നെടുങ്കണ്ടം: നഗരത്തിൽ പാതയോരത്തെ കൈയേറ്റങ്ങൾ ഒഴിപ്പിച്ചുതുടങ്ങിയ പഞ്ചായത്ത് നടപടിക്ക് സർവകക്ഷിയോഗത്തിെൻറ പിന്തുണ. നെടുങ്കണ്ടം ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കാൻ പഞ്ചായത്ത് കൈയേറ്റങ്ങൾ ഒഴിപ്പിച്ചുതുടങ്ങിയതോടെ എതിർപ്പുമായി ചിലർ രംഗത്തെത്തി. തുടർന്നാണ് വെള്ളിയാഴ്ച സർവകക്ഷിയോഗം ചേർന്നത്. മൂന്നു ദിവസമായി ടൗൺ നവീകരണത്തിെൻറ ഭാഗമായി വ്യാപാരസ്ഥാപനങ്ങൾക്ക് മുന്നിലും സംസ്ഥാനപാതയോരം കൈയേറി സ്ഥാപിച്ച പരസ്യബോർഡുകളും നടപ്പാത കൈയേറി നിർമിച്ച കെട്ടിടഭാഗങ്ങളും അനധികൃതമായി സ്ഥാപിച്ച ബോർഡുകളും മറ്റുമാണ് പൊളിച്ചുമാറ്റുന്നത്. സർവകക്ഷിയോഗത്തിൽ ധാരണയായതോടെ എല്ലാ അനധികൃതനിർമാണങ്ങളും പഞ്ചായത്ത് പൊളിച്ചുനീക്കും. കാലാവസ്ഥ കണക്കിലെടുത്ത് കടകളുടെ മുന്നിൽ പഞ്ചായത്തിെൻറ അനുമതിയോടെ ഏകീകൃത രീതിയിൽ ഷെയ്ഡുകളും ബോർഡുകളും നിർമിക്കുന്നതിനെക്കുറിച്ച് വ്യാപാരികൾ മുന്നോട്ടുവെച്ച നിർദേശം പൊളിച്ചുനീക്കൽ കഴിഞ്ഞ് തീരുമാനിക്കാനും ധാരണയായി. പഞ്ചായത്ത് നടപടിയിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാദപ്രതിവാദങ്ങളാണ് സർവകക്ഷിയോഗത്തിൽ ഉണ്ടായത്. എന്നാൽ, നടപടി തുടരണമെന്ന പൊതുവികാരമാണ് ഉണ്ടായത്. ട്രാഫിക് അഡ്വൈസറി യോഗത്തിൽ പൊളിച്ചുനീക്കലിനെക്കുറിച്ച് പഞ്ചായത്ത് പ്രസിഡൻറും സെക്രട്ടറിയും വ്യക്തതവരുത്തിയില്ലെന്നും യോഗത്തിൽ അരോപണമുയർന്നു. തുടർന്ന് പഞ്ചായത്ത് സെക്രട്ടറി പി.വി. ബിജു ട്രാഫിക് അഡ്വൈസറി യോഗത്തിെൻറ മിനിറ്റ്സ് യോഗത്തിൽ അവതരിപ്പിച്ചു. ട്രാഫിക് അഡ്വൈസറി യോഗത്തിെൻറ തീരുമാനം നടപ്പാക്കേണ്ടതാണെങ്കിലും പഞ്ചായത്ത് അവലംബിച്ച രീതി ശരിയായില്ലെന്നും സ്വയം പൊളിച്ചുനീക്കാൻ വ്യാപാരികൾക്ക് സമയം നൽകേണ്ടിയിരുന്നെന്നും അഭിപ്രായമുണ്ടായി. എന്നാൽ, പൊതുനോട്ടീസും മാധ്യമങ്ങളിലൂടെ അറിയിപ്പും നൽകിയ ശേഷമാണ് നടപടിയെടുത്തതെന്നും സെക്രട്ടറി വിശദീകരിച്ചു. കെട്ടിടഭാഗങ്ങൾ പൊളിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരികൾ വ്യാഴാഴ്ച രാവിലെ പഞ്ചായത്ത് ഉപരോധിച്ചിരുന്നു. വ്യാപാരികളുടെ രേഖാമൂലമുള്ള ആവശ്യപ്രകാരമാണ് സർവകക്ഷിയോഗം പഞ്ചായത്ത് വിളിച്ചത്. പഞ്ചായത്തിെൻറ ഒത്താശയോടെയാണ് അനധികൃത കൈയേറ്റവും നിർമാണവുമെന്ന ആക്ഷേപത്തിനൊടുവിലാണ് ഒരുവിഭാഗം വ്യാപാരികളുടെ എതിർപ്പ് അവഗണിച്ച് ഭരണസമിതിയുടെ തീരുമാനം. ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയിൽ എടുത്ത തീരുമാനങ്ങൾ നടപ്പാക്കാനുള്ള ശ്രമമാണ് പുതിയ പഞ്ചായത്ത് സെക്രട്ടറി പി.വി. ബിജുവിെൻറ നേതൃത്വത്തിൽ ഭരണസമിതി നെടുങ്കണ്ടത്ത് നടപ്പാക്കിവരുന്നത്. ഇതിന് പൊതുജന പിന്തുണയുമുണ്ട്. വെള്ളിയാഴ്ച അനധികൃത കൈയേറ്റം ഒഴിപ്പിക്കലിനോടൊപ്പം നെടുങ്കണ്ടം ടൗണിലെ റോഡിനിരുവശത്തായി കുന്നുകൂടിയ മണ്ണ് യന്ത്രം ഉപയോഗിച്ച് വൃത്തിയാക്കുന്ന നടപടിയും ആരംഭിച്ചു. പടിഞ്ഞാേറ കവലയിൽനിന്നാണ് റോഡിലെ മണ്ണും മറ്റ മാലിന്യവും മാറ്റാൻ ആരംഭിച്ചത്. റോഡിൽനിന്ന് ഓടയിലേക്ക് തുറക്കുന്ന സുഷിരങ്ങൾ അടഞ്ഞിരുന്നതിനാൽ മഴപെയ്താൽ റോഡിൽ വെള്ളക്കെട്ട് പതിവാണ്. കിഴക്കേക്കവലയിൽ പൊലീസ് സ്റ്റേഷൻ പരിസരംവരെ റോഡിനിരുവശവും വൃത്തിയാക്കാനാണ് തീരുമാനമെന്നും സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ജ്ഞാനസുന്ദരം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് റാണി തോമസ്, അംഗങ്ങളായ ശ്യാമള വിശ്വനാഥൻ, കെ.ആർ. സുകുമാരൻ നായർ, ഷിഹാബുദ്ദീൻ ഇട്ടിക്കൽ, അജീഷ് മുതുകുന്നേൽ, രാഷ്ട്രീയകക്ഷി നേതാക്കളായ എം. സുകുമാരൻ, നൗഷാദ് ആലുംമൂട്ടിൽ, എം.എസ്. ഷാജി, അനിൽ കട്ടൂപ്പാറ, എം.എൻ. ഗോപി, വ്യാപാരി വ്യവസായി ഭാരവാഹികളായ ജയിംസ് മാത്യു, ആർ. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. മാലിന്യസംസ്കരണത്തിന് സ്ഥലം അളന്നുതിരിച്ചു പീരുമേട്: ഗ്രാമപഞ്ചായത്തിന് മാലിന്യസംസ്കരണ പ്ലാൻറ് നിർമിക്കാൻ റവന്യൂ വകുപ്പ് സ്ഥലം അളന്നുതിരിച്ചു. കുട്ടിക്കാനത്തിന് സമീപം ബൈസൻവാലിയിലാണ് മൂന്ന് ഏക്കർ സ്ഥലം നൽകുന്നത്. ദേശീയപാതവക്കിൽ മത്തായിക്കൊക്കയിലാണ് പഞ്ചായത്ത് മാലിന്യം തള്ളുന്നത്. ഈ മേഖല മലിനമാക്കുകയും മാലിന്യം അഴുതയാറ്റിൽ ഒഴുകിയെത്തി തുടർന്ന് പമ്പയിൽ എത്തുന്നതും പരാതികൾക്ക് ഇടവരുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.