പ്രസംഗങ്ങളിലെ നർമം പുസ്തകമാക്കാനുള്ള സുഹൃത്തുക്കളുടെ ആഗ്രഹം ബാക്കി

കോട്ടയം: പ്രസംഗങ്ങളിലെ നർമം പുസ്തകമാക്കാനുള്ള സുഹൃത്തുക്കളുടെ മോഹം ബാക്കിയാക്കി ഉഴവൂർ വിജയൻ വിടവാങ്ങി. സംസ്ഥാനമൊട്ടാകെ നടത്തിയ പ്രസംഗങ്ങളിൽനിന്നുള്ള നർമഭാഗങ്ങൾ ക്രോഡീകരിച്ച് പുസ്തകമാക്കാനുള്ള ആഗ്രഹം ആദ്യമായി ഉഴവൂരിനോട് പറയുന്നത് സി.കെ. ജീവൻ സ്മാരക ട്രസ്റ്റ് സെക്രട്ടറി കുര്യൻ തോമസ് കരിമ്പനത്തറയിൽ ആണ്. ആദ്യം ഇതിനോട് ഗൗരവമായി പ്രതികരിക്കാതിരുന്ന ഉഴവൂർ പിന്നീടൊരു ദിവസം സമ്മതം പറയുകയായിരുന്നു. ചില വിഷയങ്ങളിലെ പ്രസംഗം പുസ്തകത്തിനുവേണ്ടി കുര്യൻ തോമസി​െൻറ മുന്നിൽ അവതരിപ്പിക്കാനും അദ്ദേഹം തയാറായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് പുസ്തകത്തിനുള്ള തയാറെടുപ്പുകൾ പൂർത്തീകരിച്ചിരുന്നു. ഓരോ പേജിലും ആവശ്യമായ കാരിക്കേച്ചറുകൾ പ്രസന്നൻ ആനിക്കാടാണ് തയാറാക്കിയത്. സോണിയ ഗാന്ധിവരെ 'നർമക്കത്തി'ക്കിരയായത് പുസ്തകത്തിലുണ്ട്. ഉഴവൂരി​െൻറ സുഹൃത്തുകൂടിയായ കുര്യൻ തോമസ് സെക്രട്ടറിയായ സി.കെ. ജീവൻ സ്മാരക ട്രസ്റ്റി​െൻറ ചുമതലയിലായിരുന്നു പ്രവർത്തനം. എന്നാൽ, യു.ഡി.എഫ് നേതാക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള നർമപരാമർശങ്ങൾ പുസ്തകത്തിലുള്ളതിനാൽ തെരഞ്ഞെടുപ്പുസമയത്ത് പ്രസിദ്ധീകരിക്കുന്നത് ഒഴിവാക്കാൻ ട്രസ്റ്റ് തീരുമാനിച്ചതാണ് പുറത്തിറങ്ങുന്നത് താൽക്കാലികമായി മുടങ്ങിയത്. മലയാളികളെ പക്ഷഭേദമില്ലാതെ കുടുകുടെ ചിരിപ്പിച്ച ആധുനികകാലത്തെ രാഷ്ട്രീയനേതാവി​െൻറ ഓർമക്കുള്ള അടയാളമായി ഈ ചിരിപ്പുസ്തകം പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് അണിയറക്കാർ. ഇതുതന്നെയാണ് ഉഴവൂർ വിജയൻ എന്ന വാഗ്വിലാസ പ്രതിഭക്ക് നൽകാനുള്ള അക്ഷരനഗരിയുടെ ആദരവ് എന്ന വിശ്വാസത്തിലാണ് കുര്യൻ തോമസും സുഹൃത്തുക്കളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.