പന്തളം: പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയ കൂരയിൽ എബ്രഹാമിനും അന്നമ്മക്കും രാത്രി ഉറക്കമില്ല. കാറ്റും മഴയും കള്ളന്മാരെയും ഭയന്ന് അടച്ചുറപ്പില്ലാത്ത വീട്ടിനുള്ളിൽ നാലു പെൺമക്കൾക്ക് കാവലിരിക്കുകയാണ് ഇവർ. തുമ്പമൺ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ പമ്പുമഠത്തിൽ എബ്രഹാമിനും കുടുംബത്തിനുമാണ് ഈ ദുരവസ്ഥ. കേൾവിശക്തയില്ലാത്ത എബ്രഹാം ജോലിക്കുപോകാൻ കഴിയാത്തയാളാണ്. അന്നമ്മ ഹോട്ടലിൽ പണിക്കുപോയി കിട്ടുന്ന കൂലികൊണ്ടാണ് ഇവിടെ അടുപ്പു പുകയുന്നത്. മൂത്തമകളായ ബൻസി നഴ്സിങ്ങിനും രണ്ടാമത്തെ മകൾ ജിൻസി ഒമ്പതാം ക്ലാസിലും മൂന്നാമത്തെ മകൾ ആൻസി എട്ടാം ക്ലാസിലും ഇളയമകൾ ലിൻസി ആറാം ക്ലാസിലും പഠിക്കുന്നു. ഇവരുടെ പഠനച്ചെലവും മറ്റും അന്നമ്മയുടെ തോളിലാണ്. ഒന്നുമില്ലെങ്കിലും സുരക്ഷിതമായി തലചായ്ക്കാനൊരിടം, ഇതുമാത്രമാണ് ഇവരുടെ ആഗ്രഹം. കാലപ്പഴക്കം ചെന്ന വീട് ഇടിഞ്ഞുവീണിട്ട് നാളെറെയായി. ഇപ്പോൾ താൽക്കാലിക ഷെഡിലാണ് താമസം. കാറ്റും മഴയും വന്നാൽ നിലംപൊത്താവുന്ന കൂരയിൽ ജീവൻ പണയംവെച്ചുള്ള താമസം. തുമ്പമൺ ഗ്രാമപഞ്ചായത്ത് ആശ്രയ പദ്ധതിയിൽ അനുവദിച്ച രണ്ടുലക്ഷം രൂപകൊണ്ട് കുടുംബശ്രീ സി.ഡി.എസും വാർഡുതല എ.ഡി.എസും ചേർന്ന് വീട് പണിതുനൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡൻറ് സഖറിയ വർഗീസ് പറഞ്ഞു. എന്നാൽ, ഈ തുകകൊണ്ട് പണിപൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ നാട്ടുകാരുടെയും സഹായം തേടുകയാണ് കുടുംബശ്രീയുടെ ലക്ഷ്യം. കേരള ഗ്രാമീൺ ബാങ്കിെൻറ തുമ്പമൺ ശാഖയിൽ പണം സമാഹരിക്കാനായി അക്കൗണ്ട് തുറന്നിട്ടുണ്ട്. നമ്പർ -40370101018909 ഐ.എഫ്.എസ്.സി KLGB 0040370
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.