തൊടുപുഴ: പീരുമേട്ടിൽ പോബ്സൺ ഗ്രൂപ് അനധികൃതമായി കൈവശംവെച്ചിരിക്കുന്ന സർക്കാർ ഭൂമി തിരിച്ചെടുത്തുകൊണ്ടുള്ള സ്പെഷൽ ഓഫിസർ എം.ജി. രാജമാണിക്യത്തിെൻറ ഉത്തരവ് നടപ്പായേക്കില്ല. സർക്കാറിനുമേൽ സി.പി.എമ്മിെൻറയും സംയുക്ത ട്രേഡ് യൂനിയെൻറയും സമ്മർദം മുറുകിയ സാഹചര്യത്തിലാണിത്. ഒമ്പത് എസ്റ്റേറ്റിലായി ആകെ 9327 ഏക്കറിൽ 6312 ഏക്കറാണ് ഏറ്റെടുത്തത്. ശേഷിച്ച 3015 ഏക്കറിൽ നടപടിക്രമം പൂർത്തിയായെങ്കിലും കമ്പനി സ്റ്റേ വാങ്ങിയിരിക്കുകയാണ്. പോബ്സൺ നൽകുന്ന വിശദീകരണം കണക്കിലെടുത്തും തൊഴിൽ നഷ്ടം ചൂണ്ടിക്കാട്ടിയും ഏറ്റെടുക്കൽ മരവിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകുമെന്നാണ് സൂചന. നിയമപരമായ ഇടപെടൽ സാധ്യമാകാതെ വന്നാൽ തുടർനടപടികളിൽ 'കണ്ണടക്കാ'നാകും തീരുമാനം. തോട്ടം ഏറ്റെടുത്തും ഒഴിയാൻ 15 ദിവസം നൽകിയും നൽകിയ നോട്ടീസിെൻറ കാലാവധി അടുത്ത വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, സംയുക്ത ട്രേഡ് യൂനിയനുകളുടെ നിവേദനം മുൻനിർത്തിയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രോവിഡൻറ് ഫണ്ട് കമീഷണറുടെ ലേല നടപടിയിലൂടെ തിരുവല്ല ആസ്ഥാനമായ പോബ്സൺ ഗ്രൂപ്പാണ് ഇപ്പോൾ ഭൂമി കൈവശംവെച്ചിട്ടുള്ളത്. സെെൻറാന്നിന് വെറും 150 രൂപക്കാണ് നിയമവിധേയമല്ലാത്ത ലേലത്തിലൂടെ കമ്പനി ഭൂമി സ്വന്തമാക്കിയത്. സെൻറിന് 5000 മുതൽ 8000 രൂപവരെ ഇൗ പ്രദേശത്ത് വിലയുണ്ടായിരിക്കെയായിരുന്നു, തുച്ഛ വിലയ്ക്ക് കമ്പനി ഭൂമി കരസ്ഥമാക്കിയത്. അനധികൃതമായാണ് ഭൂമി കൈമാറ്റം ചെയ്തതെന്നും സർക്കാർ ഭൂമി നിയമ വിരുദ്ധമായി കൈവശംവെച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് സ്പെഷൽ ഒാഫിസർ ഏറ്റെടുക്കൽ നടപടി സ്വീകരിച്ചത്. ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് സാധുവായ രേഖകളൊന്നും ഹാജരാക്കാൻ ഇപ്പോഴത്തെ കൈവശക്കാർക്കും കഴിഞ്ഞിട്ടില്ലെന്നും രാജമാണിക്യത്തിെൻറ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഷ്റഫ് വട്ടപ്പാറ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.