ വീട്ടിൽ സുനിൽ കുമാർ (രമേശ്--39), അണക്കര പുറ്റടി അച്ചൻകാനം കടിയൻകുന്നിൽ രവീന്ദ്രൻ (കുഞ്ഞൂഞ്ഞ്), ചാവക്കാട് പുന്നയൂർ അകലാട് പടിഞ്ഞാറേയിൽ ഷിഹാബുദ്ദീൻ (ഫൈസു--43), കരുനാഗപ്പള്ളി ആദിനാട് അമ്പാടിയിൽ കൃഷ്ണകുമാർ (44) എന്നിവരെയാണ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹൊസൂരിലുള്ള ഫ്ലാറ്റിൽ പരിശോധന നടത്തിയ അന്വേഷണസംഘമാണ് നോട്ടുകൾ പിടിച്ചെടുത്തത്. കള്ളനോട്ടടിക്കാനുള്ള ഇവരുടെ വൈദഗ്ധ്യം വിസ്മയിപ്പിക്കുന്നതാണെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. നോട്ട് നിർമിക്കാനുപയോഗിച്ച പേപ്പർ സെക്കന്തരാബാദിൽനിന്നാണ് പ്രതികൾ വാങ്ങിയിരുന്നത്. ഇവ A4 സൈസിൽ ആക്കി മൂന്ന് നോട്ടുകൾ വീതം അച്ചടിക്കുകയായിരുന്നു പതിവ്. രണ്ട് പേപ്പറുകൾക്ക് നടുവിൽ പ്ലാസിറ്റിക് ഷീറ്റുെവച്ച് ഇലക്ട്രിക് അയൺ ഉപയോഗിച്ച് ചൂടാക്കിയാണ് പ്രിൻറ് എടുത്തിരുന്നത്. ഗാന്ധിജിയുടെ ചിത്രവും വാട്ടർ മാർക്കും അതിവിദഗ്ധമായി ഇതിൽ ചേർക്കും. കള്ളനോട്ടുകൾ തിരിച്ചറിയുന്ന അൾട്രാവയലറ്റ് ലൈറ്റിൽ അല്ലാതെ ഈ വ്യാജനോട്ടുകൾ കണ്ടുപിടിക്കുക അസാധ്യമാണെന്ന് പൊലീസ് പറഞ്ഞു. നെടുങ്കണ്ടം മൈനർ സിറ്റി സ്വദേശി സുനിൽകുമാറാണ് കേസിലെ മുഖ്യ സൂത്രധാരൻ. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ആർട്ടിസ്റ്റാണ് ഇയാൾ. നെടുങ്കണ്ടം തുണ്ടിയിൽ (എറണാകുളം പൂണിത്തുറ ചമ്പക്കര അപ്പാർട്മെൻറ്) ജോജോ ജോസഫ് (30), ഭാര്യ അനുപമ (23) എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യം അറസ്റ്റ് ചെയ്യുന്നത്. കുട്ടിക്കാനത്തെ പമ്പിൽനിന്ന് പെേട്രാൾ അടിച്ചശേഷം കള്ളനോട്ടു നൽകി കാർ നിർത്താതെപോയ ഇവരെ വണ്ടിപ്പെരിയാർ ടൗണിൽ വാഹനം തടഞ്ഞാണ് പിടികൂടിയത്. പിന്നീട് ഇവർ നൽകിയ വിവരത്തിെൻറ അടിസ്ഥാനത്തിൽ ഇവർക്ക് കള്ളനോട്ടു നൽകിവന്ന മധുര ഉസിലംപെട്ടി കുറവക്കുടി വീരപാണ്ടി കിഴക്ക് തെരുവിൽ താമസക്കാരനായ അയ്യർ (40), മധുര കണ്ണദാസൻ തെരുവിൽ എസ്.എസ് കോളനിയിൽ താമസക്കാരനായ ഷൺമുഖസുന്ദരം (54) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇനി പിടിയിലാകാനുള്ളവരിൽ മൂന്നുപേർ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിക്കാത്തതിനാൽ ഒളിവിലാണ്. ഒരു ലക്ഷത്തിെൻറ ഒറിജിനൽ നോട്ടുകൾ നൽകുമ്പോൾ നാലുലക്ഷത്തിെൻറ കള്ളനോട്ട് ഇടനിലക്കാർക്ക് നൽകുകയായിരുന്നു ഇവർ ചെയ്തിരുന്നത്. ഇടനിലക്കാർ ഒരു ലക്ഷത്തിന് രണ്ടു ലക്ഷത്തിെൻറ കള്ളനോട്ടുകൾ വിതരണക്കാർക്ക് നൽകും. കൂടാതെ, ഒരു മേഖല കേന്ദ്രീകരിച്ച് കടകളിൽ കയറി ചില്ലറ സാധനങ്ങൾ വാങ്ങി നോട്ട് മാറിയെടുക്കുന്ന രീതിയും ഇവർക്കുണ്ടായിരുന്നു. ആന്ധ്ര, കർണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളിലെ സ്ഥലങ്ങളിലായിരുന്നു സംഘം നോട്ട് വിതരണം ചെയ്തിരുന്നത്. പല കള്ളനോട്ട് കേസുകളിൽ ഉൾപ്പെട്ടിരുന്ന പ്രതികൾ സുനിൽകുമാറിെൻറ നേതൃത്വത്തിൽ ഒത്തുചേർന്ന് പ്രവർത്തിക്കുകയായിരുന്നു. കേസിന് രാജ്യാന്തര ബന്ധമുണ്ടോയെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസിയും സമാന്തര അന്വേഷണം നടത്തുന്നുണ്ടെന്ന് എസ്.പി പറഞ്ഞു. ഡിവൈ.എസ്.പി എൻ.സി. രാജ്മോഹൻ, സി.ഐ റെജി എം. കുന്നിപ്പറമ്പൻ, എസ്.ഐമാരായ ജോബി തോമസ്, ബജിത് ലാൽ, എ.എസ്.ഐ സജിമോൻ ജോസഫ്, എസ്.സി.പി.ഒമാരായ തങ്കച്ചൻ മാളിയേക്കൽ, സതീഷ്കുമാർ, എസ്. സുബൈർ, േബസിൽ പി. ഐസക്, സി.പി.ഒ സലിൽ രവി എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.