കോട്ടയം: ഹൗസ് ബോട്ടുകൾക്ക് കർശന നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നു. ഇതിനു മുന്നോടിയായി ഹൗസ്ബോട്ടുകളുടെ പൂർണവിവരശേഖരണത്തിനും എണ്ണമെടുക്കലിനും ഒരുങ്ങുകയാണ് സംസ്ഥാന തുറമുഖവകുപ്പ്. അനധികൃതമായവ സർവിസ് നടത്തുന്നത് പൂർണമായും നിരോധിക്കാനും നീക്കമുണ്ട്. മാനദണ്ഡങ്ങൾ പാലിക്കാതെ സർവിസ് നടത്തുന്ന ബോട്ടുകൾ കരക്കുകയറ്റാനും ആലോചിക്കുന്നു. നിലവിൽ സർവിസ് നടത്തുന്ന ബോട്ടുകളുടെ എണ്ണം-കാലപ്പഴക്കം-ലൈസൻസ്-രജിസ്ട്രേഷൻ-മാലിന്യ സംസ്കരണ സംവിധാനം-നിർമാണത്തിലെ അപാകതകൾ എന്നിവയെല്ലാം പോർട്ട് ഡിപ്പാർട്മെൻറ് നടത്തുന്ന വിവരശേഖരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അനധികൃതമായി നിർമിച്ചവയും ലൈസൻസില്ലാതെ സർവിസ് നടത്തുന്നവയും കെണ്ടത്തുക എന്നതും ഇതിെൻറ ഭാഗമാണ്. സർക്കാറും പോർട്ട് ഡിപ്പാർട്മെൻറും നിഷ്കർഷിച്ചിട്ടുള്ള സുരക്ഷാക്രമീകരണങ്ങൾ ഇല്ലാതെ നിരവധി ഹൗസ്ബോട്ടുകൾ കായലിൽ ഉണ്ടെന്നും എന്നാൽ, നിശ്ചിത മാനദണ്ഡങ്ങൾപോലും പാലിക്കാൻ തയാറാകാതെ ഇവ ഇപ്പോഴും സർവിസ് തുടരുന്നതായും പോർട്ട് അധികൃതർ സർക്കാറിനു റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇത്തരം ഹൗസ്ബോട്ടുകൾ സർവിസ് നടത്തുന്നത് തടയുകയെന്നതും സെൻസസിെൻറ ഭാഗമാണെന്ന് പോർട്ട് ഡിപ്പാർട്മെൻറ് അധികൃതർ പറഞ്ഞു.ലൈസൻസില്ലാതെ സർവിസ് നടത്തുന്ന ബോട്ടുകൾ ആദ്യപടിയായി പിടിച്ചെടുക്കുന്നതടക്കമുള്ള നടപടിയും ഉണ്ടാകും. അനധികൃത ഹൗസ്ബോട്ടുകൾ വർധിക്കുന്നതിനാൽ കായൽ മലിനീകരണത്തിെൻറ തോത് ഗണ്യമായി ഉയർന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതടക്കം എല്ലാവിഷയങ്ങളും ചർച്ചചെയ്യാനും പുതിയ ടൂറിസം നയം നടപ്പാക്കാനുമായി ഹൗസ്ബോട്ട് ഉടമകളുടെ യോഗം ഉടൻ സർക്കാർ വിളിച്ചുചേർക്കും. സംസ്ഥാനത്ത് ഹൗസ്ബോട്ടുകളുെട നിർമാണത്തിനു സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. നിലവിൽ സംസ്ഥാനത്ത് 1200ലധികം ഹൗസ്ബോട്ടുകൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ, ഇതുസംബന്ധിച്ച് സർക്കാറിനും വ്യക്തതയില്ല. എന്നാൽ, 640ലധികം ബോട്ടുകൾക്കാണ് ലൈസൻസുള്ളത്. നാലു വർഷം മുമ്പ് പുതിയ ഹൗസ്ബോട്ടുകളുടെ നിർമാണം സർക്കാർ നിരോധിച്ചിരുന്നു. അതിനുശേഷവും അനധികൃതമായി നിരവധി ബോട്ടുകൾ നിർമിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.