കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുംമുേമ്പ ഇൗവർഷം കൂടുതൽ ജലം കൊണ്ടുപോകാനുള്ള പദ്ധതികളുമായി തമിഴ്നാട് ഉന്നത ഉദ്യോഗസ്ഥർ ശനിയാഴ്ച അണക്കെട്ട് സന്ദർശിച്ചു. അണക്കെട്ടുകളുടെ ചുമതലയുള്ള തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് മധുര സൂപ്രണ്ടിങ് എൻജിനീയർ ധനപാലെൻറ നേതൃത്വത്തിൽ എക്സിക്യൂട്ടിവ് എൻജിനീയർ ബാലസുബ്രഹ്മണ്യം, സബ് ഡിവിഷനൽ ഒാഫിസർ സാം ഇർവിൻ എന്നിവരാണ് അണക്കെട്ട് സന്ദർശിച്ചത്. അണക്കെട്ടിൽ നിലവിൽ 108.70 അടി ജലമാണുള്ളത്. സെക്കൻഡിൽ 75 ഘന അടി ജലം മാത്രമാണ് തമിഴ്നാട്ടിലേക്ക് തുറന്നുവിട്ടിട്ടുള്ളത്. മഴ ശക്തമാകുന്നതോടെ ജലനിരപ്പ് ഉയരാൻ കാത്തുനിൽക്കാതെ തമിഴ്നാട്ടിലേക്ക് കൂടുതൽ ജലം തുറന്നുവിടാനാണ് അധികൃതരുടെ തീരുമാനം. ആദ്യഘട്ടത്തിൽതന്നെ തേനി ജില്ലയിലെ വൈഗ, സോത്തുപ്പാറ ഉൾപ്പെടെ മുഴുവൻ ഡാമുകളും കൂറ്റൻ ജലസംഭരണ ടാങ്കുകളും നിറക്കുകയാണ് ലക്ഷ്യം. ജലനിരപ്പ് ഉയരുന്നതോടെ അതിർത്തിയിലെ പെൻ സ്റ്റോക്ക് പൈപ്പുകൾ വഴി ജലം തുറന്നുവിട്ട് ലോവർ ക്യാമ്പ് പവർ ഹൗസിൽ വൈദ്യുതി ഉൽപാദനവും പുനരാരംഭിക്കും. ജലനിരപ്പ് 142 അടിക്ക് മുകളിലെത്തി ഇടുക്കി ജലസംഭരണിയിലേക്ക് ജലം മുല്ലപ്പെരിയാറിൽനിന്ന് ഒഴുകാതിരിക്കാൻ ആവശ്യമായ മുന്നൊരുക്കം ചെയ്യാനാണ് ഉന്നത ഉദ്യോഗസ്ഥർ അണക്കെട്ടിലെ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. അണക്കെട്ടിലെത്തിയ തമിഴ്നാട് ഉദ്യോഗസ്ഥ സംഘം പ്രധാന അണക്കെട്ടിന് പുറമെ ബേബിഡാം, സ്പിൽവേ, ഗാലറി എന്നിവിടങ്ങളിലും സന്ദർശനം നടത്തി. അണക്കെട്ടിന് സമീപം സ്ഥാപിച്ച മഴമാപിനിയും മറ്റ് യന്ത്ര സംവിധാനങ്ങളും സംഘം പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.